ഇരിങ്ങാലക്കുട: ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് ചാലക്കുടി സ്വദേശിയിൽ നിന്നും മൂന്നുലക്ഷം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ മുട്ടപ്പാലം ദേശത്ത് ദാറുൽ സലാമിൽ മുഫ്‌ലിക്ക് (22),കാരേറ്റ് ദേശത്ത് പുളിക്കക്കോണത്ത് വിഷ്ണു (27) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി ഡോ. നവനീത് ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിലെ എച്ച്.ഡി.എഫ്.സി ബാങ്കിലെ സ്റ്റാഫാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ചാലക്കുടി സ്വദേശിയായ
പരാതിക്കാരനിൽ നിന്നും 3.15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കമ്പോഡിയ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന മുഫ്‌ലിക്കും തട്ടിപ്പിന് ഉപയോഗിക്കുന്നതിനായി അമ്പതോളം വ്യാജ സിം കാർഡുകൾ നൽകിയ തിരുവനന്തപുരം സ്വദേശിയായ വിഷ്ണുവുമാണ് പിടിയിലായത്. വ്യാജ സിം കാർഡ് നൽകിയ വിഷ്ണുവിനെ അറസ്റ്റ് ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഫ്‌ലിക്കിനെ പൊലീസ് പിടികൂടിയത്. കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തും നിരവധി പേരിൽ നന്നായി പണം തട്ടിയെന്നും ആ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നും പൊലീസ് പറഞ്ഞു. ഡി.സി.ആർ.ഡി.ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ മേൽനോട്ടത്തിൽ മാള സി.ഐ: സുനിൽ പുളിക്കൻ, കാട്ടൂർ സബ് ഇൻസ്പക്ടർ എൻ.ആർ. സുജിത്ത്, സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ എസ്.ഐ കെ.ബി. സുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജി. അജിത്ത് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |