ബിജ്നോർ : പടിഞ്ഞാറൻ യു.പിയിലെ ബിജ്നോർ മണ്ഡലത്തിൽ ഇന്നലെ ബി.എസ്.പി അദ്ധ്യക്ഷ മായാവതി തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയപ്പോൾ ഒരുനോക്ക് കാണാനെത്തിയത് പതിനായിരങ്ങൾ. അന്തരീക്ഷത്തിൽ ജയ് ഭീം, ജയ് കാൻഷിറാം, ബഹൻജി കുമാരി മായാവതി തുടങ്ങിയ മുദ്രാവാക്യങ്ങൾ. സ്ത്രീകളുടെ വലിയ സംഘങ്ങളാണ് ബഹുജൻ സമാജ് പാർട്ടിയുടെ കൊടികളുമേന്തി എത്തിയത്. മായാവതിയുടെ രാഷ്ട്രീയജീവിതത്തിലെ നിർണായക വഴിത്തിരിവുണ്ടായ ഇടമാണ് ബിജ്നോർ. 1989ൽ മായാവതി ആദ്യമായി ലോക്സഭയിലേക്ക് എത്തുന്നത് ഈ മണ്ഡലത്തിൽ നിന്നാണ്. അതിനാൽ തന്നെ ഇത്തവണയും 'ബിജ്നോറിന്റെ മകൾ' കാർഡ് കാര്യമായി ബഹൻജി ഇറക്കി കളിക്കുന്നുണ്ട്. ഇവിടെ ചൗധരി വിജേന്ദർ സിംഗിനെയാണ് ബി.എസ്.പി രംഗത്തിറക്കിയിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ രാഷ്ട്രീയ ലോക്ദളിലെ ചന്ദൻ ചൗഹാനും, സമാജ് വാദി പാർട്ടിയിലെ ദീപക് സൈനിയുമാണ് എതിരാളികൾ. 2019ൽ ബി.എസ്.പി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച മാലൂക് നഗർ രാഷ്ട്രീയ ലോക്ദളിലേക്ക് ചാടി. ഇതോടെ, മണ്ഡലം എങ്ങനെയും നിലനിർത്താനാണ് ബി.എസ്.പിയുടെ പോരാട്ടം.
ഇന്നലെ ബിജ്നോറിലെ എക്സിബിഷൻ ഗ്രൗണ്ടിൽ മായാവതി എത്തിയപ്പോൾ പ്രവർത്തകർ ഇളകിമറിഞ്ഞു. പൊലീസിന്റെ വൻ സന്നാഹം ഏർപ്പെടുത്തിയിരുന്നു. രാഷ്ട്രീയ ലോക്ദൾ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ വിയോജിപ്പുള്ള ജാട്ട് സമുദായത്തിലെ ഒരു വിഭാഗത്തെ ബി.എസ്.പിയിലെത്തിക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. ഇന്നലെ നടന്ന റാലിയിൽ ഇവരെ പങ്കെടുപ്പിച്ചു.
പടിഞ്ഞാറൻ യു.പി പ്രത്യേക സംസ്ഥാനമാക്കും
പടിഞ്ഞാറൻ യു.പിയുടെ സമഗ്ര വികസനത്തിന് പ്രത്യേക സംസ്ഥാനമാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മായാവതി. ബി.ജെ.പിയെയും കോൺഗ്രസിനെയും എതിർക്കണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഇരുപാർട്ടികളും അധികാരത്തിൽ വരുന്നത് തടയണം. വർഗീയതയെയും, മുതലാളിമാരെയുമാണ് ബി.ജെ.പി വളർത്തുന്നത്. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു. കർഷക വോട്ടുകൾ ബി.എസ്.പിക്കായിരിക്കുമെന്നും മായാവതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശ്രീ നാരായണ ഗുരു അടക്കം സാമൂഹ്യ പരിഷ്ക്കർത്താക്കളെ പ്രസംഗത്തിൽ മായാവതി അനുസ്മരിച്ചു.
മോദിക്കെതിരെ ബി.എസ്.പി സ്ഥാനാർത്ഥി
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബി.എസ്.പിയിലെ അതാർ ജമാൽ ലാരി മത്സരിക്കും. ഇന്നലെ 11 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി ബി.എസ്.പി പുറത്തുവിടുകയായിരുന്നു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കുന്ന മെയിൻപുരിയിൽ ശിവ് പ്രസാദ് യാദവിനെയും, ബറേലിയിൽ ഛോട്ടേലാൽ ഗാംഗ്വാറിനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.
ഫോട്ടോ ക്യാപ്ഷൻ : ബിജ്നോർ മണ്ഡലത്തിൽ മായാവതി തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |