SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.34 PM IST

ലെവർ, പുലിയാണ് കേട്ടാ...

leverkusan

ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബാൾ കിരീടം സ്വന്തമാക്കി ബയേർ ലെവർകൂസൻ

ലെവർകൂസൻ ബുണ്ടസ് ലിഗ ജേതാക്കളാകുന്നത് ചരിത്രത്തിലാദ്യം

ലെവർകൂസൻ അവസാനിപ്പിച്ചത് 11 വർഷമായുള്ള ബയേൺ മ്യൂണിക്കിന്റെ കുത്തക

ബെർലിൻ: കഴിഞ്ഞ 11 വർഷമായി ജർമ്മൻ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്ക് കുത്തകയാക്കി വച്ചിരുന്ന കിരീടം സ്വന്തമാക്കി ബയേർ ലെവർകൂസൻ ക്ളബ്. ബുണ്ടസ് ലിഗ ചരിത്രത്തിൽ ലെവർകൂസന്റെ ആദ്യ കിരീടമാണിത്. ഞായറാഴ്ച എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വെർഡർ ബ്രെമനെ തോൽപിച്ചതോടെയാണ് സീസണിൽ അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെതന്നെ ലെവർകൂസൻ കിരീടം ഉറപ്പിച്ചത്.

കന്നി കിരീടം സ്വന്തമാക്കും മുമ്പ് ബുണ്ടസ് ലിഗയിൽ ലെവർകൂസൻ അഞ്ച് തവണ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ലീഗിലെ 29 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ തോൽവിയറിയാതെ 79 പോയിന്റാണ് ലെവർകൂസൻ നേടിയിട്ടുള്ളത്. അത്ര തന്നെ മത്സരങ്ങളിൽനിന്ന് 20 ജയങ്ങളുമായി ബയേൺ 63 പോയിന്റ് നേടി രണ്ടാമതാണ്. ഒരു സീസണിൽ ഏറ്റവുമധികം തോൽവിയറിയാത്ത മത്സരങ്ങൾ എന്ന ബുണ്ടസ് ലിഗ റെക്കോർഡും ലെവർകൂസൻ സ്വന്തമാക്കി. 34 മത്സരങ്ങളാണ് ബുണ്ടസ് ലിഗയിൽ ഒരു ടീമിന് ഒരു സീസണിലുള്ളത്.

വെർഡർ ബ്രെമനെതിരായ മത്സരത്തിൽ ഫ്ലോറിയന്‍ വിർട്സിന്റെ ഹാട്രിക് ലെവർകൂസന്റെ വിജയത്തിന് ഇരട്ടി മധുരം പകർന്നു. വിക്ടർ ബോണിഫേസും ഗ്രാനിറ്റ് ഷാക്കയും ഓരോ ഗോൾ വീതംനേടി.

ആശാനാണ്. അലോൺസോ

അടുത്ത സീസണിൽ തങ്ങളുടെ പുതിയ പരിശീലകനെ തേടിയിറങ്ങിയ യൂറോപ്പിലെ വമ്പൻ ക്ളബുകളായ ബാഴ്സലോണയു‌ടെയും ലിവർപൂളിന്റെയും മുഴുവൻ ശ്രദ്ധയും സാബി അലോൺസോ എന്ന പരിശീലകനിലായിരുന്നു. വമ്പൻ ഓഫറുമായി ഇരു ക്ളബുകളും അലോൺസോയ്ക്ക് പിന്നാലെ കൂടാൻ കാരണം പരിശീലകൻ എന്ന നിലയിൽ ബയേർ ലെവർകൂസനിൽ അലോൺസോ കാട്ടിയ മായാജാലമായിരുന്നു.ലിവർപൂൾ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് ക്ളബുകൾക്ക് വേണ്ടിയും സ്പാനിഷ് ദേശീയ ടീമിന് വേണ്ടിയും ദീർഘകാലം തകർപ്പൻ പ്രകടനം കാഴ്വച്ചിരുന്ന മിഡ്ഫൽഡറായിരുന്നു സാബി അലോൺസോ. 2017ൽ ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ചുകൊണ്ടിരിക്കേയാണ് വിരമിച്ചത്. 2019ൽ താൻ കളിക്കാരനായി തുടങ്ങിയ റയൽ സോസിഡാഡ് ടീമിന്റെ പരിശീലകനായി കരിയർ ആരംഭിച്ചു. 2022വരെ അവിടെ തുടർന്നപ്പോഴാണ് ലെവർകൂസനിൽ നിന്ന് വിളിയെത്തുന്നത്.

കഴിഞ്ഞ സീസണിന്റെ പകുതിയിൽ സാബി ലെവർകൂസന്റെ കോച്ചായി ചുമതലയേൽക്കുമ്പോൾ തരംതാഴ്ത്തൽ ഭീഷണിയിലായിരുന്നു ക്ളബ്. അതേ ക്ളബിനെ കോച്ചായുള്ള തന്റെ ആദ്യ ഫുൾ സീസണിൽതന്നെ കിരീടാവകാശികളാക്കി മാറ്റാൻ സാബിക്ക് കഴിഞ്ഞു. സ്ഥാനമേറ്റെടുത്ത് രണ്ടാം സീസണിൽ തന്നെ ലെവർകൂസനെ ബുണ്ടസ് ലിഗ ജേതാക്കളാക്കുകമാത്രമല്ല അലോൺസോ ചെയ്തത്. ഇതുവരെ ഒരു കളിപോലും തോൽക്കാത്ത റെക്കാഡ് ബുണ്ടസ് ലിഗയിൽ സ്ഥാപിക്കുകയും ചെയ്തു. ലീഗിൽ കളിച്ച 29 മത്സരങ്ങളിൽ 25 എണ്ണത്തിലും ലെവർകൂസൻ ജയിച്ചു. നാലിൽ സമനില വഴങ്ങി. സൂപ്പർ താരങ്ങളുടെയൊന്നും പിൻബലമില്ലാതെയാണ് അലോൺസോയുടെ പടയോട്ടം. 42 കാരനായ സാബി അലോൺസോയെ യൂറോപ്പിലെ ഹോട്ട്കേക്കാക്കുന്നതും ഈ മികവ് തന്നെ.

120 വർഷത്തിന് മുമ്പാണ് ലെവർകൂസൻ സ്ഥാപിതമാകുന്നത്. അതിന്ശേഷം ആദ്യമായാണ് അവർ ഫസ്റ്റ് ഡിവിഷൻ ചാമ്പ്യന്മാരാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LEVERKUSAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.