SignIn
Kerala Kaumudi Online
Monday, 07 July 2025 10.38 PM IST

സ്വന്തം പാർട്ടിക്കാർക്ക് മാത്രമല്ല എതിരാളികൾക്കും ബോംബ് നിർമ്മിച്ച് നൽകും! പരീക്ഷിക്കാൻ  പൊഖ്റാനും; കണ്ണൂരിന്റെ മാറുന്ന മുഖം

Increase Font Size Decrease Font Size Print Page
kannur

കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോട‌നമാണ് കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സ്ഫോടനാത്മകമായ ചർച്ചാവിഷയം. പ്രതിബന്ധങ്ങൾ ഒത്തിരി ഉണ്ടായിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ മറ്റുള്ളവരെ പിന്നിലാക്കി മുന്നോട്ടുകുതിച്ചിരുന്ന സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയായി സ്ഫോടനം. ന്യായീകരിക്കാൻ പ്രാദേശിക നേതാക്കൾ മുതൽ പാർട്ടി സെക്രട്ടറിവരെ മത്സരിക്കുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല.

പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ജയം ഏറെ അനിവാര്യമായ വടകരയിലാണ് ബോംബ് സ്ഫോടനം കനത്ത ആഘാതമുണ്ടാക്കിയിരിക്കുന്നത്. പാർട്ടിയുടെ ഉറച്ചകോട്ടയായിരുന്ന മണ്ഡലം യുഡിഎഫിന്റെ കൈകളിലെത്തിയതുതന്നെ അക്രമരാഷ്ട്രീയത്തിനെതിരെ ജനങ്ങൾ വിധിയെഴുതിയതുകൊണ്ടാണ്. അക്രമം പഴയകഥമാത്രമാണെന്നും ഇപ്പോൾ അങ്ങനെയൊന്ന് ചിത്രത്തിലേ ഇല്ലെന്നുപറഞ്ഞ് പ്രചാരണം തുടരുന്നതിനിടെയാണ് ഒരാളുടെ ജീവനെടുത്ത സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നിൽ പ്രവർത്തിച്ചവരെ നേതാക്കൾ തള്ളിപ്പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരിച്ചയാളുടെ വീട്ടിൽ പ്രാദേശിക നേതാക്കൾ എത്തിയതും കേരളം കണ്ടു.

ബോംബ് വാങ്ങാൻ മറ്റുപാർട്ടിക്കാരും

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാണ് ഇത് തുടങ്ങിയതെന്ന് പാർട്ടികൾക്കുപോലും നിശ്ചയമില്ല. പക്ഷേ, ഇപ്പോഴും തുടരുന്നു എന്നുമാത്രം അറിയാം. എതിരാളികളെ അടിച്ചൊതുക്കി സ്വന്തം ആധിപത്യം സ്ഥാപിക്കാൻ പാർട്ടിക്കാർ തുടങ്ങിയതോടെയാണ് അക്രമവും തുടങ്ങിയത്. ഭയപ്പെടുത്താാൻ എറിഞ്ഞുതുടങ്ങിയ നാടൻ പടക്കങ്ങൾക്ക് കാലം മാറിയതോടെ രൂപവും ഭാവവും മാറി. പടക്കം ബോംബായി. പൊട്ടിത്തെറിയുടെ ശക്തി ജീവനെടുക്കാൻ പോന്നതായി. പ്രഹരശേഷി കൂട്ടാൻ പ്രത്യേക ഗവേഷണ സംഘങ്ങൾ തന്നെ രൂപപ്പെട്ടു. ഓരോപാർട്ടിക്കും ഇത്തരം സംഘങ്ങളുണ്ടത്രേ.

kannur

പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുതുടങ്ങിയതും അക്രമരാഷ്ട്രീയത്തിനെതിരായ മുറവിളി നിന്തരം ഉയരുകയും ചെയ്തതോടെ പേരുദോഷങ്ങൾ മാറ്റി കണ്ണൂരും പുതിയ കാലത്തിലേക്ക് മാറിത്തുടങ്ങിയിരുന്നു. ഈ മാറ്റത്തിൽ ജോലി നഷ്ടമായത് വെട്ടാനും കൊല്ലാനും മാത്രമറിഞ്ഞിരുന്നവർക്കാണ്. തങ്ങളുടെ ഓമനകളായിരുന്ന ഇവരെ പാർട്ടിക്കാരും കൈവിട്ടുതുടങ്ങി. അതോടെ ഇവരുടെ അന്നംമുട്ടി. ജീവിക്കാനുള്ള വഴി കണ്ടെത്താനായി സ്വർണക്കടത്തിനും കള്ളക്കടത്തായി കൊണ്ടുന്ന സ്വർണം തട്ടിപ്പറിക്കുന്നതിലും ഇറങ്ങിത്തുടങ്ങി. ചിലർ ക്വട്ടേഷനിലേക്ക് ചുവടുമാറി.

എന്നാൽ ബോംബുണ്ടാക്കൽ വിദഗ്ദ്ധരായവർക്ക് ഇതുപോലുളള ജോലികളൊന്നും പറ്റാതായി. ഇവർക്ക് ബോംബ് വില്പനയുടെ മേച്ചിൽപ്പുറങ്ങൾ പാർട്ടിക്കാർ തന്നെ തുറന്നുകൊടുത്തു. ആവശ്യക്കാർക്ക് അവർ പറയുന്നത്ര ബോംബുകൾ നിർമ്മിച്ച് നൽകുക. പ്രഹരശേഷി എത്രയായിരിക്കണമെന്ന് വാങ്ങാനെത്തുന്നവർ തന്നെ നിർദ്ദേശം നൽകാറുണ്ടത്രേ. ഗുണ്ടാസംഘങ്ങൾ മാത്രമല്ല പ്രമുഖ പാർട്ടിക്കാർ തന്നെ ഇത്തരം സംഘങ്ങളിൽ നിന്നാണ് ഇപ്പോൾ ബോംബുകൾ വാങ്ങുന്നതത്രേ. പാനൂരിൽ സംഭവിച്ചതുപോലുള്ള അപകടങ്ങൾ ഉണ്ടായാൽ പേരുദോഷം തങ്ങൾക്കുമേൽ വീഴാതിരിക്കാനാണിത്. മുൻകൂർ പണം നൽകുന്നതാണ് പാർട്ടിക്കാരുടെ പാനൂരിൽ ബോംബുണ്ടാക്കിയത് ഇങ്ങനെ വിൽക്കാൻ വേണ്ടിയാണോ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്.

പ്രഹരശേഷി കൂട്ടാൻ സർജിക്കൽ ബ്ലേഡുകളും

മുൻകാലങ്ങളിൽ കുപ്പിച്ചിലും കൂർത്ത ഇരുമ്പുകഷ്ണങ്ങളും ആണികളുമൊക്കെയാണ് ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ സർജിക്കൽ ബ്ലേഡുകൾ വരെ ഉപയോഗിക്കുന്നുണ്ടത്രേ. സ്ഫോടനത്തിന്റെ ശക്തിയിൽ ഇവ എതിരാളികളുടെ ശരീരത്തിൽ തുളഞ്ഞുകയറി അവരുടെ ജീവനെടുക്കുകയോ ജീവിതാവസാനംവരെ കിടത്തുകയോ ആണ് ലക്ഷ്യം. എങ്ങനെ ആഘാതം കൂട്ടാമെന്നകാര്യം പഠിപ്പിക്കാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്.ക്വാറികളിൽ നിന്നുൾപ്പടെയാണ് സ്ഫോടനത്തിന് ആവശ്യമായ രാസവസ്തുക്കൾ ശേഖരിക്കുന്നത്. ആരുടെയും ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്തായിരിക്കും ബോംബ് നിർമ്മാണം. അഥവാ അപകടം ഉണ്ടായാലും പുറത്തറിയാതിരിക്കാനാണിത്. കൈയബദ്ധം പറ്റി പണി പാളിയാൽ പരിക്കേറ്റവരെ ആശുപ്രതിയിലെത്തിക്കാൻ പ്രത്യേക 'രക്ഷാപ്രവർത്തകരെയും' നിയോഗിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.

kannur

പരീക്ഷിക്കാൻ പൊഖ്‌റാൻ

ഇന്ത്യയുടെ ആറ്റംബോംബ് പരീക്ഷിച്ചത് പൊഖ്റാൻ മരുഭൂമിയിലാണ്. ഉണ്ടാക്കുന്ന നാടൻബോംബുകൾ പരീക്ഷിക്കുന്ന കണ്ണൂരിലെ സ്ഥലം അറിയപ്പെടുന്നതും പൊഖ്‌റാൻ എന്നപേരിൽ തന്നെയാണ്.. പാട്യത്തെ കൊങ്കച്ചി പ്രദേശത്തിലാണ് പൊഖ്റാൻ സ്ഥിതിചെയ്യുന്നത്. ബോംബുകളുടെ ശക്തി എത്രത്തോളമുണ്ടെന്ന് അറിയിക്കാനാണ് ഇവിടെ പ്രയോഗിച്ചുനോക്കുന്നത്. എതിരാളികളെ വിറപ്പിക്കുന്നതിനൊപ്പം വാങ്ങാനെത്തുന്നവർക്ക് വിശ്വാസം കൂട്ടാനും ഇത്തരം പരീക്ഷണങ്ങൾ ഉപകരിക്കുമത്രേ.

കോഴിക്കോടുമായുള്ള അതിർത്തിക്കടുത്ത പ്രദേശങ്ങളിലാണ് ബോംബുനിർമ്മാണം കൂടുതലെന്നാണ് പൊലീസ് പറയുന്നത്. പാനൂർ, ചൊക്ളി, കൊളവല്ലൂർ സ്റ്റേഷൻ അതിർത്തിയിലാണ് നിർമ്മാണം കൂടുതൽ നടക്കുന്നത്. നിർമ്മാണ സംഘങ്ങളെ ഇവിടത്തെ പൊലീസുകാർക്കുപോലും പേടിയാണത്രേ. അതുകൊണ്ടുതന്നെ നിർമ്മാണ സാമഗ്രികളൊക്കെ ഇവർക്ക് ആവശ്യാനുസരണം ലഭിക്കുകയും ചെയ്യും. ആരും തടയുകയുമില്ല.

പിടിച്ചെടുക്കുന്ന നാടൻബോംബുകൾ നിർവീര്യമാക്കാൻ പാനൂർ സ്റ്റേഷൻ വളപ്പിൽ അടുത്തകാലംവരെ വഴിയൊരു കുഴിയുണ്ടായിരുന്നു. ഇപ്പോൾ അത് നികത്തി ചെറിയൊരു തടാകത്തിന്റെ രൂപത്തിലാക്കിയിട്ടുണ്ട്. ഇത് മനോഹരമാക്കാൻ ചെറുമീനുകളെയും വളർത്തുന്നുണ്ട്. എന്നാൽ അക്രമികൾക്ക് എല്ലാവരും കൈഅയച്ച് സഹായം ചെയ്യുമ്പോൾ കണ്ണൂരിന് പുതു സൗന്ദര്യം അടുത്തകാലത്തെങ്ങും ഉണ്ടാവുമോ എന്നാണ് പൊലീസുകാർക്കുള്ള സംശയം.

തീരാവേദനയിൽ നിരപരാധികളും

എതിരാളികളുടെ ജീവനെടുക്കാൻ ഉണ്ടാക്കുന്ന ബോംബുകൾ നിരപരാധികൾക്കും തീരാവേദന നൽകുന്നുണ്ട്. അമാവാസി എന്ന പൂർണചന്ദ്രൻ, ഡോക്ടർ അസ്ന എന്നിങ്ങനെ ഉദാഹരണങ്ങൾ നിരത്താൻ ഒത്തിരിപേരുകളുണ്ട്. പാനൂരിനടുത്ത് കല്ലിക്കണ്ടിയിൽ ആക്രിപെറുക്കി നടക്കുന്നതിനിടെ ലഭിച്ച തിളങ്ങുന്ന സ്റ്റീൽ പാത്രത്തിനുളളിൽ എന്താണെന്ന് അറിയാൻ ചുറ്റികകൊണ്ട് അടിച്ചപ്പോഴുണ്ടായ ഉഗ്ര സ്ഫോടനം കവർന്നെടുത്തത് ആ കുഞ്ഞിന്റെ ഒരു കണ്ണും കൈയുമാണ്.

kannur

രാഷ്ട്രീയ എന്തെന്നറിയാത്ത പ്രായത്തിൽ വീട്ടുമുറ്റത്ത് കുഞ്ഞനുജനൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്രമികൾ എതിരാളികൾക്ക് നേരെ വലിച്ചെറിഞ്ഞ ബോംബ് അഞ്ചുവയസുകാരി അസ്നയുടെ ഒരു കാൽ തകർത്തത്. മാസങ്ങളോളം ചികിത്സിച്ചെങ്കിലും വലതുകാൽ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നു. വാശിയോടെ പഠിച്ച അസ്ന ഇപ്പോൾ ഡോക്ടറാണ്.

TAGS: KANNUR, BOMB, POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.