SignIn
Kerala Kaumudi Online
Saturday, 27 April 2024 11.41 PM IST

പാകിസ്ഥാന് 12 ഗ്രാമങ്ങൾ നൽകി പകരം ഇന്ത്യ സ്വന്തമാക്കിയ ഒരേയൊരു ഗ്രാമം, ഒരു ധീര സ്വാതന്ത്ര്യസമര സേനാനി ഉറങ്ങുന്ന ഈ മണ്ണിന്റെ കഥ കേട്ടിട്ടുണ്ടോ?

statue

ബ്രിട്ടീഷ് അധിനിവേശത്തോട് സഹനത്തിലൂടെയും ധൈര്യം കൊണ്ടും ആയുധബലം കൊണ്ടും പോരാടിയ നൂറുകണക്കിന് രാജ്യസ്‌നേഹികളുടെ മണ്ണാണ് ഇന്ത്യ. അവിഭക്ത ഭാരതം സ്വാതന്ത്ര്യാനന്തരം ഇന്ത്യയും പാകിസ്ഥാനുമായപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ ഉജ്വലപോരാട്ടങ്ങൾ നടന്ന ചില ഭാഗങ്ങൾ പാകിസ്ഥാനിലായിപ്പോയി. ഇങ്ങനെയുള്ള ഒരു സ്ഥലം ഇന്ത്യ പിന്നീട് സ്വന്തമാക്കിയിട്ടുണ്ട്. ആ ഗ്രാമത്തിന്റെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്.

bhagat

ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ്

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയ ശേഷം ബ്രിട്ടീഷ് സർക്കാർ രഹസ്യമായി ഇവരുടെ ഭൗതികശരീരങ്ങൾ സംസ്‌കരിക്കാൻ എത്തിച്ച ഒരു ഗ്രാമമുണ്ട് പഴയ പഞ്ചാബിൽ. അതാണ് ഹുസൈനിവാല. പഞ്ചാബിലെ ഫിറോസ്‌പൂർ നഗരത്തിനടുത്താണ് ചരിത്രം ഉറങ്ങുന്ന ഈ ഗ്രാമം. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് ഇന്ത്യയിലെ ഈ ഗ്രാമം. തൊട്ടടുത്ത് പാകിസ്ഥാനിലെ ഗന്ധ സിംഗ് വാല എന്ന ഗ്രാമമാണ്.

ബ്രിട്ടീഷുകാർ ഭഗത്‌സിംഗിനെയും രാജ്‌ഗുരുവിനെയും സുഖ്‌ദേവിനെയും 1931 മാർച്ച് 23ന് തൂക്കിലേറ്റി. ജനരോഷമുണ്ടാകുന്ന നടപടിയാണ് ഇതെന്നറിയാവുന്ന അവർ ഹുസൈനിവാലയിൽ സത്‌ലജ് നദിക്കരയിൽ ഇവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ എത്തിച്ചു. രഹസ്യമായി സംസ്‌കരിക്കാനുള്ള ബ്രിട്ടീഷ് ശ്രമം പ്രദേശവാസികൾ തടഞ്ഞു. അന്നുമുതൽ ഈ പ്രദേശത്തിന് പ്രാധാന്യം ലഭിച്ചുതുടങ്ങി. സ്വാതന്ത്ര്യാനന്തരം ഈ ഭാഗത്ത് ഇന്ത്യ വിവിധ അനുസ്‌മരണ പരിപാടികൾ പതിവായി സംഘടിപ്പിച്ചു തുടങ്ങി.

boarder

12 ഗ്രാമങ്ങൾക്ക് പകരമായി വാങ്ങിയ ഗ്രാമം

ഇന്ത്യൻ ഭാഗത്തുള്ള 12 ഗ്രാമങ്ങൾ പാകിസ്ഥാന് നൽകിയാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഹുസൈനിവാല ഗ്രാമം സ്വന്തമാക്കിയത്. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനിലായിപ്പോയ ഈ ഗ്രാമം 1961 ജനുവരി 17നാണ് 12 ഗ്രാമങ്ങൾ നൽകി ഇന്ത്യ സ്വന്തമാക്കിയത്. ഇവിടെ ഒരു സ്മൃതികുടീരമുണ്ട്. 'പ്രേരണാസ്ഥൽ' എന്നാണ് ഈ സ്‌മൃതികുടീരത്തിന്റെ പേര്. ഇവിടെ ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി കവാടമുണ്ട്. അതി‌ർത്തി രക്ഷാ സേനയാണ് ഇതിന്റെ ചുമതല. 1970 മുതൽ ദിവസവും വൈകുന്നേരം ആറ് മണിയ്‌ക്ക് ഇവിടെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടക്കാറുണ്ട്. നിരവധിപേരാണ് ദിനവും ഇത് കാണാൻ എത്തുന്നത്. വാഗാ അതി‌ർത്തിയിലേതിന് സമാനമായ ചടങ്ങാണ് ഇവിടെയും നടക്കാറ്. നിരവധിയാളുകൾ ഇത് കാണാൻ എത്താറുണ്ട്.

ഹുസൈനി ബാബ എന്ന് പ്രദേശവാസികൾ വിളിക്കുന്ന ഒരു ഇസ്ളാമിക പുരോഹിതനിൽ നിന്നാണ് ഈ പ്രദേശത്തിന് ഹുസൈനിവാല എന്ന പേര് കിട്ടിയത്. ഇദ്ദേഹത്തിന്റെ ഖബറിടം ഇവിടെ അതിർത്തി രക്ഷാ സേനയുടെ ആസ്ഥാനത്തിന് ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്.

ഇന്ത്യ-പാക് യുദ്ധകാലത്തെ ചരിത്രം

1965ലും 1971ലും ഇന്ത്യ-പാകിസ്ഥാൻ യുദ്ധമുണ്ടായപ്പോൾ ഈ ഗ്രാമത്തിലും അതിന്റെ അലയൊലിയുണ്ടായി. പാകിസ്ഥാൻ സൈന്യത്തെ ധീരമായി ചെറുത്ത ചരിത്രമാണ് ഇവിടെയുള്ളത്. 1965ൽ ഇവിടെ നിലയുറപ്പിച്ച മറാത്ത ലൈറ്റ് ഇൻഫാൻട്രി പാക് സൈന്യത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുകയും അവരുടെ ടവർ തകർക്കുകയും ചെയ്‌തു. എന്നാൽ 1971ൽ ഇവിടം സംരക്ഷിച്ച 15ാം പഞ്ചാബ് ബറ്റാലിയന് ഏറെ നാശനഷ്‌ടം ഉണ്ടായി.

ഭഗത് സിംഗ് മാത്രമല്ല

ചരിത്രമുറങ്ങുന്ന ഇവിടെ ഭഗത് സിംഗിനും സുഖ്‌ദേവിനും രാജ്‌ഗുരുവിനുമൊപ്പം മറ്റു ചിലരുടെയും സംസ്‌കാരം നടന്ന ഇടമാണ്. ഭഗത് സിംഗിന്റെ അമ്മ വിദ്യാവതിയെയും ലാഹോർ സെൻട്രൽ ലജിസ്ളേറ്റിവ് അസംബ്ളിയിൽ ഭഗത്‌സിംഗിനൊപ്പം ബോംബെറിഞ്ഞ ബടുകേശ്വർ ദത്തിനെയും ഇവിടെയാണ് സംസ്‌കരിച്ചത്.

എല്ലാവർഷവും മാർച്ച്23ന് ഷഹീദ് മേള എന്ന പേരിൽ ഇവിടെ അനുസ്‌മരണ പരിപാടികൾ നടക്കാറുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും നിരവധിയാളുകളാണ് ഇവിടെ അന്നെത്താറ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HUSSAINIWALA, INDIA, BOARDER, BHAGATSINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.