SignIn
Kerala Kaumudi Online
Sunday, 28 April 2024 1.10 AM IST

'2050 ആകുമ്പോഴേക്കും ഒരു കോടി പേർ മരിക്കും'; ആരോഗ്യവും ജീവനും അപകടത്തിലാക്കുന്ന ആ ശീലം മലയാളികൾക്കുമുണ്ട്

antibiotics

സ്വയം വൈദ്യൻ ചമയുന്നത് പണ്ടേയുള്ളൊരു മലയാളിശീലമാണ്. ജലദോഷപ്പനിക്കും ചുമയ്ക്കും മാത്രമല്ല,​ കടുത്ത രോഗങ്ങൾക്കു പോലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നേരിട്ടു ചെന്ന് ലക്ഷണം പറഞ്ഞ് മരുന്നു വാങ്ങുന്നവരാണ് വലിയൊരു കൂട്ടർ. ഒരസുഖത്തിന് തനിക്ക് ഡോക്ടർ കുറിച്ചുനൽകിയ മരുന്ന്,​ അയൽക്കാർക്കും കൂട്ടുകാർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം സ്വയം പ്രിസ്ക്രൈബ് ചെയ്യുകയും ചെയ്യും! എന്നാൽ സാധാരണ മരുന്നുകളെപ്പോലെയല്ല,​ ആന്റബയോട്ടിക്കുകളുടെ സ്ഥിതി.

അവയിൽ പലതും വളരെ വീര്യം കൂടിയവയും തുടർച്ചയായ ഉപയോഗം ഗുരുതര പാർശ്വഫലങ്ങൾക്ക് ഇടയാക്കുന്നതുമായിരിക്കും. ഓരോരുത്തരുടെയും രോഗസ്ഥിതിയും പ്രായവും ആരോഗ്യവും അലർജി സാദ്ധ്യതയും മറ്റും വിലയിരുത്തിയായിരിക്കും ഡോക്ടർ ആ രോഗിക്ക് ഒരു പ്രത്യേക ആന്റിബയോട്ടിക് നിർദ്ദേശിച്ചിരിക്കുക. അതൊന്നും പരിഗണിക്കാതെ കുറേനാളിനു ശേഷം വീണ്ടും അതേ മരുന്നു വാങ്ങി ഉപയോഗിക്കുകയോ,​ അതേ രോഗത്തിന് മറ്റൊരാൾക്ക് അത് ഉപദേശിച്ചുകൊടുക്കുകയോ ചെയ്യുന്നതിലെ അപകടം നമുക്ക് ഊഹിക്കാവുന്നതിലും വലുതാണ്.

ചെറിയ അസുഖങ്ങൾക്കു പോലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ തന്നെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് നമ്മുടെ പൊതുശീലമാണ്. ലോകമെങ്ങും ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം വർദ്ധിച്ചുവരികയുമാണ്. അശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗം കാരണമുള്ള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന ഗുരുതര ശാരീരികസ്ഥിതി കാരണം 2050 ആകുമ്പോഴേക്ക് ലോകത്ത് ഒരുകോടി പേർ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

തുടർച്ചയും അനിയന്ത്രിതവുമായ ആന്റിബയോട്ടിക് ഉപയോഗം കാരണം, രോഗകാരികളായ അണുജീവികൾ മരുന്നുകളെ അതിജീവിക്കാൻ ശേഷി കൈവരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇത്. ലോകമെങ്ങും ഇതേക്കുറിച്ചുള്ള ബോധവത്കരണം കുറച്ചു വർഷങ്ങളായി നടക്കുന്നുണ്ട്.

ആ വഴിക്കുള്ള കേരളത്തിന്റെ നീക്കമാണ്,​ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും ലൈസൻസ് റദ്ദാക്കാൻ ആരോഗ്യവകുപ്പ് നേരത്തേ തന്നെ കൈക്കൊണ്ട തീരുമാനം. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ട്ക് ഔഷധങ്ങൾ നൽകുന്നതല്ലെന്ന അറിയിപ്പ് സ്റ്റോറുകളിൽ പ്രദർശിപ്പിക്കണം. പെട്ടെന്ന് തിരിച്ചറിയാൻ ആന്റിബയോട്ടിക്കുകൾ നീല കവറിൽ നൽകുന്നതിനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

അതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ്,​ ആന്റിബയോട്ടിക് നിയന്ത്രണം ജില്ലാ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ജില്ലാതല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾക്കായി പുറപ്പെടുവിച്ച പ്രവർത്തന മാർഗരേഖ. ബോധവത്കരണത്തിനു പുറമേ,​ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ്,​ ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി,​ സ്റ്റ്യുവാർഡ്ഷിപ്പ് കമ്മിറ്റി,​ സ‌ർജിക്കൽ സേഫ്ടി ചെക്ക്ലിസ്റ്ര് തുടങ്ങിയവയൊക്കെ മാർഗരേഖയിലുണ്ട്.

ലോകത്തു തന്നെ മരുന്നുകളുടെ ഉപഭോഗം ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. രാജ്യത്ത്, അക്കാര്യത്തിൽ ഒന്നാംസ്ഥാനം കേരളത്തിനും! പ്രതിവർഷം 15,000 കോടി രൂപയുടെ മരുന്ന് മലയാളികൾ തിന്നുന്നുണ്ടെന്നാണ് കണക്ക്. ഈ മരുന്നുകളിൽ വലിയൊരു പങ്ക് ആന്റിബയോട്ടിക്കുകൾ ആണുതാനും! സർക്കാർ തലത്തിലെ ബോധവത്കരണവും,​ നിയന്ത്റണ നടപടികളും ആ വഴിക്കു നടക്കട്ടെ. ഒരു നിയന്ത്രണവുമില്ലാത്ത ആന്റിബയോട്ടിക് ഉപയോഗത്തിലൂടെ ആരോഗ്യവും ജീവനും സ്വയം അപകടത്തിലാക്കുന്ന വിചിത്ര വൈരുദ്ധ്യത്തെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കേണ്ടതും,​ അനാവശ്യ മരുന്ന് ഉപയോഗത്തിന് കർശന നിയന്ത്റണം വരുത്തേണ്ടതും നമ്മൾ തന്നെയാണ്. മരുന്നുകളെ അതിജീവിച്ച് രോഗാണുക്കൾ മനുഷ്യരെ കീഴ്പ്പെടുത്തുന്ന അത്യന്തം അപകടകരമായ സ്ഥിതി സംജാതമാകാൻ നമ്മൾ തന്നെ വഴിയൊരുക്കരുത്. അത്,​ സ്വന്തം മരണം സ്വയം നിശ്ചയിക്കുന്നതിനു തുല്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, KERALA, ANTIBIOTIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.