SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.16 PM IST

മദ്ധ്യകേരളത്തിന്റെ മനസിളക്കി പ്രതിപക്ഷ നേതാവ് (ചുവരെഴുത്ത് പേജിലേയ്ക്ക്)

vd-satheeshan

കോട്ടയം: പുലർച്ചെ തുടങ്ങിയ പത്രവായന പൂർത്തിയാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പത്തനംതിട്ട മണ്ഡലം സ്ഥാനാർത്ഥി ആന്റോ ആന്റണിക്കൊപ്പം പരുമലയിൽ ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയെ കാണാനെത്തുമ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു. കൈപിടിച്ച് സ്വീകരണ മുറയിലേയ്ക്ക് ആനയിക്കുമ്പോഴേയ്ക്കും തീൻ മേശയിൽ അപ്പവും മുട്ടറോസ്റ്റും റെഡി. തേങ്ങാപ്പാലൊഴിച്ച് കുറുക്കിയ മുട്ടക്കറിക്കൊപ്പം കീറിയെടുത്ത അപ്പമെടുത്ത് നാവിലേയ്ക്ക് വച്ചു പറഞ്ഞു, '' രുചി പിടിച്ചു പക്ഷേ, പാതിവയറിനെ കഴിക്കൂ''. യാത്രകളുള്ളതിനാൽ എപ്പോഴും പാതി കഴിക്കുന്നതാണ് ശീലം. പക്ഷേ, തിരുമേനിയുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് പഴംകൂടി കഴിച്ചു. കൈകഴുമ്പോഴേയ്ക്കും കേന്ദ്ര സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളെല്ലാം ചർച്ചയ്ക്ക് വന്നിരുന്നു. സൗഹൃദ സന്ദർശനങ്ങളിൽ തുടങ്ങി മുണ്ടക്കയത്ത് ആവേശകരമായ മണ്ഡലം കൺവെൻഷനിലും പങ്കെടുത്ത് രാത്രി ഏറെ വൈകി കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വിലയിരുത്തി മടങ്ങുമ്പോഴേയ്ക്കും രാത്രി ഒമ്പത് കഴിഞ്ഞിരുന്നു.

മദ്ധ്യതിരുവിതാംകൂറിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കുകയായിരുന്നു സതീശന്റെ സന്ദർനശങ്ങളുടെ ലക്ഷ്യം. പരുമലയിൽ നിന്ന് നേരേ പോയത് തിരുവല്ലയിൽ മാർത്തമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമാ മെത്രോപ്പൊലീത്തയെ കാണാൻ. അവിടെ നിന്ന് കുമ്പനാട് പി.ആർ.ഡി.എസ് ആസ്ഥാനത്തേയ്ക്ക്. ആന്റോയുടെ വിജയത്തിനായി പിന്തുണ തേടി. കർഷക പ്രശ്നം മുതൽ മണിപ്പൂർവരെയുള്ള വിഷയങ്ങളെല്ലാം ചർച്ചയ്ക്ക് വന്നു. ഉച്ചയോടെ തിരുവല്ലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിപുലമായ പത്രസമ്മേളനം. എസ്.ഡി.പി.ഐയുടെ പിന്തുണയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി. റാന്നിയിലേയ്ക്കുള്ള യാത്രയിക്കിടെ ഗൗരവമായ ഫോൺ വിളികൾ. പൊരിവെയിലിന്റെ ക്ഷീണമകറ്റാൻ അരിഞ്ഞെടുത്ത പഴങ്ങൾ പ്രത്യേകം കരുതിയിട്ടുണ്ട് കാറിൽ. ഉച്ചയ്ക്ക് റാന്നിയിൽ യൂത്ത് കോൺഗ്രസ് നേതാവ് റിങ്കു ചെറിയാന്റെ വീട്ടിൽ ഒരുപടയ്ക്കുള്ള ആളുണ്ട്. പ്രവർത്തകർക്കൊപ്പം സെൽഫിയെടുത്തും കുശലം പറഞ്ഞുമിരിക്കുന്നതിനിടെ ഇളനീരെത്തി. പിന്നാലെ ഉച്ചയൂണും.

മുണ്ടക്കയത്ത് വൈകിട്ട് നാലിനാണ് ആന്റോ ആന്റണിക്കായി റോഡ് ഷോയും കൺവെൻഷനും. വഴിമദ്ധ്യേ തുലാപ്പള്ളിയിലെത്തി ആനയുടെ ആക്രമണത്തിൽ മരിച്ച ബിജുവിന്റെ കുടുംബത്തിനെ കണ്ടു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ചുറ്റുംകൂടിയ കടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വന്യമൃഗങ്ങളുടെ പീഡനമനുഭവിക്കുന്ന കർഷകരെ ചേ‌ർത്തു പിടിച്ചു. അഞ്ചോടെ മുണ്ടക്കയം കോസ്‌വെയിലെത്തുമ്പോൾ നൂറുകണക്കിന് പ്രവർത്തകരുടെ മുദ്രാവക്യം വിളി അന്തരീക്ഷത്തിലലിഞ്ഞു. ചിരിച്ചും കൈകാട്ടിയും അഭിവാദ്യം. തുറന്ന ജീപ്പിൽ നഗരത്തിലൂടെ സ്ഥാനാർത്ഥിക്കൊപ്പം റോഡ് ഷോ. സമ്മേളന ഹാളിന് മുന്നിലിറങ്ങിയ നേതാവിനെ ജനക്കൂട്ടം തോളിലേറ്റി. ചിരിച്ചും കൈകാട്ടിയും തിരികെ സ്നേഹം പ്രകടിപ്പിച്ചു.

കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങളുടെ ഭയം മുതൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയും ധൂർത്തും ഉൾപ്പെടെ പരമാർശിച്ചുള്ള പ്രസംഗം. എസ്.ഡി.പി.ഐയോടുള്ള നിലപാടും റിയാസ് മൗലവിക്ക് നീതി കിട്ടാത്തത്തതും പരമാർശിച്ച് അവസാനിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.