SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.52 AM IST

ഓൺലൈൻ പർച്ചേസിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, ബ്രഷിംഗ് സ്‌‌കാം; നിങ്ങളറിയാതെ തന്നെ പണം ചോരും

online-purchasing

തിരുവനന്തപുരം: ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ഉപഭോക്താക്കളടക്കം തലസ്ഥാനത്ത് തട്ടിപ്പിനിരയായിരിക്കുകയാണ്.

ഡാർക്ക് വെബ് പോലുള്ള സൈബർ ഇടങ്ങളിൽ നിന്ന് വ്യക്തിവിവരം ചോർത്തിയാണ് തട്ടിപ്പ് നടത്തുന്നത്. പതിവായി ഓൺലൈൻ പർച്ചേസിംഗ് നടത്തുന്നവരെയാണ് ഇരകളാക്കുന്നത്. ഒന്നിലധികം സാധനങ്ങൾ ഓർഡർ ചെയ്യുന്നവർ ക്യാഷ് ഓൺ ഡെലിവറി ചെയ്ത് പാക്കേജുകൾ നോക്കുമ്പോഴാണ് ഓർഡർ ചെയ്യാത്തവയും ഉണ്ടെന്നറിയുന്നത്. ഓർഡർ ചെയ്ത ആളാവില്ലല്ലോ പലപ്പോഴും സ്വീകരിക്കുക. പാക്കറ്റിൽ പറയുന്ന പണം നൽകും. 'ഡെൽഹിവെറി' പോലുള്ള കൊറിയർ സർവീസുകൾ വഴിയാണ് സാധനങ്ങൾ അയയ്ക്കുന്നത്.

'ബ്രഷിംഗ് സ്കാം' എന്ന തട്ടിപ്പ് രീതിയാണ് ഉപയോഗിക്കുന്നതെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. പ്രോഡക്ടിന് വൻ വില്പനയാണെന്ന് കാണിക്കാനും വ്യാജ കസ്റ്റമർ റിവ്യൂയിലൂടെ വില്പന വർദ്ധിപ്പിക്കാനുമാണ് ബ്രഷിംഗ് സ്കാം ഉപയോഗിക്കുന്നത്. വില കുറഞ്ഞതും നിലവാരമില്ലാത്തതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഭരണങ്ങൾ, മരുന്നുകൾ, പഴയ പുസ്തകങ്ങൾ എന്നിവയാണ് ഇത്തരത്തിൽ അയയ്ക്കുന്നത്.

തട്ടിപ്പ് ഇങ്ങനെ: ഡാർക്ക് വെബിലോ സമൂഹമാദ്ധ്യമങ്ങളിലോ നിന്ന് പേര്, മെയിൽ-ഐഡി, മേൽവിലാസം, വയസ് തുടങ്ങിയവ ചോർത്തും. ഇവ ഉപയോഗിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയോ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയോ ചെയ്യും. ഇതിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യും. സാധനം ഉപഭോക്താവ് കൈപ്പറ്റിക്കഴിഞ്ഞാൽ ആ അക്കൗണ്ട് വഴി ഹാക്കർ തന്നെ പ്രോഡക്ടിനെപ്പറ്റി നല്ല റിവ്യൂ നൽകും. ഇതിലൂടെ കമ്പനിക്കും പ്രോഡക്ടിനുമുള്ള വിശ്വാസ്യത വർദ്ധിപ്പിക്കും. കാഷ് ഓൺ ഡെലിവറി ചെയ്യുന്നവർക്ക് വേണ്ടാത്ത സാധനത്തിന് പണവും പോകും. റിട്ടേൺ ഓപ്ഷൻ ഉണ്ടായിരിക്കില്ല. മക്കൾ വിദേശത്തുള്ളവർക്കും പ്രായമായവർക്കും റിട്ടേൺ സേവനങ്ങളെക്കുറിച്ച് അവബോധം കുറവായിരിക്കും. ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഡെലിവറി സമയത്ത് തന്നെ പാക്കേജ് തുറന്നുനോക്കാമെങ്കിലും ചെറിയ പ്ലാറ്റ്ഫോമുകളിൽ ഈ സേവനം ഉണ്ടാവണമെന്നില്ല.

വിവരച്ചോർച്ച

ഡാർക്ക് വെബിൽ നിന്നെടുക്കുന്ന വിവരങ്ങളിലൂടെ ഉപഭോക്താവിന്റെ ഇ-കൊമേഴ്സ് അക്കൗണ്ടുകൾ നിരീക്ഷണത്തിലാക്കും. ഓരോരുത്തരും ഏതൊക്കെ സാധനങ്ങളാണ് വാങ്ങുന്നത്, എത്ര ദിവസം കൂടുമ്പോൾ വാങ്ങുന്നു, ഏതൊക്കെ സാധനങ്ങൾ വിഷ്‌ ലിസ്റ്റിലുണ്ട്, ഓൺലൈൻ പേയ്മെന്റാണോ, സി.ഒ.ഡി ആണോ എന്നീ വിവരങ്ങൾ ചോർത്തുന്നു. ഓൺലൈൻ പേയ്മെന്റെ് തിരഞ്ഞെടുക്കുന്നവർക്ക് നേരത്തെക്കൂട്ടി ഷിപ്പിംഗ് ഫീ അടക്കം ഹാക്കർ അയയ്ക്കും.

എല്ലാത്തിനെയും വിശ്വസിക്കരുത്

സമൂഹമാദ്ധ്യമങ്ങളിൽ കാണുന്ന എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും വിശ്വസിക്കരുത്.

ഓർഡർ ചെയ്യാത്ത സാധനം ലഭിച്ചാൽ കൊറിയർ വഴി അയച്ച സ്ഥലത്തിന്റെ മേൽവിലാസം ട്രാക്ക് ചെയ്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെടണം.

ഇടയ്ക്കിടയ്ക്ക് അക്കൗണ്ട് പാസ്‌വേഡുകൾ മാറ്റണം. സൈബർ ഹെല്പ് ലൈൻ: 1930

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ONLINE PURCHASING, BRUSHING SCAM, ONLINE SHOPPING, FRAUD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.