സ്വകാര്യ വ്യവസായികളും മറ്റും ജനങ്ങളെ ചൂഷണം ചെയ്യുന്നതും കൊള്ളലാഭം ഈടാക്കുന്നതും തടയുന്നതിനാണ് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടിവരുന്ന മേഖലകൾ പൊതുമേഖലയ്ക്കു കീഴിൽ സ്വാതന്ത്ര്യാനന്തരം കൊണ്ടുവന്നത്. സോഷ്യലിസത്തിന് പ്രാധാന്യം നൽകിയുള്ള നയം ഇന്ത്യ സ്വീകരിച്ചതിന്റെ ഭാഗമായിരുന്നു ഇത്. വൈദ്യുതി, ഗതാഗതം, ഇരുമ്പ് - ഉരുക്ക് നിർമ്മാണം, വളം ഉത്‌പാദനം തുടങ്ങിയവ സർക്കാരിന്റെ നിയന്ത്രണത്തിലാക്കി. കാലക്രമേണ പൊതുജനങ്ങളെ സേവിക്കുന്നതിനു പകരം ദ്രോഹിക്കുന്ന ചില നടപടികൾ പൊതുമേഖലകളിൽ നിന്ന് ഉണ്ടായിത്തുടങ്ങി. പൊതുമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ധൂർത്തും ജോലിചെയ്യാനുള്ള വിമുഖതയും പരിഷ്‌കാര നടപടികൾ അനുവദിക്കാത്ത യൂണിയൻ ഇടപെടലുകളും മറ്റും ഉണ്ടാക്കുന്ന നഷ്ടം സേവനത്തിന്റെ നിരക്ക് അടിക്കടി ഉയർത്തി ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നത് ഇപ്പോൾ ഏതൊരു പൊതുമേഖലയും പതിവാക്കിയിരിക്കുകയാണ്.
ഇതിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പൊതുമേഖലാ സ്ഥാപനം വൈദ്യുതി ബോർഡാണ്. കോടികൾ നഷ്ടം വരുത്തുന്ന കരാറുകൾ ഒപ്പിടുകയും അതിന്റെയെല്ലാം ഭാരം ജനങ്ങളുടെ തോളിൽ വയ്ക്കുകയുമാണ് അവർ ചെയ്യുന്നത്. കാര്യകാരണ സഹിതം ചിന്തിക്കുന്നവർക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത നടപടികളാണ് പലപ്പോഴും ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വൈദ്യുതി പാഴാക്കരുത്, വളരെ കുറച്ചേ ഉപയോഗിക്കാവൂ എന്ന് ബോർഡ് ഒരു വശത്ത് പറയും. ഈ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സോളാർ വൈദ്യുതി പരമാവധി പ്രോത്സാഹിപ്പിച്ചാൽ മതി. എന്നാൽ അതിനു വിരുദ്ധമായ നടപടികളാണ് ബോർഡിൽ നിന്ന് പലപ്പോഴും ഉണ്ടായിട്ടുള്ളത്. സോളാറിനോടുള്ള അമിത താത്‌പര്യം കൊണ്ടല്ല; പകരം താങ്ങാനാവാത്ത വൈദ്യുതി ബില്ലിൽ നിന്ന് രക്ഷപ്പെടാനാണ് പണമില്ലാത്തവർ പോലും ലോണും മറ്റും എടുത്ത് സോളാർ സ്ഥാപിക്കുന്നത്.
ഇത് തകർക്കാൻ ഗ്രോസ് മീറ്റർ സമ്പ്രദായം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി ഒരുങ്ങുന്നതായി ചൂണ്ടിക്കാണിക്കുന്ന 'സോളാർ വച്ചവരെ പിഴിയാൻ വീണ്ടും ഗ്രോസ് മീറ്റർ നീക്കം" എന്ന തലക്കെട്ടിൽ പി.എച്ച്. സനൽകുമാറിന്റെ വാർത്ത ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടുവർഷം മുമ്പും ഇതിന് ശ്രമം നടത്തിയിരുന്നെങ്കിലും ജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുണ്ടായപ്പോൾ ആമ തല വലിക്കുന്നതുപോലെ തല വലിച്ച് അകത്ത് കോൾഡ് സ്റ്റോറേജിൽ വച്ചിരിക്കുകയായിരുന്നു, 'ഗ്രോസ് മീറ്റർ." റഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പിനുശേഷം ഇതുസംബന്ധിച്ച് ഉത്തരവിറക്കാനാണ് ബോർഡ് കരുക്കൾ നീക്കുന്നത്. ഇതുവരെ നെറ്റ് മീറ്ററിംഗ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതുപ്രകാരം സോളാറിലെ വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് കൊടുക്കുകയും, വീട്ടാവശ്യത്തിന് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നവർ അധിക വൈദ്യുതിക്ക് മാത്രം ചാർജ് നൽകിയാൽ മതിയായിരുന്നു.
ഗ്രോസ് മീറ്റർ ഏർപ്പെടുത്തിയാൽ സോളാർ വൈദ്യുതിയും കെ.എസ്.ഇ.ബിയുടെ വൈദ്യുതിയും അളക്കുന്നത് പ്രത്യേകം മീറ്ററുകളായിരിക്കും. സോളാറിന് കെ.എസ്.ഇ.ബി 2.69 രൂപയാണ് യൂണിറ്റിന് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ വീട്ടിലെ കെ.എസ്.ഇ.ബി വൈദ്യുതിക്ക് ശരാശരി 4.20 രൂപ നിരക്കിലാവും ബില്ല് തരിക. ചുരുക്കിപ്പറഞ്ഞാൽ ഒരേ സേവനത്തിന് രണ്ടു വില. പൊതുമേഖല എന്ന ലേബലുണ്ടെങ്കിൽ ഇതുപോലെ തലതിരിഞ്ഞ ഏതു നടപടിയും നടപ്പാക്കാം. കേരളത്തിൽ സോളാർ സ്ഥാപിച്ച വീടുകൾ 1.70 ലക്ഷമാണ്. മൂന്നു ലക്ഷം പേർ അപേക്ഷ നൽകി കാത്തിരിക്കുന്നു. ഇവരെ പിഴിയുന്ന പരിഷ്കാരം കെ.എസ്.ഇ.ബി നടപ്പാക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |