പത്തനാപുരം: തന്റെ സാരികൾ വിറ്റുകിട്ടിയ പണമുപയോഗിച്ച് ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് ചലച്ചിത്ര താരം നവ്യാ നായർ. 'പ്രീലവ്ഡ് നവ്യ നായർ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്റെ വിലപിടിപ്പുള്ള സാരികൾ കുറഞ്ഞ വിലയ്ക്ക് നവ്യ വിൽക്കുന്നത്. സാരികൾ വിറ്റു ലഭിക്കുന്ന മുഴുവൻ തുകയും ഗാന്ധിഭവനിലെ ആയിരത്തിലധികം അന്തേവാസികൾക്ക് അന്നദാനസഹായമായി നൽകുമെന്ന് നവ്യ പറഞ്ഞു. ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്കായി നൃത്തം അവതരിപ്പിക്കാനായി വൈകാതെ എത്തുമെന്നും അവർ പറഞ്ഞു. മകൻ സായികൃഷ്ണയും നവ്യയുടെ അമ്മ വീണാനായരും ഒപ്പമുണ്ടായിരുന്നു.
ഗാന്ധിഭവൻ ഏർപ്പെടുത്തിയ ലോക നാടക അവാർഡ് മീനമ്പലം സന്തോഷിനും ഗാന്ധിഭവൻ സംഘടിപ്പിച്ച നക്ഷത്രരാഗം കരോൾഗാന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും നവ്യാ നായർ വിതരണം ചെയ്തു. ചടങ്ങിൽ ഗാന്ധിഭവൻ ചെയർപേഴ്സൺ ഷാഹിദാ കമാൽ അദ്ധ്യക്ഷയായി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, സി.ഇ.ഒ വിൻസന്റ് ഡാനിയൽ, ജോസഫ് മാരാരിക്കുളം, എം.ടി.ബാവ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |