ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചെലവുകൾ വെട്ടിച്ചുരുക്കാൻ പുതിയ നിർദേശവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സർക്കാരിന്റെ പരിപാടികൾക്ക് ചുവന്ന പരവതാനികൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. വിദേശ നയതന്ത്രജ്ഞർ സന്ദർശനത്തിനെത്തുന്ന പരിപാടികളിൽ മാത്രം ഇവ ഉപയോഗിക്കാനാണ് നിർദേശം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ചുവന്ന പരവതാനികൾ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയതായി ക്യാബിനറ്റ് അറിയിച്ചു.
സർക്കാർ പരിപാടികളിൽ കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന അധികാരികളുടെയും സന്ദർശന വേളയിൽ ചുവന്ന പരവതാനി ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അനാവശ്യമായ ചെലവുകൾ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശമെന്നാണ് വിലയിരുത്തൽ. ചുവന്ന പരവതാനികൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതോടെ അനേകം ഫണ്ടുകൾ ലാഭിക്കാനാകുമെന്നാണ് ക്യാബിനറ്റിന്റെ കണക്ക് കൂട്ടൽ.
ചെലവ് ചുരുക്കലിന്റെ ഭാഗമായി തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ഷെരീഫും മന്ത്രിസഭാംഗങ്ങളും കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ചെലവ് ചുരുക്കലിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നതായി കഴിഞ്ഞമാസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ മാസമാദ്യമാണ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് അധികാരത്തിലേറിയത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനായ ഷെഹ്ബാസ് ഷെരീഫ് പി.എം.എൽ - എൻ - പി.പി.പി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. 2022 ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെയാണ് 72കാരനായ ഷെഹ്ബാസ് പ്രധാനമന്ത്രിയായത്. കഴിഞ്ഞ ഓഗസ്റ്റ് വരെ അദ്ദേഹം തുടർന്നിരുന്നു. ഏറ്റവും കൂടുതൽ കാലം പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിലിരുന്നത് ഷെഹ്ബാസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |