SignIn
Kerala Kaumudi Online
Saturday, 27 April 2024 11.36 PM IST

ഇന്ത്യയിൽ ഇതുവരെ ആ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് കോൺഗ്രസിന് മാത്രം, അത് പഴങ്കഥയാക്കാൻ ഒരുങ്ങി മോദിയും ബിജെപിയും, സ്വീകരിക്കുന്നത് രാജക്കന്മാരുടെ അതേ തന്ത്രം

modi

പണ്ട് കാലത്ത് തങ്ങളുടെ ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമറിയാൻ രാജാക്കന്മാർ ചാരന്മാരെ നിയോഗിച്ചിരുന്നു. വേഷത്തിലും ഭാവത്തിലും പ്രവൃത്തിയിലും സാധാരണക്കാരിൽ ഒരാളായി നാട്ടുകാർക്കൊപ്പംകൂടുന്ന അവർ നൽകുന്ന വിവരങ്ങൾ എല്ലാം അണുവിട തെറ്റിയിരുന്നില്ല. അതിനനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിരുന്ന രാജാക്കന്മാർക്ക് എന്നും ജനമനസുകളിൽ സ്ഥാനമുണ്ടായിരുന്നു. അല്ലാത്തവരുടെ ഭരണത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇക്കാര്യം നന്നായി അറിയാവുന്നവരാണ് ഇന്ത്യൻ പ്രധാമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയായ ബിജെപിയും. ജനമനസുകളിലെ അഭിപ്രായം വ്യക്തമായി അറിഞ്ഞ് ചെറിയ കാര്യങ്ങൾ പോലും അതനുസരിച്ച് മാറ്റുന്നതിൽ മോദിയും കൂട്ടരും കാണിക്കുന്ന ശ്രദ്ധതന്നെയാണ് അവരുടെ വച്ചടിവച്ചടിയുള്ള കയറ്റത്തിന് കാരണവും. കൊലകൊമ്പൻമാരുൾപ്പടെ നിലവിലെ ഇരുപത്തൊന്നുശതമാനം എംപിമാർക്ക് സീറ്റ് നൽകാൻ ബിജെപി തയ്യാറാകാതിരുന്നതും അധികാരം തീരാൻ മാസങ്ങൾ മാത്രം ബാക്കിയുളളപ്പോൾ മുഖ്യമന്ത്രിമാരെ മാറ്റിപ്പരീക്ഷിക്കാൻ അവർക്ക് ധൈര്യം നൽകുന്നതും ഇതാണ്.

modi1

നമോ ആപ്പ്

നമോ ആപ്പാണ് ജനഹിതമറിയാൻ ബിജെപിയെ സഹായിക്കുന്നത്. രണ്ടുകോടിയോളം ആക്ടീവ് യൂസേഴ്സ് ഉള്ള ഈ ആപ്പാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കാനും ജനങ്ങളുടെ ഫീഡ് ബാക്ക് ശേഖരിക്കാനും പാർട്ടിയെ സഹായിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 19 നാണ് നമോ ആപ്പിലൂടെ ജൻ മൻ സർവേ നടത്തിയത്.കേന്ദ്രസർക്കാരിന്റെയും എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെയും പ്രകടനത്തെക്കുറിച്ചുള്ള നിരവധി ലഘു ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിലൂടെ പാർട്ടിക്കും സർക്കാരിനും ലഭിച്ചത് വിലപ്പെട്ട നിർദ്ദേശങ്ങളായിരുന്നു. അതനുസരിച്ചാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ചതുപോലും. നേരത്തേ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുകളിലും സമാന രീതിയിൽ സർവേ നടത്തിയിരുന്നു. ഇതിലൂടെ എവിടെയൊക്കെ തങ്ങൾ അധികാരത്തിൽ എത്തുമെന്ന് പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഫലം വന്നപ്പോൾ അത് അണുവിട തെറ്റിയതുമില്ല. ഫീഡ്ബാക്ക് മാത്രമല്ല പാർട്ടിയിലേക്ക് യുവ വോട്ടർമാരെ എത്തിക്കുന്നതിനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ഈ ആപ്പ് ഉപയോഗിക്കുന്നു.

ചെറുതല്ല ലക്ഷ്യം

ഭരണത്തുടർച്ചയ്‌ക്കൊപ്പം നാനൂറുസീറ്റുകൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് മുന്നേറുന്നത്. കഴിഞ്ഞതവണ പരാജയപ്പെട്ട സീറ്റുകൾ കൂടി കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സീറ്റുകൾ കൂടി അതിൽ ഉൾപ്പെടും. ഈ സീറ്റുകളിൽ വിജയിക്കാനാവുംവിധം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് സംഘടനാ ചുമതലയുള്ളവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മറ്റുപാർട്ടി നേതാക്കളെ സ്വന്തം പാളയത്തിൽ എത്തിക്കുന്നതുൾപ്പടെ ഇതിന്റെ ഭാഗമാണ്.ലോക്‌സഭയിൽ കാേൺഗ്രസ് മാത്രമാണ് ഇതുവരെ നാനൂറ് സീറ്റ് നേടിയത്. 1984ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ 404 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി അധികാരത്തിൽ എത്തുന്നതുവരെ, ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ പാർട്ടിയെന്ന റെക്കോർഡും കോൺഗ്രസിനായിരുന്നു.

modi2

സുതാര്യത, ഇടപെടൽ, ഏകോപനം

സുതാര്യത, ആശയവിനിമയം, ഇടപെടൽ, ഏകോപനം എന്നിവയാണ് പാർട്ടി പ്രത്യയശാസ്ത്രത്തിന്റെ പ്രധാന ഘടകങ്ങളെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.'ഇത് നമോ ആപ്പിലൂടെ വളരെ പ്രായോഗികമാണ്. ഇവിടെ വോട്ടർമാർക്ക് അവരുടെ അഭിപ്രായം അറിയിക്കാൻ കഴിയും. പാർട്ടി അത് ഗൗരവമായി എടുക്കുന്നു. ബിജെപി ഒരു പുരോഗമന പാർട്ടിയാണ്. മികച്ച ഭരണത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഞങ്ങളുടെ മുൻഗണനയാണ്- അദ്ദേഹം പറഞ്ഞു.

കണ്ട് പഠിക്കണം മറ്റുപാർട്ടികൾ

വോട്ടുനേടാൻ സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യയും കൂടിയേ തീരൂ എന്ന് നന്നായി മനസിലാക്കിയ പാർട്ടിയാണ് ബിജെപി. പ്രത്യേകിച്ചും യുവ വോട്ടർമാരെയാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്. കോൺഗ്രസ് ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. ആവശ്യത്തിന് ഫണ്ടില്ല എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കേരളത്തിൽ മാത്രമാണ് ഭരണമുള്ളതെങ്കിലും സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യയും കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ സി പി എം ഏറെ മുന്നിലാണ്.

മോദിയുടെ ഗ്യാരണ്ടി

ബിജെപിയുടെ മുഖം പ്രധാനമന്ത്രി മോദി തന്നെയാണ്. അതിന് പകരം വയ്ക്കാൻ പറ്റിയ ഒന്നും ഇപ്പോൾ പാർട്ടിയിൽ ഇല്ല. 'മോദി കി ഗ്യാരണ്ടി' എന്ന മുദ്രാവാക്യം ലോക്‌സഭാ പ്രചാരണത്തിനുള്ള മറ്റൊരു ശക്തമായ പ്രചരണോപാധിയാണ്. ഇത് മികച്ച വിജയത്തിലേക്ക് ബിജെപിയെ നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്തരത്തിൽ ശക്തമായ മുദ്രാവാക്യം ഉയർത്താൻ മറ്റുപാർട്ടികൾക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAMO APP, MODI, BJP, HELPING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.