കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ സി പി എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പാനൂർ കൈവേലിക്കൽ കാട്ടീന്റവിടെ ഷെറിൻ (31) ആണ് മരിച്ചത്. സി പി എം പ്രവർത്തകരായ മുളിയാത്തോടിൽ വി.പി.വിനീഷ് (36), കുന്നോത്തുപറമ്പിൽ ചിരക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ, 25) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിനീഷിന്റെ അയൽക്കാരനും ലോട്ടറി തൊഴിലാളിയുമായ മനോഹരന്റെ ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന വീടിന്റെ ടെറസിൽ വച്ചായിരുന്നു ബോംബ് നിർമാണം. ഈ വീടിന്റെ സമീപത്തുനിന്നായി രണ്ട് ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ വീട് ദുരുപയോഗം ചെയ്‌തെന്നുകാണിച്ച് മനോഹരന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തിന് വേണ്ടിയായിരുന്നു ബോംബ് ഉണ്ടാക്കിയതെന്ന് കണ്ടെത്താനായിട്ടില്ല.
പാനൂരിലെ പ്രാദേശിക സി പി എം നേതാവിന്റെ മകനാണ് വിനീഷ്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷെറിന്റെ ഇരുകൈപ്പത്തികളിലും അറ്റുപോയിരുന്നു. 50 മീറ്റർ ദൂരെ നിന്നാണ് കൈപ്പത്തി കണ്ടെത്തിയത്.
അഞ്ചംഗ സംഘമാണ് ബോംബ് നിർമാണത്തിൽ പങ്കാളികളായതെന്നാണ് പ്രാഥമിക വിവരം. നിസാര പരിക്കേറ്റ ബാക്കിയുള്ളവർ ഒളിവിൽ പോയെന്നാണ് കരുതുന്നത്. സ്ഥലത്ത് ഫോറൻസിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |