SignIn
Kerala Kaumudi Online
Saturday, 27 April 2024 11.40 AM IST

മുംബയ് ഇന്ത്യൻസിലെ മൂപ്പിളമ തർക്കം തീരുമോ ?

mumbai

ഇന്നത്തെ മത്സരം

മുംബയ് ഇന്ത്യൻസ് Vs സൺറൈസേഴ്സ് ഹൈദരാബാദ്

7.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും

ആദ്യ മത്സരത്തിലെ തോൽവിയേക്കാൾ കഴിഞ്ഞദിവസം മുംബയ് ഇന്ത്യൻസിനെ അലട്ടിയത് ഞാനോ നീയോ വലുതെന്ന തർക്കവുമായി നായകൻ ഹാർദിക് പാണ്ഡ്യയും മുൻ നായകൻ രോഹിത് ശർമ്മയും പരസ്യമായി വഴക്കടിച്ചതാണ്. അഞ്ചുതവണ കിരീടം നേടിത്തന്ന രോഹിതിനെ മാറ്റി ഈ സീസണിൽ മുൻ താരം ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റാൻസിൽ നിന്ന് കൊണ്ടുവന്ന് ക്യാപ്ടനാക്കിയ പ്പോഴേ ഈ മൂപ്പിളമ തർക്കം പ്രതീക്ഷിച്ചതാണ്.

ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനെതിരെ അഹമ്മദാബാദിൽ ഇറങ്ങിയപ്പോൾ ഗാലറിയിൽ നിന്ന് ഹാർദിക്കിനുള്ള കൂവലിൽ തുടങ്ങി കഷ്ടകാലം. രോഹിതിന് കയ്യടി കിട്ടുകയും ചെയ്തു. മത്സരത്തിൽ മുംബയ് ആറു റൺസിന് തോറ്റതോടെ ഹാർദിക്കിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ആദ്യ ഓവർ ബുംറയെ ഏൽപ്പിക്കാതെ സ്വയം ഏറ്റെടുത്തതും ബൗളിംഗ് ചേഞ്ചുകൾ സ്വന്തം ഇഷ്ടപ്രകാരം നടത്തിയതും രോഹിത് ശർമ്മയോട് ബൗളറി ലൈനിൽ പോയി ഫീൽഡ് ചെയ്യാൻ ആഞ്ജാപിച്ചതും ചേസിംഗിൽ തനിക്ക് മുന്നേ ടീം ഡേവിഡിനെ റാഷിദ് ഖാനെ നേരിടാൻ അയച്ചതുമൊക്കെ ഹാർദിക്കിന് വിമർശനങ്ങളായി മാറി. ഇതിന് പിന്നാലെയാണ് കളി കഴിഞ്ഞശേഷം തന്നോട് സൗഹൃദം കാട്ടാൻ വന്ന പാണ്ഡ്യയെ രോഹിത് കടുത്ത ഭാഷയിൽ വഴക്കുപറയുന്ന ദൃശ്യം വൈറലായത്. ടീമുടമ ആകാശ് അംബാനി പിന്നിൽ നോക്കി നിൽക്കുമ്പോഴായിരുന്നു ഈ തർക്കം. മത്സരത്തിൽ ഓപ്പണറായ രോഹിത് 29 പന്തിൽ 43 റൺസ് നേടിയിരുന്നു. എന്നാൽ ഇന്നിംഗ്സിന്റെ തുടക്കത്തിൽ വേഗത്തിൽ റൺസ് നേടാനാകാത്തതാണ് തോൽവിക്ക് കാരണമെന്ന് ഹാർദിക് കുറ്റപ്പെടുത്തിയതും വിവാദമായി.

ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ഈ തർക്കത്തിൽ നിന്ന് മോചിതരാകാൻ മുംബയ്ക്ക് കഴിയുമോ എന്നാണ് ആരാധകർ നോക്കുന്നത്. ആദ്യ മത്സരത്തിൽ തോറ്റവരാണ് സൺറൈസേഴ്സും. കൊൽക്കത്തയ്ക്ക് എതിരെ 209 റൺസ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങി 204/7ൽ അവസാനിക്കുകയായിരുന്നു സൺ റൈസേഴ്സ്.

12

തുടർച്ചയായ 12-ാം സീസണിലാണ് ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് തോൽക്കുന്നത്. 2009,2010,2011,2012 സീസണുകളിൽ മാത്രമാണ് മുംബയ് ഇന്ത്യൻസിന് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയിക്കാനായത്. 2013 മുതൽ ഇതുവരെ ആദ്യ കളി തോൽക്കുന്നത് ശീലമാക്കിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MUMBAI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.