തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു കൂടിക്കാഴ്ച, ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ പിണറായി പിന്നീട് ന്യായീകരിച്ചത് ഇത് കൊണ്ടാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സ്വകാര്യ സന്ദർശനത്തിനെത്തിയ നിതിൻ ഗഡ്തകരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ.പി. ജയരാജനെ എങ്ങനെ കുറ്റം പറയാൻ ആകുമെന്നും പ്രേമചന്ദ്രൻ ചോദിച്ചു.
ആർ.എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള നിതിൻ ഗഡ്കരി സ്വകാര്യ സന്ദർശനത്തിനാണ് കുടുംബസമേതം കോവളത്തും കന്യാകുമാരിയിലും വന്നത്. ഇതറിഞ്ഞ പിണറായി ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രവൃത്തി സി.പി,എം പോളിറ്റ് ബ്യൂറോ അംഗത്തിന് യോജിച്ചതാണോയെന്ന് വ്യക്തമാക്കണം. പല തവണ താൻ ജാവദേക്കറെ കണ്ടു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി ജാവദേക്കറെ കണ്ടത് എന്തിനാണെന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
കരുവന്നൂർ, ലാവ്‌ലിൻ, എക്സാലോജിക്, സ്വർണക്കടത്ത് കേസുകൾ ഇല്ലാതാക്കുന്നതിനും പകരം തൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ ബി.ജെ.പിക്ക് പിന്തുണ നൽകാനുള്ള അടവ് നയത്തിന്റെയും ഡീൽ ഉറപ്പിക്കലിന്റെയും ഭാഗമായിരുന്നു ജാവദേക്കറുമായുള്ള ചർച്ചയെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |