ആലക്കോട്: ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് അനേകം വീടുകൾക്ക് വിള്ളൽ വീഴ്ത്തിയ തോട്ടുപുറം പാറമട അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആലക്കോട് ഇഞ്ചിയാനി അതിജീവന സമിതി നേതൃത്വത്തിൽ ആലക്കോട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ജനങ്ങളുടെ ജീവനും ജീവിതവും തകർക്കുന്ന പാറമട ലോബിയോട് ഒട്ടിനിൽക്കുന്ന സമീപനത്തിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി പിൻമാറണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ജനകീയ പ്രതിരോധസമിതി ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ ആവശ്യപ്പെട്ടു. തോട്ടുപുറം പാറമട എന്നന്നേയ്ക്കുമായി അടച്ചു പൂട്ടുന്നതുവരെ കരുത്തുറ്റ സമരവുമായി മുന്നോട്ടുപോകുമെന്ന് ധർണ്ണയിൽ സംസാരിച്ചുകൊണ്ട് വിവിധ സംഘടനാനേതാക്കൾ മുന്നറിയിപ്പ് നൽകി. സമിതി ചെയർമാൻ ബേബി വടക്കേക്കര അദ്ധ്യക്ഷനായി. ജോയി പുളിയംമാക്കൽ, ജെയിംസ് കോലാനി, കെ.കെ. മണി, ജേക്കബ് എം.വൈ, എ.സി. ശങ്കർ, കെ.എസ്. സജീവൻ, സി.ജെ. ജോർജ്, ഡയ്സി പൗലോസ് എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണ്ണയ്ക്കും സിബി സി. മാത്യു, കെ.ഒ. കുട്ടപ്പൻ, എ.എ. ജറീഷ്, കെ.എം. സാബു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |