തിരുവനന്തപുരം:വേനൽ കടുക്കുന്നതിന് മുമ്പ് പ്രതിദിനം 100 ദശലക്ഷം യൂണിറ്റ് കടന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.ഇന്നലെ 100.16ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. 5031മെഗാവാട്ട്.കഴിഞ്ഞ വർഷം ഏപ്രിൽ 18നാണ് ഇതിന് മുമ്പ് അമിത വൈദ്യുതി ഉപഭോഗമുണ്ടായത്. 5024മെഗാവാട്ട്.
അപ്രതീക്ഷിതമായുണ്ടായ ആവശ്യം മറികടക്കാൻ ജലവൈദ്യുതി ഉൽപാദനം 16.59ദശലക്ഷത്തിൽ നിന്ന് 19.12ദശലക്ഷം യൂണിറ്റായി കൂട്ടി. 33.71 ദശലക്ഷം കേന്ദ്ര ഗ്രിഡിലും 43.61ദശലക്ഷം യൂണിറ്റ് കരാർ പ്രകാരവും സംഘടിപ്പിച്ചു. 4 ദശലക്ഷം യൂണിറ്റ് അമിതവിലയ്ക്ക് പൊതു വിപണിയിൽ നിന്ന് വാങ്ങേണ്ടിയുംവന്നു. ഇന്നലെ ചൂട് 4 ഡിഗ്രി സെൽഷ്യസ് വരെ കൂടിയിരുന്നു. എട്ട് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. എ.സി,കൂളർ,ഫാൻ എന്നിവയുടെ ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപഭോഗം കൂട്ടിയത്.
ജലവൈദ്യുതി ഉൽപാദനം കൂട്ടുന്നത് വൈദ്യുതി കമ്മി വർദ്ധിക്കാൻ ഇടവരുത്തുമെന്ന് ആശങ്കയുണ്ട്. അണക്കെട്ടുകളിൽ 52ശതമാനം ജലമാണ് കരുതലുള്ളത്. അമിതവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധി കടുപ്പിക്കുമെന്നും സഹായം വേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |