SignIn
Kerala Kaumudi Online
Saturday, 27 April 2024 10.57 AM IST

മുഖം വെളിപ്പെടുത്തില്ല, ഡിപ്പാർട്ട്‌മെന്റിലെ കരിമ്പുലി; കേജ്‌‌രിവാളിനെയും ഹേമന്ത് സോറനെയും പൂട്ടിയ ഇഡി ഉദ്യോഗസ്ഥൻ

arvind-kejriwal

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്‌മി പാർട്ടിക്ക് കനത്ത പ്രഹരമായി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലായിരിക്കുകയാണ്. മുഖ്യമന്ത്രിയായിരിക്കെ രാജ്യത്ത് അറസ്റ്റിലാവുന്ന ആദ്യത്തെയാൾ ആണ് കേജ്‌രിവാൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ അഡീഷണൽ ഡയറക്‌ടർ റാങ്കിലുള്ള കപിൽ രാജ് എന്ന ഉദ്യോഗസ്ഥനാണ് അരവിന്ദ് കേജ്‌വാളിനെ രായ്‌ക്കുരാമാനം അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ മറ്റൊരു അറസ്റ്റിന് പിന്നിൽ പ്രവ‌ർത്തിച്ചതും കപിൽ രാജ് ആയിരുന്നു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതും ഇതേ ഇഡി ഉദ്യോഗസ്ഥനായിരുന്നു.

ആരാണ് കപിൽ രാജ്?

ഒരു മുഖ്യമന്ത്രിയുടെയും മുൻമുഖ്യമന്ത്രിയുടെയും അറസ്റ്റ് കൂടാതെ രാജ്യത്തെ പല പ്രമുഖ കേസുകളും കപിൽ രാജ് കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹത്തെ ജോയിന്റ് ഡയറക്‌ടറിൽ നിന്ന് അഡീഷണൽ ഡയറക്‌ടറായി സ്ഥാനക്കയറ്റം നൽകിയത്. 2009 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഓഫീസറാണ് കപിൽ രാജ്.

ഉത്തർപ്രദേശിലെ സഹറൻപൂരിലാണ് കപിൽ രാജ് ജനിച്ചത്. ഒരു മദ്ധ്യവർഗ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവും സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. സ്‌കൂൾ പഠനത്തിനുശേഷം ലക്‌നൗവിലെ കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. 2008ലാണ് യുപിഎസ്‌സി പരീക്ഷ പാസാവുന്നത്. കസ്റ്റംസ് ആന്റ് സെൻട്രൽ എക്‌സൈസ് വിഭാഗത്തിലായിരുന്നു നിയമനം ലഭിച്ചത്. ഏഴുവർഷത്തിനുമുൻപാണ് ഡെപ്യൂട്ടേഷനിൽ കപിൽ രാജ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ എത്തുന്നത്. ഡെപ്യൂട്ടി ഡയറക്‌ടർ പദവിയിൽ ഇഡിയുടെ മുംബയ് സോണൽ ഓഫീസിലായിരുന്നു നിയമനം. ഡൽഹിയിലെയും ജാർഖണ്ഡിലെയും ഹെഡ്‌ക്വാർട്ടേഴ്‌സ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ നയിക്കുകയും ചെയ്തിരുന്നു.

പിഎൻബി തട്ടിപ്പ് കേസ്

മുംബയിലെ സേവനകാലത്താണ് കുപ്രസിദ്ധ കേസായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റെടുക്കുന്നത്. ശതകോടീശ്വരന്മാരായ നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുൾപ്പെട്ട കേസായിരുന്നു ഇത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 14000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യംവിട്ട വജ്ര വ്യാപാരി കൂടിയായ നീരവ് മോദിയ്ക്കെതിരെ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൂടാതെ തെളിവ് നശിപ്പിക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ എന്നീ ആരോപണങ്ങളും നീരവ് മോദിക്കെതിരെ ഉണ്ട്. 326.99 കോടി വിലമതിക്കുന്ന നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. നീരവിന്റെ പേരിൽ ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഫ്ലാറ്റുകളടക്കമാണ് കണ്ടുകെട്ടിയത്.

നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും വ്യാജ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് പിന്നാലെ നീരവും മെഹുൽ ചോക്‌സിയും കുടുംബാംഗങ്ങളും രാജ്യം വിടുകയായിരുന്നു. 2019 മാർച്ചിലാണ് നീരവ് ലണ്ടനിൽ അറസ്​റ്റിലായത്.


വെസ്റ്റ് ബംഗാൾ കൽക്കരി അഴിമതി

കപിൽ രാജ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മറ്റൊരു കേസാണ് വെസ്റ്റ് ബംഗാൾ കൽക്കരി ഖനന അഴിമതി. 2004- 09 കാലത്തായിരുന്നു അഴിമതി നടന്നത്. ലേലമൊഴിവാക്കി 100 സ്വകാര്യ, പൊതുമേഖലാ കമ്പനികൾക്ക് കൽക്കരി ബ്ളോക്കുകൾ അനുവദിച്ചതുവഴി ഖജനാവിന് 10.6 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനായിരുന്നു അന്ന് കൽക്കരി വകുപ്പിന്റെ ചുമതല.

ഓരോ ടൺ കൽക്കരിക്കും 25 രൂപവീതം അധിക നികുതി അനധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്. ഇതിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ പത്തോളം പേരാണ് കേസിൽ അറസ്റ്റിലായത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയു‌ടെ മരുമകനും ഭാര്യയും കേസിൽ ഉൾപ്പെട്ടിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസും ഹേമന്ത് സോറന്റെ അറസ്റ്റും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31നാണ് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് തലേന്ന് അർദ്ധരാത്രി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി വയ്ക്കുകയും ചെയ്തു. അരവിന്ദ് കേജ്‌രിവാളിന് സമാനമായ രീതിയിൽ ഇഡി രാത്രി എട്ടുമണിയോടെയാണ് സോറനെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഉറപ്പായതിനാൽ ഇഡി ഉദ്യോഗസ്ഥർക്കൊപ്പം അവരുടെ വാഹനത്തിൽ തന്നെ രാജ്ഭവനിൽ എത്തി ഗവർണർ സി. പി. രാധാകൃഷ്ണന് രാജി സമർപ്പിക്കുകയായിരുന്നു. മുൻമുഖ്യമന്ത്രി ഷിബു സോറന്റെ മകനായ ഹേമന്ത് സോറൻ 2013 മുതൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു.

ഭാര്യയുടെ പേരിലുള്ള കമ്പനിക്കായി ആദിവാസി ഭൂമി തട്ടിയെടുക്കൽ, പദവി ദുരുപയോഗം ചെയ്‌ത് ഖനി സ്വന്തമാക്കൽ, ഇവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് ഹേമന്ത് സോറനെതിരെ ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ. ഇതിൽ 14 പേരെ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു.

600 കോടിയുടെ ഭൂമി തട്ടിപ്പാണ് ഹേമന്ദ് സോറനെതിരെ ഇഡി ആരോപിക്കുന്നത്. സർക്കാർ ഭൂമിയുടെ അവകാശ കൈമാറ്റത്തിന് പിന്നിൽ വലിയൊരു റാക്കറ്റ് പ്രവർത്തിച്ചുവെന്നും ഭൂമി കെട്ടിടനിർമാണക്കാർക്ക് വിറ്റുവെന്നും ഇഡി ആരോപിക്കുന്നു. അറസ്റ്റിലായവരിൽ റാഞ്ചി മുൻ ഡെപ്യൂട്ടി കമ്മീഷണറും സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പ് ഡയറക്‌‌ടറുമായിരുന്ന ഐ എ എസ് ഓഫീസർ ഛവി രഞ്ജനും ഉൾപ്പെടുന്നു.

ജനുവരി 30ന് രാത്രി സ്വകാര്യ വിമാനത്തിൽ ഡൽഹിയിലെത്തിയ ഹേമന്ത് സോറൻ ഇഡി വരവ് അറിഞ്ഞ് രാത്രി തന്നെ മുങ്ങിയിരുന്നു. തലയിൽ ഷാൾ മൂടി സ്വകാര്യ കാറിൽ 1,300 കിലോമീറ്റർ അകലെയുള്ള റാഞ്ചിയിൽ എത്തി. ടോൾ ബൂത്തുകളിലെ ക്യാമറകളിൽ പതിയാതെയായിരുന്നു യാത്ര. പിന്നാലെയാണ് പിറ്റേദിവസം അറസ്റ്റിലാവുന്നത്.

ഡൽഹി മദ്യനയക്കേസ്

2021 നവംബര്‍ 17നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നയം പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണ് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്ന് സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു.

ഡല്‍ഹി മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 15 പേരെയാണ് സിബിഐ പ്രതികളാക്കിയിരുന്നത്. അതില്‍ ആദ്യ പ്രതി ആംആദ്‌മി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ ആയിരുന്നു. 2023 ഫെബ്രുവരിയിലാണ് മനീഷ് സിസോദിയ അറസ്റ്റിലാവുന്നത്. മദ്യനയത്തിൽ കോഴ ഇടപാട് ആരോപിച്ച് ഒക്‌ടോബറിൽ ആംആദ്‌മി എം. പി സഞ്ജയ് സിംഗും അറസ്റ്റിലായി. പിന്നാലെ തെലങ്കാന മുൻമുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത ഈ മാസം അറസ്റ്റിലായി. ഇതിനുപിന്നാലെയാണ് മാർച്ച് 21ന് കേജ്‌രിവാൾ അറസ്റ്റിലാവുന്നത്.

സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മദ്യ നയം ഡല്‍ഹി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്ലെറ്റുകള്‍ തുറക്കാം. ലേലം നടത്തി 849 ഔട്ട്ലെറ്റുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി. ഇതോടെ സര്‍ക്കാരിന് മദ്യവില്‍പനയിലുള്ള നിയന്ത്രണം അവസാനിച്ചു.

നയത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 2022 ജൂലായില്‍ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു. പണം കെട്ടിവയ്ക്കുന്നതിന് സര്‍ക്കാര്‍ സമയം നീട്ടി നല്‍കി. ഇതിലൂടെ സ്വകാര്യ, ചെറുകിട വ്യാപാരികള്‍ വന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയപ്പോള്‍ ഖജനാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഉന്നതതലത്തിലുള്ള അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തല്‍. വലിയ തുക ഉപഹാരമായി നേതാക്കള്‍ കൈപ്പറ്റുകയും പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നും സിബിഐ ആരോപിച്ചിരുന്നു.

ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് ഡല്‍ഹി മദ്യനയ അഴിമതിയിലേക്ക് വെളിച്ചം വീശിയത്. 1991ലെ ജിഎന്‍സിടിഡി നിയമം, 1993ലെ ട്രാന്‍സ്ഫര്‍ ഓഫ് ബിസിനസ് റൂള്‍സ്, 2009, 2010 വര്‍ഷങ്ങളിലെ ഡല്‍ഹി എക്‌സൈസ് നിയമങ്ങള്‍ എന്നിവ ലംഘിക്കപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടത്. 2022 ജൂലൈ 22ന് ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആര്‍എസ് നേതാവ് കെ കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് ഇഡിയുടെ ആരോപണം. മദ്യനയത്തിലൂടെ നൂറ് കോടി രൂപ ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചുവെന്നും അഴിമതിയുടെ ഭാഗമായി നേതാക്കള്‍ക്ക് പണവും വിലകൂടിയ സമ്മാനങ്ങളും ലഭിച്ചുവെന്നും അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARVIND KEJRIWAL, HEMANT SOREN, JHARKHAND FORMER CHIEF MINISTER, DELHI CHIEF MINISTER, ARRESTED, ED OFFICER KAPIL RAJ, KAPIL RAJ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.