SignIn
Kerala Kaumudi Online
Monday, 05 October 2026 3.59 PM IST

എന്റെ സ്വകാര്യത ഈ കോടതിയിൽ സുരക്ഷിതമല്ല, പൊട്ടിത്തെറിച്ച് അതിജീവിത, നീതി കിട്ടുംവരെ പോരാട്ടമെന്ന് നടി

READ ENGLISH VERSION
high-court

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പൊട്ടിത്തെറിച്ച് അതിജീവിത. മെമ്മറി കാർഡ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി ശേഖരിച്ച മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സോഷ്യൽ മീഡിയയിലൂടെ അതിജീവിതയുടെ പ്രതികരണം.

ട്രാജിക്കലി ഷോക്കിംഗ് എന്നാണ് വിചാരണക്കോടതി ജഡ്‌ജിയുടെ നടപടിയെ അതിജീവിത വിശേഷിപ്പിച്ചത്. ഇരയാക്കപ്പെട്ടവ്യക്തിയുടെ നീതിക്ക് കോട്ടകെട്ടി കരുത്ത് പകരേണ്ട കോടതിയിൽ നിന്നും ഇത്തരമൊരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേറ്റ നീചരുമാണെന്നത് സങ്കടകരമാണെന്ന് അതിജീവിത കുറിച്ചു. സത്യസന്ധരായ ന്യായാധിപന്മാരിൽ വിശ്വാസമുണ്ടെന്നും, നീതി കിട്ടുംവരെ പോരാട്ടമെന്നും നടി കൂട്ടിച്ചേർത്തു.

insta-post

കേസിൽ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകന്റെ എതിർപ്പ് കണക്കിലെടുക്കാതെയാണ് അതിജീവിതയ‌്ക്ക് മൊഴികളുടെ പകർപ്പ് കൈമാറാൻ ജസ്റ്റിസ് കെ.ബാബു നിർദേശം നൽകിയത്. മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിനെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന ഉപഹർജിയിൽ മേയ് 30ന് വിശദവാദം കേൾക്കും.

ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണം വേണ്ടവിധം നടന്നില്ലെന്നും അന്വേഷണ റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും ഉപഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അന്വേഷണംതേടി മുമ്പ് നൽകിയ ഹർജിയുടെ തുടർച്ചയായതിനാലാണ് ഉപഹർജി നൽകിയതെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ വാദിച്ചു. അതേസമയം സെഷൻസ് ജഡ്‌ജിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും നീതിന്യായ സംവിധാനത്തെയടക്കം മോശമാക്കുന്നതാണിതെന്നും ദിലീപിനായി ഹാജരായ അഡ്വ. ഫിലിപ്പ് ടി.വർഗീസ് പറഞ്ഞു.

2018 ജനുവരി ഒന്നിന് രാത്രി 11.56ന് അങ്കമാലി കോടതിയിലെ മജിസ്‌ട്രേറ്റ് ലീന റഷീദും ഡിസംബർ 13ന് രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലായ് 19ന് പകൽ വിചാരണക്കോടതിയിലെ ശിരസ്‌തദാർ താജുദ്ദീനും മെമ്മറികാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ താജുദ്ദീന്റെ നടപടി മാത്രമാണ് നിയമവിരുദ്ധമെന്നും റിപ്പോർട്ടിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ACTRESS ATTACK CASE, KOCHI, MEMMORY CARD, HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY