SignIn
Kerala Kaumudi Online
Saturday, 27 April 2024 11.20 AM IST

'തല'യുടെ പടയുടെ തലപ്പൊക്കം

chennai

ആറാം ഐ.പി.എൽ കിരീട‌ം തേടി ചെന്നൈ സൂപ്പർ കിംഗ്സ്

ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചുവട്ടം കിരീടം നേടി എന്നതുമാത്രമല്ല അവരുടെ ശക്തിയുടെ തെളിവ്. കളിക്കളത്തിലായാലും പുറത്തായാലും നേരിടുന്ന തിരിച്ചടികളെ അതിജീവിച്ച് തിരിച്ചെത്താനുള്ള ഫീനിക്സ് പവറാണ് സൂപ്പർ കിംഗ്സിനെ ശരിക്കും സൂപ്പറാക്കുന്നത്. ഒത്തുകളി ആരോപണത്തെത്തുടർന്നുള്ള വിലക്ക് കഴിഞ്ഞ് 2018ൽ നേരേ വന്നുകയറിയത് കിരീടത്തിലേക്കാണ്. 2022ൽ ഒൻപതാം സ്ഥാനക്കാരായി ഗ്രൂപ്പ് സ്റ്റേജിൽ ഫിനിഷ് ചെയ്തിരുന്ന ടീം 2023ൽ ചാമ്പ്യന്മാരായി. അങ്ങനെ ഏത് താഴ്ചകളിൽ നിന്നും വീണ്ടും ഉയരത്തിലെത്താനുള്ള ആത്മവിശ്വാസം തന്നെയാണ് ഈ സീസണിലും സി.എസ്.കെയുടെ കരുത്ത്. പത്ത് സീസണുകളിൽ ഫൈനലിലെത്തുകയും അതിൽ പകുതിത്തവണ കിരീടമുയർത്തുകയും ചെയ്തവരാണ് മഞ്ഞപ്പടയാളികൾ.

പുതിയ സീസണിലും പ്രതീക്ഷയോടെയാണ് ചെന്നൈയിന്റെ വരവ്. ധോണിയെന്ന പരിചയസമ്പന്നനായ നായകൻ, സ്റ്റീഫൻ ഫ്ളെമിംഗ് എന്ന സ്ഥിരപ്രജ്ഞനായ പരിശീലകൻ,രവീന്ദ്ര ജഡേജയെപ്പോലെ കളിയുടെ മർമ്മമറിയാവുന്ന ആൾറൗണ്ടർ, മതീഷ പതിരാനയേയും മുസ്താഫിസുർ റഹ്മാനേയും പോലുള്ള പേസർമാർ തുടങ്ങി ട്വന്റി-20 ഫോർമാറ്റിനിണങ്ങിയ താരങ്ങളെക്കൂട്ടിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലേക്ക് ഇറങ്ങുന്നത്. ഐ.പി.എല്ലിൽ ആദ്യമായി തുടർച്ചയായ സീസണുകളിൽ കിരീടമുയർത്തിയ ടീമാണ് ചെന്നൈ. ചരിത്രം ആവർത്തിക്കാനാണ് ധോണിപ്പട ഇപ്പോൾ ഇറങ്ങുന്നത്.

ധോണിയുഗം

2008ൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക സ്ഥാനം ഏറ്റെടുത്ത മഹേന്ദ്ര സിംഗ് ധോണിക്കിപ്പോൾ പ്രായം 42 കഴിഞ്ഞു. 2019ൽ ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച ധോണി കഴിഞ്ഞ അഞ്ചുവർഷമായി ഐ.പി.എല്ലിൽ മാത്രമാണ് കളിക്കുന്നത്. മറ്റുകളിക്കാർ വിരമിക്കുന്ന പ്രായത്തിലും ഐ.പി.എല്ലിൽ ഒരു യുവതാരത്തിന്റെ ഫിറ്റ്നസ് ലെവൽ കാത്തുസൂക്ഷിക്കാൻ ധോണിക്ക് കഴിയുന്നു. ഈ സീസണോടെ ക്യാപ്ടൻസിയിൽ നിന്നും കളിക്കാരൻ എന്ന നിലയിൽ നിന്നും ധോണി ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് പടിയിറങ്ങുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ മുഴുവൻ. 2022ൽ ക്യാപ്ടൻ സ്ഥാനം ഒഴിയാൻ ധോണി ഏറെക്കുറെ തയ്യാറായതാണ്. ഇതിന് മുന്നോടിയായി സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ നായകനായി ഇറക്കുകയും ചെയ്തു. എന്നാൽ ജഡേജയ്ക്ക് കീഴിൽ എട്ടിൽ ആറു കളികളിലും തോറ്റതോടെ ധോണിക്ക് വീണ്ടും നായക പദവി ഏറ്റെടുക്കേണ്ടിവന്നു.

235 മത്സരങ്ങളിൽ ചെന്നൈയെ നയിച്ച താരമാണ് ധോണി. അതിൽ 142 മത്സരങ്ങളിലും വിജയം നേടിക്കൊടുക്കാൻ കഴിഞ്ഞു. അഞ്ച് കിരീടങ്ങളും നായകനായി ഏറ്റുവാങ്ങിയതും ധോണി തന്നെ. ക്യാപ്ടൻ കൂൾ ധോണിയുടെ സാന്നിദ്ധ്യം തന്നെയാണ് എതിർ ടീമുകളെ ഭയപ്പെടുത്തുന്നതും.

കിവീസ് , ദ കോർ

പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗ് ന്യൂസിലാൻഡുകാരനായതിനാൽ ചെന്നൈ ടീമിന്റെ മികച്ച താരങ്ങളിൽ പലരും കിവീസിൽ നിന്നാണ്. ഓപ്പണർ ഡെവോൺ കോൺവേ, ആൾറൗണ്ടർമാരായ ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ എന്നിവരാണ് ടീമിലെ ന്യൂസിലാൻഡുകാർ. 2018 മുതൽ സാന്റ്നർ ചെന്നൈക്കൊപ്പമുണ്ട്. 2022ലാണ് കോൺവേയ്‌ എത്തിയത്. മിച്ചലും രചിനും ഈ താരലേലത്തിലൂടെയാണ് ടീമിലെത്തിയത്.

തുറുപ്പുചീട്ടുകൾ

ധോണി,ജഡേജ എന്നിവരാണ് ടീമിന്റെ നട്ടെല്ല്. ബാറ്റിംഗിൽ റുതുരാജ് ഗെയ്ക്ക്‌വാദ്,സമീർ റിസ്‌വി തുടങ്ങിയവരുണ്ട്. അജിങ്ക്യ രഹാനെയുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താം. ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര,ശിവം ദുബെ തുടങ്ങിയ ട്വന്റി-20 ഫോർമാറ്റിന് ഇണങ്ങിയ ആൾറൗണ്ടർമാരുണ്ട്. ദീപക് ചഹർ,മുസ്താഫിസുർ റഹ്മാൻ,മതീഷ പതിരാന,ശാർദൂൽ താക്കൂർ,തുഷാർ ദേശ്പാണ്ഡെ തുടങ്ങിയ പേസർമാർ. ജഡേജയെപ്പോലെതന്നെ ബാറ്റിംഗിലും ഉപയോഗിക്കാവുന്ന സ്പെഷ്യലിസ്റ്റ് സ്പിന്നിർ മൊയീൻ അലിയുടെ സാന്നിദ്ധ്യം കരുത്ത് പകരും. ലങ്കൻ ഓഫ് സ്പിന്നർ മഹീഷ് തീക്ഷണയും സംഘത്തിലുണ്ട്.

പുതിയ താരങ്ങൾ

ഈ സീസൺ താരലേലത്തിൽ 14 കോടി മുടക്കിയാണ് ഡാരിൽ മിച്ചലിനെ ചെന്നൈ സ്വന്തമാക്കിയത്. 1.8 കോടിക്ക്

രചിൻ രവീന്ദ്രയും രണ്ട് കോടിക്ക് മുസ്താഫിസുർ റഹ്മാനും എത്തിയത് ഇപ്പോഴാണ്. ശാർദൂൽ താക്കൂറും ഈ സീസണിലാണ് ചെന്നൈയിലേക്ക് കൂടുമാറിയിരിക്കുന്നത്.

യുവനക്ഷത്രം

8.40 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഉത്തർപ്രദേശിൽ നിന്നുള്ള 20വയസുകാരൻ സമീർ റിസ്‌വിയിലാണ് ഈ സീസണിൽ ചെന്നൈ ഏറെ പ്രതീക്ഷ പുലർത്തുന്നത്. സുരേഷ് റെയ്നയെപ്പോലുളള കേളീശൈലിയാണ് റിസ്‌വിയുടേത്. വലംകയ്യൻ റെയ്ന എന്നാണ് റിസ്‌വി അറിയപ്പെടുന്നതും. കഴിഞ്ഞ ദിവസം കേണൽ സി.കെ നായ്ഡു ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്രയ്ക്ക് എതിരെ ഉത്തർപ്രദേശിന് വേണ്ടി റിസ്‌വി 266 പന്തുകളിൽ നിന്ന് 312 റൺസടിച്ചിരുന്നു.

ചെന്നൈ സ്ക്വാഡ്

വിക്കറ്റ് കീപ്പർ : മഹേന്ദ്ര സിംഗ് ധോണി (ക്യാപ്ടൻ)

ബാറ്റർമാർ : ഡെവോൺ കോൺവേയ്,റുതുരാജ് ഗെയ്‌ക്ക‌്‌വാദ്,അജിങ്ക്യ രഹാനെ,ഷെ‌യ്ക്ക് റഷീദ്,സമീർ റിസ്‌വി,അവനീഷ്.

ആൾറൗണ്ടർമാർ : മൊയീൻ അലി,ശിവം ദുബെ,ഹംഗനേക്കർ,രവീന്ദ്ര ജഡേജ, അജയ് മൻഡൽ,ഡാരിൽ മിച്ചൽ,രചിൻ രവീന്ദ്ര,മിച്ൽ സാന്റ്നർ,നിഷാന്ത് സിന്ധു.

പേസർമാർ : ദീപക് ചഹർ,മുകേഷ് ചൗധരി,തുഷാർ ദേശ്പാണ്ഡെ,മതീഷ പതിരാന,മുസ്താഫിസുർ റഹ്മാൻ,സിമർജീത് സിംഗ്,ശാർദൂൽ താക്കൂർ.

സ്പിന്നർമാർ :മഹീഷ് തീഷ്ണ,പ്രശാന്ത് സോളങ്കി.

പരിശീലക സംഘം

ഹെഡ് കോച്ച് : സ്റ്റീഫൻ ഫ്ളെമിംഗ്

ബാറ്റിംഗ് കോച്ച് : മൈക്കൽ ഹസി

ബൗളിംഗ് കോച്ച് : ഡ്വെയ്ൻ ബ്രാവോ

ബൗളിംഗ് കൺസൾട്ടന്റ് : എറിക് സൈമൺസ്

ഫീൽഡിംഗ് കോച്ച് : രാജീവ് കുമാർ

ആദ്യ മത്സരം

മാർച്ച് 22

Vs ആർ.സി.ബി

5 തവണ ഐ.പി.എൽ കിരീടം നേടിയ ടീം

10 തവണ ഫൈനലിൽ കളിച്ച ടീം

12 തവണ പ്ളേ ഓഫിൽ എത്തിയവർ

14 സീസണുകളിൽ പങ്കെടുത്തു.

12000 കോ‌ടി രൂപയോളമാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബ്രാൻഡ് വാല്യുവായി കണക്കാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CSK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.