തിരുവനന്തപുരം: പൊലീസ് എന്ന് കേട്ടാല്‍ അല്ലെങ്കില്‍ പൊലീസ് സ്റ്റേഷനെന്ന് കേട്ടാല്‍ തന്നെ ഇപ്പോഴും പലര്‍ക്കും ഇടപെല്‍ അത്ര സുഖകരമായിരിക്കില്ലെന്ന ചിന്താഗതിയുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പൊലീസില്‍ പരാതി നല്കാന് പോലും പലരും മടിക്കുകയും പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കുകയോ വഷളാക്കുകയോ ചെയ്യും.
പൊലീസ് ഇടപെടേണ്ട കാര്യങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക. പൊലീസ് സ്റ്റേഷനില്‍ പോകാനുള്ള മടി എന്ന പ്രശ്നത്തിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പൊലീസ്.
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി.
പുതിയ സംവിധാനത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന് പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില് അതുകൂടി അപ്ലോഡ് ചെയ്യാവുന്നതാണ്.
അടുത്തതായി, ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്കി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷന് മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്കുവാന് ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും. പോല്‍ ആപ്പ് പ്ളേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |