SignIn
Kerala Kaumudi Online
Sunday, 28 April 2024 7.18 PM IST

ആ 21000 കുറയ‌്ക്കാൻ കഴിഞ്ഞാൽ ശൈലജ; അല്ലെങ്കിൽ ഷാഫി: വടകരയിൽ ജയിക്കാൻ പോകുന്നത്

shafi-shailaja

കേരളത്തിലെ പല മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ടെല്ലാവരും പ്രവചിച്ചു കഴിഞ്ഞു. നാലോ അഞ്ചോ മണ്ഡലങ്ങൾ മാത്രമാണ് പ്രവചനാതീതം. അതിലൊന്ന് കടത്തനാടൻ കളരിയുടെ വടകരമണ്ണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ കോ-ലീ-ബി പരീക്ഷിച്ച് പരാജയപ്പെട്ട മണ്ഡലമെന്ന ഖ്യാതിയുള്ള വടകരയിൽ ഇത്തവണ പോരാട്ടം തീപ്പാറുകയാണ്. കെ.മുരളീധരനായി പച്ച പരവതാനിവിരിച്ച് കാത്തിരിക്കുമ്പഴാണ് ഓർക്കാപ്പുറത്തെ പത്മജയുടെ പ്രഹരം വന്നത്. ഒടുക്കം തൃശൂരിനെ സംരക്ഷിക്കുകയെന്ന യജ്ഞവുമായി മുരളീധരനെ അങ്ങോട്ടുമാറ്റി. പകരം യുവ ചേകവൻ ഷാഫിയെ യു.ഡി.എഫ് കളത്തിലിറക്കി. പാലക്കാടൻ മണ്ണിൽ സംഘപരിവാറിനെ മുട്ടുകുത്തിച്ച പോരാളി. തുടക്കത്തിൽ അല്ലറ ചില്ലറ മുറുമുറുപ്പ് ഉയർന്നെങ്കിലും ഇപ്പോൾ വടകരയുടെ ഓളമായി ഷാഫി മാറിക്കഴിഞ്ഞു.

കഴിഞ്ഞ മൂന്നുതവണയായി മണ്ഡലം വലതുപക്ഷത്താണ്. കടത്തനാടിന്റെ ചെങ്കോട്ട തകർത്ത് മുല്ലപ്പള്ളി രണ്ടുവട്ടവും ഒരു തവണ മുരളീധരനും അരക്കിട്ടുറപ്പിച്ചു വടകരയെ. പൊരുതിവീണത് സതീദേവിയും ഷംസീറും പി.ജയരാജനും. ഇത്തവണ എന്തുവില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കണമെന്ന യജ്ഞവുമായി സി.പി.എം ഇറക്കിയിരിക്കുന്നത് കേരളത്തിലെ തന്നെ കരുത്തയായ സ്ഥാനാർത്ഥി കെ.കെ.ശൈലജയെ. ഷാഫി മണ്ഡലത്തിലിറങ്ങുന്നതിന് ഏതാണ്ട് ഒരുമാസം മുമ്പുതന്നെ കെ.കെ.ശൈലജ മണ്ഡലത്തിന്റെ മുക്കും മൂലയും നിറഞ്ഞു കഴിഞ്ഞു. എൻ.ഡി.എ സ്ഥാനാർഥി പ്രഫുൽ കൃഷ്ണനാണ്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കഴിവുതെളിയിച്ച യുവ രക്തം. മുരളീധരൻ കൈവിട്ട വടകരയിൽ കഴിഞ്ഞ ദിവസം പ്രഫുലിനായി പത്മജയിറങ്ങിയതും വേറിട്ട തിരഞ്ഞെടുപ്പ് കാഴ്ചയായി.

വടകരയുടെ രാഷ്ട്രീയം

വർഷങ്ങളോളം സി.പി.എം ഉരുക്കുകോട്ടയായി സൂക്ഷിച്ചതാണ് മണ്ഡലം. 2004ലാണ് സി.പി.എമ്മിന്റെ അവസാന ജയം. അഡ്വ. പി. സതീദേവി ആയിരുന്നു സ്ഥാനാർത്ഥി. ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് സതീദേവി നേടിയത്. 2009 ആയതോടെ കഥ മാറി. ടി.പി.ചന്ദ്രശേഖരൻ പാർട്ടിവിട്ട് റവലൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയുണ്ടാക്കി. സി.പി.എം ആടിയുലഞ്ഞു. സതീദേവി തന്നെ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് സതീദേവിയെ തോൽപ്പിച്ചു. 2014ലും മുല്ലപ്പള്ളി നയിച്ചു. പ്രതിയോഗിയായി എ.എൻ.ഷംസീർ വന്നിട്ടും ഒന്നും നടന്നില്ല. 2019 ആയപ്പോൾ മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ചപിടിക്കാൻ പി.ജയരാജനെ ഇറക്കി നോക്കി. പക്ഷെ കെ. മുരളീധരനു മുമ്പിൽ ജയരാജനും കാലിടറി. 2024ലെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഇടതുപക്ഷത്തിന് വടകരയിൽ ജീവൻ മരണ പോരാട്ടമാണ്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾക്കപ്പുറത്ത് ചന്ദ്രശേഖരൻ കേസിലെ ഇരട്ട ജീവപര്യന്തമുണ്ടാക്കിയ കോലഹലങ്ങളെപ്പോലും മറികടക്കണമെന്ന ഭഗീരഥ പ്രയത്‌നം. എല്ലാം കൊണ്ടും കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമാണിപ്പോൾ വടകര.

ഒന്നൊഴിച്ച് ആറും ഇടതുപക്ഷത്ത്

തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റിയാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വടകര ലോക്‌സഭാ നിയോജകമണ്ഡലം. വടകര നിയമസഭാ മണ്ഡലം ഒഴിച്ച് ബാക്കിയെല്ലാം എൽ.ഡി.എഫിന്റേത്.

ഗ്രാഫുയർത്താൻ എൻ.ഡി.എ

കോലീബി സഖ്യമൊക്കെ പഴങ്കഥയെന്നാണ് യു.ഡി.എഫും ബി.ജെ.പിയും പറയുന്നത്. 2009 മുതൽ ബി.ജെ.പിയുടെ ഗ്രാഫ് മുകളിലോട്ടാണ്. ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇത്തവണയും വലിയ ഗ്രാഫിൽ വോട്ട് വർദ്ധിക്കുമെന്ന് പ്രതീക്ഷ. അത്തരമൊരു പോരാട്ടത്തിലാണ് ദേശീയ നേതാക്കളെയാടക്കം ഇറക്കി ബി.ജി.പി പ്രചരണം നടത്തുന്നത്.

വികസനവും ചർച്ച

കഴിഞ്ഞ 15വർഷമായി യു.ഡി.എഫ് പ്രതിനിധീകരിക്കുന്ന വടകര മണ്ഡലത്തിൽ ഒന്നും നടന്നില്ലെന്നാണ് എൽ.ഡി.എഫ് പക്ഷം. എം.പി ഫണ്ട് വിനിയോഗത്തിനപ്പുറത്ത് വടകരയ്ക്ക് മാത്രമായി ഒന്നും കിട്ടിയില്ലെന്ന് എൽ.ഡി.എഫ് വാദിക്കുമ്പോൾ വികസനത്തിന്റെ പെരുമഴയായിരുന്നു 15 വർഷവും മണ്ഡലത്തിൽ നടന്നതെന്ന് യു.ഡി.എഫ്. വടകര, കൊയിലാണ്ടി, തലശ്ശേരി റെയിൽ വേസ്റ്റേഷനുകളുടെ വികസനത്തിലും ദേശീയപാത വികസനത്തിലും യു.ഡി.എഫ് എം.പിമാരുടെ പങ്ക് വലുതായിരുന്നെന്ന് വലതുപക്ഷവും വാദിക്കുന്നു. എല്ലാം നരേന്ദ്രമേദിയുടെ കേരള ഗ്യാരണ്ടി മാത്രമാണെന്ന് എൻ.ഡി.എയും തിരിച്ചടിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും വടകരയിലാണ്.

ചന്ദ്രശേഖരൻ ഇഫക്ട്

കൊല ചെയ്യപ്പെട്ടെങ്കിലും ടി.പി. ചന്ദ്രശേഖരൻ ഇത്തവണയും വടകരയിൽ പ്രധാന തിരഞ്ഞെടുപ്പ് ചർച്ചയാണ്. 2009ൽ സി.പി.എം വിട്ട് ചന്ദ്രശേഖരനുണ്ടാക്കിയ ആർ.എം.പി ഒറ്റയ്ക്ക് മത്സരിച്ച് 21,000വോട്ട് നേടിയത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. സി.പി.എമ്മിന്റെ എക്കാലത്തേയും ഉറച്ച വോട്ടുകളായിരുന്നു ചന്ദ്രശേഖരന്റെ പെട്ടിയിൽ വീണത്. പിന്നീട് ടി.പിയുടെ അരുംകൊല വടകരയെ ഞെട്ടിച്ചു. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ടി.പി. വധവും 51 വെട്ടും പ്രധാന പ്രചരണ ആയുധമായി. അപ്പോഴെല്ലാം കടപുഴകി വീണത് സി.പി.എം സ്ഥാനാർത്ഥികൾ. ഇത്തവണ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോൾ നിലവിലെ പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തവും പുതുതായി പ്രതി ചേർക്കപ്പെട്ട രണ്ട് സി.പി.എം നേതാക്കളും ചില്ലറ തലവേദനയൊന്നുമല്ല സി.പി.എമ്മിന് വടകരയിലുണ്ടാക്കുന്നത്.

2019

കെ. മുരളീധരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്) 5,26755 വോട്ട്
പി. ജയരാജൻ (സി.പി.എം), എൽ.ഡി.എഫ് 4,42092 വോട്ട്
വി.കെ. സജീവൻ (ബി.ജെ.പി) എൻ.ഡി.എ 80,128

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARLIAMENT ELECTION, VADAKARA, KERALA, KKSHYLAJA, SHAFI PARAMBIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.