SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.57 AM IST

മഴയെത്തിക്കാൻ ചെലവാകുന്നത് പത്ത് കോടി, യുഎഇയിൽ പ്രളയതുല്യ സാഹചര്യം ഉണ്ടാക്കിയതിന് പിന്നിൽ ഈ സാങ്കേതികവിദ്യയോ?

rain

കഴിഞ്ഞ 75 വർഷത്തിനിടിയിൽ ദുബായ് സാക്ഷ്യംവഹിക്കാത്ത തരത്തിലുളള മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ പലയിടങ്ങളിലായി ആരംഭിച്ച മഴയ്ക്ക് ഇതുവരെയായിട്ടും യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി യുഎഇ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയുടെ ഭാഗമായി ദുബായിലെ വിമാനത്താവളം, മെട്രോ സ്‌​റ്റേഷനുകൾ. മാളുകൾ, റോഡുകൾ, വ്യാപാര സ്ഥാനങ്ങൾ എന്നിവ വെളളത്തിനടയിലായിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 160 മില്ലിമീ​റ്റർ മഴ രേഖപ്പെടുത്തിയെന്ന കണക്കുകളും പുറത്തുവന്നിരുന്നു.

uae

ആകെ ഭൂമിയുടെ ഭൂരിഭാഗവും മരുഭൂമിയാൽ ചുറ്റപ്പെട്ട യുഎഇയുടെ കാലാവസ്ഥ എങ്ങനെയുളളതാണെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്. വർഷത്തിൽ കൂടുതൽ സമയവും ചൂടുളള കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന ഇവിടെ മികച്ച രീതിയിൽ മഴപെയ്യുകയെന്നത് ദുഷ്കരമായ അവസ്ഥയായിരുന്നു. ഇതിനായി പലതരത്തിലുളള മാർഗങ്ങൾ യുഎഇ ഭരണകൂടും അവലംബിക്കാൻ ആരംഭിച്ചിരുന്നു. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയ്ക്ക് എന്തെങ്കിലും സാങ്കേതികവിദ്യയുമായി ബന്ധമുണ്ടോയെന്ന റിപ്പോർട്ടുകൾ ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല.

ക്ലൗഡ് സീഡിംഗ്

ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചാണ് യുഎഇ മഴപെയ്യിപ്പിക്കുന്നതെന്ന് മുൻപ് തന്നെ മിക്കവർക്കും അറിവുളള കാര്യമാണ്. ഇവിടത്തെ കാലാവസ്ഥയിൽ കൃത്യമായി മഴ ലഭിക്കുകയെന്നത് അത്യപൂർവമായ കാര്യമാണ്. അതിനാൽ തന്നെ ഇവിടെ ഒരു കാലത്ത് ശുദ്ധ ജലക്ഷാമവും രൂക്ഷമായിരുന്നു.ഇതിന് പരിഹാരമായി പലവഴികളും യുഎഇ ഭരണകൂടം അന്വേഷിച്ചിരുന്നു.

അത്തരത്തിൽ 1990ലാണ് ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതികവിദ്യ പരീക്ഷിക്കാൻ യുഎഇ ഒരുങ്ങിയത്.അതായത് വിമാനമുപയോഗിച്ച് മേഘങ്ങളിൽ രാസപദാർത്ഥം വിതറി മഴപെയ്യിപ്പിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ് എന്നത്. മഴ വർദ്ധിപ്പിക്കാനും അന്തരീക്ഷത്തിലെ ചൂടുകുറയ്ക്കാനും സുഗമമായ കാലാവസ്ഥയൊരുക്കാനുമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ യുഎഇ തീരുമാനിച്ചത്.

cloud-seeding

ക്ലൗഡ് സീഡിംഗ് ഘട്ടങ്ങൾ

കാലാവസ്ഥാ നിരീക്ഷണ മാർഗങ്ങൾ ഉപയോഗിച്ച് ഈർപ്പം കൂടുതലുളള മേഘങ്ങളെ ആദ്യം കണ്ടെത്തും. അടുത്ത ഘട്ടമെന്നത് വിമാനമുപയോഗിച്ച് ഈ മേഘങ്ങളിലേക്ക് രാസപദാർത്ഥം വിതറുകയെന്നതാണ്. പ്രധാനമായും മഗ്നീഷ്യം, പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ് എന്നിവയാണ് ഈ പദാർത്ഥത്തിലടങ്ങിയിരിക്കുന്നത്. വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്ലയറുകൾ ഈ പദാർത്ഥത്തെ മേഘങ്ങളിലേക്ക് വിതറും. ഇതിലൂടെ മേഘങ്ങളിലെ ഈർപ്പവും പദാർത്ഥവും പരസ്പരം യോജിച്ച് സാന്ദ്രീകരണം എന്ന പ്രക്രിയ നടക്കുകയും ചെയ്യും.

അങ്ങനെ മേഘത്തിൽ കൂടുതൽ ജലത്തുളളികൾ രൂപപ്പെടുകയും ചെയ്യുന്നു. ഈ ഭാരമുളള ജലത്തുളളികളെ വായുവിന് താങ്ങിനിർത്താൻ പ​റ്റാതെ വരുന്നതോടെ മഴ പെയ്യാൻ ആരംഭിക്കുകയും ചെയ്യും. വിമാനം ഉപയോഗിച്ചല്ലാതെ ഡ്രോണുകൾ ഉപയോഗിച്ചും ക്ലൗഡ് സീഡിംഗ് നടത്താറുണ്ട്. മ​റ്റൊരു രീതി മലമുകളിൽ ഘടിപ്പിക്കുന്ന ഗ്രൗണ്ട് ജനറേ​റ്ററുകൾ വഴി മേഘങ്ങളിലേക്ക് പദാർത്ഥത്തിന്റെ അംശങ്ങൾ പമ്പ് ചെയ്യുകയെന്നതാണ്.

chemicals

യുഎഇയിലെ ജബൽഹഫീത്തിലും ഫുജൈറൈയിലുമാണ് ഈ രീതി പ്രധാനമായും ഉപയോഗിക്കുന്നത്.2019ലെ കണക്കനുസരിച്ച് 200 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് യുഎഇ ഭരണകൂടം പൂർത്തിയാക്കിയത്. ഇതിലൂടെ 6.7 മില്ല്യൺ ക്യൂബിക് മീ​റ്റർ വെളളമാണ് ശേഖരിച്ചത്. 2022ൽ 311 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളും പൂർത്തിയാക്കി.

സാധാരണഗതിയിൽ മഴപെയ്യാതിരിക്കുകയും ചൂട് അസഹ്യമാകുമ്പോഴും ചെയ്യുമ്പോഴാണ് ഈ പ്രക്രിയ നടത്തുന്നത്. വരൾച്ച ഒഴിവാക്കാൻ മാത്രമല്ല വായുമലിനീകരണം തടയാനും ഇത് തന്നെയാണ് യുഎഇ ചെയ്യുന്നത്. വലിയ ചെലവ് വരുന്ന ക്ലൗഡ് സീഡിംഗ് എപ്പോഴും വിജയിക്കണമെന്നില്ല.

ചെലവ്

ഓരോ വർഷം ആയിരം മണിക്കൂറാണ് യുഎഇ ക്ലൗഡ് സീഡിംഗിനായി ഉപയോഗിക്കുന്നത്. അതായത് വർഷം തോറുമുളള ചെലവ് ഇന്ത്യൻ രൂപയിൽ പത്ത് കോടിയിലധികം രൂപയാണ്. നാല് മണിക്കൂർ പ്രവർത്തന സമയം കൊണ്ട് 22 മേഘങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്താനായി ഏകദേശം നാല് ലക്ഷം ഇന്ത്യൻ രൂപ ചെലവാകുമെന്നാണ് കണക്ക്.

യുഎഇയിലെ ഇപ്പോഴത്തെ അവസ്ഥ

കനത്ത മഴയെ തുടർന്ന് യുഎഇയിലെ പലഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെയുളള മേഖലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വീടുകളിൽ നിന്നും ജനങ്ങളോട് പുറത്തിറങ്ങരുതെന്നും ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN, DUBAI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.