SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.05 PM IST

യുഎഇയിൽ എത്തുന്ന പ്രവാസികളുടെ ആ വലിയ കൈതാങ്ങും പ്രതീക്ഷയും ഇനിയില്ല; നീക്കത്തിന് പിന്നിലെ കാരണമിതാണ്

uae

അബുദാബി: ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിനപ്പുറം ഗൾഫിലെ പ്രവാസികളുടെ പ്രതീക്ഷയും താങ്ങുമാണ് നറുക്കെടുപ്പുകൾ. ഇതിനോടകം തന്നെ യുഎഇയിലെ പ്രമുഖ നറുക്കെടുപ്പിൽ വിജയികളായി അനേകം പ്രവാസികളുടെ ജീവിതം തന്നെ മാറിമറിഞ്ഞിരുന്നു. ഇതിനിടെയാണ് സാധാരണക്കാരായ തൊഴിലാളികൾക്ക് തിരിച്ചടിയായി ആ വാർത്തയെത്തിയത്. യുഎഇയിലെ പ്രമുഖ നറുക്കെടുപ്പ് കമ്പനികൾ പ്രവർത്തനം നിർത്തി വയ്ക്കുന്നു.

മഹ്‌സൂസ്, എമിറേറ്റ്‌സ് ഡ്രോ എന്നീ നറുക്കെടുപ്പ് കമ്പനികൾക്ക് പിന്നാലെ ബിഗ് ടിക്കറ്റും പ്രവർത്തനം നിർത്തി വയ്ക്കുന്നതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നടപടി താത്‌കാലികമാണെങ്കിലും എന്നുമുതൽ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് മൂന്ന് കമ്പനികളും വ്യക്തമാക്കിയിട്ടില്ല.

എന്തുകൊണ്ടാണ് നറുക്കെടുപ്പുകൾ പ്രവർത്തനം നിർത്തിയത്?

യുഎഇയിലെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നീക്കമെന്നാണ് ബിഗ് ടിക്കറ്റിന്റെ വിശദീകരണം. ഗെയിമിംഗ് നിയന്ത്രണങ്ങൾ അനുസരിച്ച് താത്‌കാലികമായാണ് പ്രവർത്തനം നിർത്തുന്നതെന്നും ബിഗ് ടിക്കറ്റ് സൂചിപ്പിച്ചു. യുഎഇയിൽ മികച്ച നിയന്ത്രിത ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള റെഗുലേറ്റർമാരുടെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രവർത്തനം താത്‌കാലികമായി അവസാനിപ്പിക്കുന്നതെന്ന് മഹ്‌സൂസും വിവരിച്ചു.

ഉപഭോക്താക്കൾക്ക് മികച്ച ഗെയിമിംഗ് അനുഭവം നൽകാനാവും വിധം തിരിച്ചെത്താൻ സഹായിക്കുന്നതാണ് ജനുവരി ഒന്ന് മുതലുള്ള പ്രവർത്തനം നിർത്തിവയ്ക്കലെന്ന് എമിറേറ്റ് ഡ്രോയും വ്യക്തമാക്കി. വൈകാതെ യുഎഇയിൽ ദേശീയ ലോട്ടറി അവതരിപ്പിക്കുമെന്നും ഇതിന്റെ നടത്തിപ്പിനുള്ള ലൈസൻസ് യുഎഇയിലെ നറുക്കെടുപ്പ് കമ്പനികൾക്കൊന്നിന് ലഭിക്കുമെന്നും മഹ്‌സൂസിന്റെ വക്താവ് പറഞ്ഞു.

എന്താണ് ജിസിജിആർഎ?

ദേശീയ ലോട്ടറി അവതരിപ്പിക്കുന്നതിനും വാണിജ്യ ഗെയിമിംഗിനുമായി ഒരു നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നതിനുള്ള ഫെഡറൽ സംവിധാനമായി കഴിഞ്ഞ സെപ്‌തംബറിലാണ് ജിസിജിആർഎ സ്ഥാപിതമായത്. സാമൂഹിക ഉത്തരവാദിത്തമുള്ള ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുക എന്ന ചുമതലയാണ് ഈ സംവിധാനത്തിന് പ്രധാനമായും ഉള്ളത്. മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും എല്ലാ നറുക്കെടുപ്പ് ഏജൻസികളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. റെഗുലേറ്ററി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ലൈസൻസിംഗ് കൈകാര്യം ചെയ്യുക, വാണിജ്യ ഗെയിമിംഗിന്റെ സാമ്പത്തിക സാദ്ധ്യതകൾ പരിശോധിക്കുക എന്നിവയാണ് സംവിധാനത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.

ഭാവി പ്രവ‌ർത്തനം എങ്ങനെ?

നറുക്കെടുപ്പിൽ പുതിയ സാദ്ധ്യതകൾ പരിശോധിക്കുകയാണെന്ന് മഹ്‌സൂസും എമിറേറ്റ്‌‌സ് ഡ്രോയും പറഞ്ഞെങ്കിലും ഇതര സേവനങ്ങളും ഉത്‌പന്നങ്ങളും അവതരിപ്പിക്കുമോയെന്നതിൽ വ്യക്തത വരുത്തിയില്ല. അതേസമയം, നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രിൽ മൂന്നിന് നടക്കുമെന്ന് ബിഗ് ടിക്കറ്റ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യൺ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നൽകും. കൂടാതെ ടിക്കറ്റിൽ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞവർഷം ഡിസംബർ 30ന് മഹ്‌സൂസും, ഡിസംബർ 31ന് എമിറേറ്റ്‌സും ഡ്രോയും ഏപ്രിൽ ഒന്നിന് ബിഗ് ടിക്കറ്റും ടിക്കറ്റ് വിൽപന നിർത്തി. ബിഗ് ടിക്കറ്റിന്റെ സ്റ്റോറുകളും താത്‌കാലികമായി അടച്ചു. ബിഗ് ടിക്കറ്റിന്റെ ഡിജിറ്റൽ പ്ളാറ്റ്‌ഫോം ലഭ്യമാണെങ്കിലും ടിക്കറ്റ് വാങ്ങൽ, അക്കൗണ്ട് ലോഗിൻ, അക്കൗണ്ട് രജിസ്ട്രേഷൻ തുടങ്ങിയ വെബ്‌സൈറ്റ് സൗകര്യങ്ങൾ താൽക്കാലികമായി പ്രവർത്തനരഹിതമാകും. മറ്റ് രണ്ട് ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഈ കാലയളവിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളും പ്രവർത്തനരഹിതമായിരിക്കും.

അതേസമയം, ഉപഭോക്താക്കൾക്ക് ശേഷിക്കുന്ന അക്കൗണ്ട് ബാലൻസ് പിൻവലിക്കാൻ അഭ്യർത്ഥിക്കാവുന്നതാണ്. മുൻ നറുക്കെടുപ്പുകളിൽ സമ്മാനങ്ങൾ നേടിയ വിജയികൾക്ക് ചെറുതോ വലുതോ ആയ എല്ലാ സമ്മാനങ്ങളും പൂർണ്ണമായും നൽകപ്പെടുമെന്നും മൂന്ന് കമ്പനികളും വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, RAFFLE DRAW, MAHZOOZ DRAW, EMIRATES DRAW, BIG TICKET, ON PAUSE, REASON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.