കുമരകം : കുമരകം ആറാം വാർഡിൽ കുമ്പളന്തറ ഭാഗത്ത് മാലീത്തറ വീട്ടിൽ ബേബിയുടെ വീട് കുത്തിത്തുറന്ന് വീട്ടുപകരണങ്ങളും, തൊഴിലുപകരണങ്ങളും മോഷ്ടിച്ചു. അഞ്ച് വീശുവലകളും, നീട്ടു വലയും നിത്യോപയോഗ സാധനങ്ങളും പാത്രങ്ങളും മറ്റും മോഷണം പോയി. ഒരു വർഷത്തോളമായി സ്ഥിരതാമസം ഇല്ലാതിരുന്ന വീട്ടിൽ കഴിഞ്ഞ ശനിയാഴ്ച വീട്ടുകാരെത്തി മീൻ പിടിയ്ക്കാനായി വല നോക്കിയപ്പോഴാണ് മോഷണം മനസിലായത്. വിവിധ ഇനം മത്സ്യങ്ങളെ പിടിയ്ക്കാനായി ഓരോ തരത്തിൽ ഇണക്കി കരുതി വച്ചിരുന്ന എല്ലാ വലകളും മോഷണം പോയി. ബേബിയും കുടുംബവും ഒരു വർഷത്തിലേറെയായി പാമ്പാടിയിൽ താമസിയ്ക്കുകയും ആഴ്ചയിലൊരിക്കൽ ഇവിടെ എത്തുകയും ചെയ്തുവരികയായിരുന്നു. വീട്ടുസാധനങ്ങൾ ഓരോന്നായി മോഷണം പോകാൻ തുടങ്ങിയിട്ട് ആറു മാസക്കാലമായെന്നും അയൽവാസികളെ വിവരങ്ങൾ അറിയിച്ചിരുന്നതായും ബേബി പറഞ്ഞു. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ബേബിയ്ക്ക് നാല്പതിനായിരത്തോളം രൂപ മുടക്കി നിർമ്മിച്ച വീശുവലയാണ് നഷ്ടമായത്. സമീപകാലത്തായി ഇവിടങ്ങളിൽ മോഷണം പതിവായി മാറിയിട്ടുണ്ട്. കണ്ണാടിച്ചാലിൽ ശശിധരന്റെ കടയിൽ നിന്നും മൊബൈൽ ഫോണും, പന്നിക്കോട് ക്ഷേത്രത്തിന് സമീപമുള്ള കടയിൽ നിന്നും പണവും മോഷണം പോയിരുന്നിരുന്നു. പ്രദേശങ്ങളിൽ മോഷണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം നടത്തുകയും, നാട്ടുകാരുടെ ജാഗ്രത ഉണ്ടാകണമെന്നുമാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |