സമ്പന്നരുടെ എണ്ണത്തിൽ ഷാങ്്ഹായിയെ മറികടന്ന് മുംബയ്
കൊച്ചി: ചരിത്രത്തിലാദ്യമായി ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ചൈനയിലെ ഷാങ്്ഹായിയെ മറികടന്ന് ഏഷ്യയിലെ ബില്യയണർ തലസ്ഥാനമായി മുംബയ് മാറി. മുംബയിൽ 92 അതിസമ്പന്നരുള്ളപ്പോൾ ഷാങ്ങ്ഹായിൽ ഇവരുടെ എണ്ണം 91 ആണ്. ഇന്ത്യയിലെ അതിസമ്പന്നരുടെ മൊത്തം ആസ്തി ഒരു ലക്ഷം കോടി ഡോളറായി ഉയർന്നുവെന്ന് ഹുറൂണിന്റെ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു.
നടപ്പുവർഷം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലേക്ക് 94 പേരാണ് പുതുതായി എത്തിയത്. ഇന്ത്യയിലെ മൊത്തം അതിസമ്പന്നരുടെ എണ്ണം 271ൽ എത്തി. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ മുൻവർഷത്തേക്കാൾ 51 ശതമാനം വർദ്ധനയുണ്ടായപ്പോൾ ചൈനയിലെ അതിസമ്പന്നരുടെ മൊത്തം ആസ്തി 20 ശതമാനം കുറഞ്ഞു.
ശതകോടീശ്വന്മാരുടെ എണ്ണത്തിൽ ആഗോള തലത്തിൽ ജർമ്മനിയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
മസ്ക് തന്നെ മുന്നിൽ
ആഗോള മേഖലയിൽ 23,100 കോടി ഡോളറിന്റെ ആസ്തിയുമായി ഇലോൺ മസ്ക്കാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ജെഫ് ബസോസ് രണ്ടും ഫ്രാൻസിലെ ബെർണാഡ് ആർനോൾട്ട് മൂന്നും സ്ഥാനങ്ങളിലുണ്ട്. ഫേസ് ബുക്കിന്റെ മാർക്ക് സുക്കർബെർഗ് അഞ്ചാം സ്വാനത്താണ്. പത്താം സ്ഥാനത്ത് 11,500 കോടി ഡോളറിന്റെ ആസ്തിയുമായി റിയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഇടം നേടി.
ഏഷ്യയിൽ മുകേഷ് അംബാനി
ഏഷ്യയിലെ ഏറ്റവും വലിയ അതിസമ്പന്നനെന്ന പദവി മുകേഷ് അംബാനി നിലനിറുത്തി. ഗൗതം അദാനി 8,600 കോടി ഡോളർ ആസ്തിയുമായി പട്ടികയിൽ പതിനഞ്ചാമനാണ്.
മലയാളികളിൽ യൂസഫലി
ഹുറൂൺ ആഗോള പട്ടികയിൽ 700 കോടി ഡോളറിന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഉടമ എം. എ യൂസഫലി 455ാം സ്ഥാനത്താണ്. ജോയ് ആലുക്കാസാണ് മലയാളികളിൽ രണ്ടാം സ്ഥാനത്ത്. പട്ടികയിൽ 595ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ ആസ്തി 500 കോടി ഡോളറാണ്. ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഗോപാലകൃഷ്ണൻ, ബുർജീൽ ഹോൾഡിംഗ്സിലെ ഷംഷീർ വയലിൽ, ടി.എസ് കല്യാണരാമൻ, ആർ.പി ഗ്രൂപ്പ് ഉടമ രവി പിള്ള, ജെംസ് ഗ്രൂപ്പിന്റെ സണ്ണി വർക്കി, ശോഭ ഗ്രൂപ്പിന്റെ പി.എൻ.സി മേനോൻ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഡി ഷിബുലാൽ എന്നിവരും പട്ടികയിൽ ഇടം പിടിച്ചു.
ഓറക്കിൾ ഗ്രൂപ്പിലെ തോമസ് കുര്യൻ, ജ്യോതി ലാബ് ഉടമ എം. പി രാമചന്ദ്രൻ, മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിലെ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, സാറ ജോർജ് മുത്തൂറ്റ്, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഫൈസൽ കൊട്ടിക്കോളിൻ, ആസാദ് മൂപ്പൻ, മലബാർ ഗോൾഡ് ഗ്രൂപ്പ് എം.പി അഹമ്മദ് എന്നിവരാണ് ഹുറൂൺ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |