ന്യൂഡൽഹി: ശ്രീലങ്കയ്ക്ക് കച്ചത്തീവ് വിട്ടുകൊടുക്കാൻ ജവഹർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആരോപിച്ചു. അഞ്ചു വർഷത്തിനിടെ വിവിധ പാർട്ടികൾ കച്ചത്തീവ് വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തനിക്കു നിരവധി തവണ കത്തെഴുതി. സ്റ്റാലിന് 21 തവണ മറുപടി നൽകി. ചെറിയൊരു ദ്വീപിലെ നമ്മുടെ അവകാശവാദം ഒഴിയുകയാണെന്നും പാർലമെന്റിൽ ഇത്തരം വിഷയങ്ങൾ വീണ്ടും ഉന്നയിക്കേണ്ടെന്നും നെഹ്റു പറഞ്ഞിരുന്നു. നെഹ്റുവിന് അതൊരു ചെറിയ ദ്വീപ് മാത്രമായിരുന്നു. കച്ചത്തീവിനെ ശല്യമായാണ് അദ്ദേഹം കണ്ടത്. മുൻ കേന്ദ്രമന്ത്രി സ്വരൺ സിംഗ് പാർലമെന്റിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ് ജയശങ്കർ കോൺഗ്രസിനെ വിമർശിച്ചത്.
പാക് ഉൾക്കടലിൽ സമുദ്രാതിർത്തി നിർണയിക്കുന്ന കരാർ ഇരു രാജ്യങ്ങൾക്കും ന്യായവും നീതിയുക്തവുമായിരിക്കുമെന്ന ആത്മവിശ്വാസമുണ്ട്. അതേസമയം, ഈ കരാറിൽ മത്സ്യബന്ധനത്തിനുള്ള അവകാശങ്ങളും മുൻകാലങ്ങളിൽ ഇരുപക്ഷവും ആസ്വദിച്ച തീർത്ഥാടനവും ജലഗതാഗതവും ഭാവിയിൽ പൂർണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് സ്വരൺ സിംഗ് പാർലമെന്റിൽ പറഞ്ഞത്.
എന്നാൽ രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മറ്റൊരു കരാറുണ്ടായതായി ജയശങ്കർ ചൂണ്ടിക്കാട്ടി. ഈ കരാറിൽ ചില കാര്യങ്ങൾ ഇന്ത്യ നിർദ്ദേശിച്ചു. രണ്ട് രാജ്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതോടെ, ഇന്ത്യയും ശ്രീലങ്കയും അതതു മേഖലകളിലെ വിഭവങ്ങളിൽ പരമാധികാരം വിനിയോഗിക്കും. ശ്രീലങ്കയുടെ ചരിത്രപ്രധാനമായ ജലാശയങ്ങളിലും കടലിലും പ്രത്യേക മേഖലയിലും ഇന്ത്യ മത്സ്യബന്ധനത്തിൽ ഏർപ്പെടില്ലെന്ന് 1974ൽ ഉറപ്പുനൽകി. എന്നാൽ 1976ൽ ഈ കരാർ അവസാനിച്ചു. ഈ കരാറിന്റെ ഫലമായാണ് കഴിഞ്ഞ 20 വർഷത്തിനിടെ 6,184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയത്. ഇന്ത്യയുടെ 1,175 മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു.
വിടാതെ ബി.ജെ.പി
1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ട് ബി.ജെ.പി ആയുധമാക്കി. ഡി.എം.കെയുടെ ഇരട്ടത്താപ്പ് വെളിപ്പെട്ടതായും വിമർശിച്ചു.
തമിഴ്നാട്ടിലുൾപ്പെടെ കച്ചത്തീവ് പ്രചാരണ ആയുധമാക്കുകയാണ് ബി.ജെ.പി. തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 1974ലാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് ഇന്ത്യ വിട്ടുനൽകിയത്.
ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി വിശദീകരിക്കണമെന്നും ചൈനീസ് ഭൂപടത്തിൽ അരുണാചൽ ഉൾപ്പെട്ടതിൽ മോദിക്കെന്താണ് പറയാനുള്ളതെന്നും കോൺഗ്രസ് മറുപടി നൽകി.
വോട്ട് നാടകം മോദി മതിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതികരിച്ചു.
കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയതെന്ന് കഴിഞ്ഞദിവസം മോദി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |