ഏതൻസ്: 2024 പാരീസ് ഒളിമ്പിക്സിന്റെ ദീപശിഖഗ്രീസിലെ പുരാതന ഒളിമ്പിയയിൽ നടന്ന ചടങ്ങിൽ തെളിയിച്ചു. ഗ്രീക്ക് നടിയായ മേരി മിനയാണ് ദീപം തെളിയിച്ചത്. ലോകത്തെ ഏറ്റവും വലിയ കായികോത്സവത്തിന്റെ ജന്മദേശമായ ഒളിമ്പിയയിൽ തെളിഞ്ഞ ദീപം ഇനി ഗ്രീസിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങളിൽ പ്രയാണം നടത്തും. തുടർന്ന് സമുദ്രമാർഗം ഉൾപ്പെടെ സഞ്ചരിച്ച് മേയ് 8ന് ഒളിമ്പിക്സ് ആതിഥേയരാജ്യമായ ഫ്രാൻസിലെ മാഴ്സയിലെത്തും.
ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മേരി മിന ഒളിമ്പിക് ദീപം തെളിയിച്ചത്. തുടർന്ന് ദീപശിഖാ പ്രയാണത്തിലെ ആദ്യ ഓട്ടക്കാരനായ 2020ലെ ടോക്യോ ഒളിമ്പിക്സിൽ റോവിംഗിൽ ് സ്വർണം നേടിയ ഗ്രീസിന്റെ സ്റ്റെഫാനോസ് ദൗസ്കോസ് ദീപം ഏറ്റുവാങ്ങി.
തന്റെ ചെറിയ ലാപ്പ് പൂർത്തിയാക്കിയ അദ്ദേഹം ആതിഥേയ നഗരത്തിന്റെ പ്രതിനിധിയും നീന്തലിൽ മൂന്ന് തവണ ഒളിമ്പിക്സ് മെഡൽ ജേതാവും പാരീസിലെ ദീപശിഖാ പ്രയാണത്തിന്റെ തലവനുമായ ലോർ മനൗഡൗവിന് ദീപം കൈമാറി.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക്, ഗ്രീസ് പ്രസിഡന്റ് കാതറീന സക്കെല്ലറാപൗലു തുടങ്ങി അറുന്നുറോളം വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു. 5000 കിലോ മീറ്ററാണ് ഗ്രീസിലൂടെയുള്ള ദീപ ശിഖാ പ്രയാണം. 600 പേർ ദീപശിഖയേന്തും. ഒരു രാത്രി ഗ്രീസിലെ ഫ്രഞ്ച് എംബസിയിൽ ദീപശിഖ വയ്ക്കും. ഈമാസം 26ന് ആതൻസിലെ പനതിനായികോസ് സ്റ്റേഡിയത്തൽവെച്ച് ദീപം പാരീസ് ഒളിമ്പിക്സ് സംഘാടകർക്ക് ഔദ്യോഗികമായി കൈമാറും.ഫ്രഞ്ച് ചരിത്ര സ്മാരകങ്ങളും രാജകൊട്ടാരങ്ങളും കായികവേദികളും പിന്നിട്ട് ജൂലായ് 26ന് പാരീസിലെത്തും. ജൂലായ് 26 മുതൽ ആഗസ്റ്റ് 11വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |