SignIn
Kerala Kaumudi Online
Tuesday, 30 April 2024 4.53 PM IST

ആ കുടിയന്മാർ 'കടക്കു പുറത്ത്'

s

അല്ലെങ്കിൽത്തന്നെ പേരുദോഷത്തിന് കുറവില്ലാത്ത പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. പെരുകുന്ന നഷ്ടവും,​ ശമ്പള കുടിശികയും,​ സർവീസ് വെട്ടിക്കുറയ്ക്കലും,​ സ്ഥാവര സ്വത്തുക്കളെല്ലാം പണയംവച്ചിട്ടും കരകയറാത്ത ബാദ്ധ്യതകളും,​ സാമ്പത്തിക സഹായത്തിന് സർക്കാരിനു മുന്നിൽ കൈനീട്ടേണ്ട ഗതികേടും,​ യൂണിയനുകളുടെ താന്തോന്നിത്തവും,​ യാത്രക്കാരോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റദൂഷ്യവുമെല്ലാം ചേർന്ന് നാണംകെട്ടു നിൽക്കുന്ന കെ.എസ്.ആർ.ടി.സിയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കോർപറേഷന്റെ തന്നെ വിജിലൻസ് നടത്തിയ പരിശോധനയിൽ,​ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 49 ഡ്രൈവർമാരും 31 കണ്ടക്ടർമാരും കുടുങ്ങിയത്! ആകെ നൂറു ജീവനക്കാരാണ് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരം രണ്ടാഴ്ചയ്ക്കിടെ നടന്ന മിന്നൽ പരിശോധനകളിൽ ഉള്ളിലുള്ള ലഹരിയോടെ പിടിയിലായത്. സ്ഥിരം ജീവനക്കാരായ 74 പേർക്ക് സസ്പെൻഷൻ കിട്ടി. താത്കാലികക്കാരായ 26 പേരെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു.

മന്ത്രിയായി ചുതലയേറ്റതിനു ശേഷം വരുത്താൻ ശ്രമിച്ച പല പരിഷ്കാരങ്ങളും ഗണേശ്കുമാറിനെ തിരിഞ്ഞു കടിച്ചെങ്കിലും,​ 'കൂത്താടികളായ" ജീവനക്കാരെ കയ്യോടെ പിടിച്ച ശുഷ്കാന്തിക്ക് യാത്രക്കാരുടെ കൈയടി കിട്ടുമെന്ന് തീർച്ച.

ദൂരയാത്രകൾക്കും മറ്റും കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഡ്യൂട്ടിക്കിടയിലെ കുടിയന്മാരുടെ കണക്കു കേട്ട് ശരിക്കും ഞെട്ടിയത്. മൂക്കറ്രം മോന്തിയിട്ടാണ് ഡ്രൈവർമാരിൽ പലരും സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാരുടെ ജീവനെ നൂൽപ്പാലത്തിലാക്കി നിരത്തിൽ ബസുമായി നിത്യാഭ്യാസം നടത്തുന്നതെന്ന് അറിയുമ്പോൾ ദൈവത്തെ വിളിച്ചുപോകാതിരിക്കുന്നതെങ്ങനെ! വെള്ളമടിച്ച് വണ്ടിയോടിക്കാനെത്തിയതിന് സസ്‌പെൻഷനിലായ ഡ്രൈവർമാരിൽ 39 പേർ കോർപറേഷന്റെ സ്ഥിരം ജീവനക്കാരാണ്. കണ്ടക്ടർമാരിൽ 22 പേരുണ്ട്,​ സ്ഥിരജീവനക്കാർ.

ഡിപ്പോയുടെ കാര്യക്ഷമതയും പ്രവർത്തന അച്ചടക്കവും ഉറപ്പാക്കാൻ ബാദ്ധ്യസ്ഥരായ സ്റ്രേഷൻ മാസ്റ്റർ പോലുമുണ്ടായിരുന്നു,​ 'കുടിസംഘ"ത്തിന്റെ കൂട്ടത്തിൽ. വെഹിക്കിൾ സൂപ്പർവൈസർ,​ സ്ഥിരം മെക്കാനിക്കുകൾ,​ സെക്യൂരിറ്റി സർജന്റ്... അങ്ങനെ നീളുന്നു,​ സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ എന്നു പേരിട്ട ഓപ്പറേഷനിൽ കുരുക്കു വീണ 'സർപ്രൈസ് മദ്യപന്മാർ!" ഡ്രൈവർമാർ ഉൾപ്പെടെ ജീവനക്കാരിൽ പലരും ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ നേരത്തേയും ഇത്തരം മിന്നൽ പരിശോധനകൾ നടക്കുകയും,​ പിടിയിലായ പലരും സസ്പെൻഷനിലാകുകയും ചെയ്തിട്ടുണ്ട്. അതൊക്കെ ഒറ്റയ്ക്കും തെറ്രയ്ക്കുമുള്ള നടപടികൾ. ​ അച്ചടക്ക നടപടിക്കg വിധേയരായ ജീവനക്കാരുടെ സംരക്ഷകരായി അന്നൊക്കെ യൂണിയനുകളും നേതാക്കളും സടകുടഞ്ഞ് എത്തുകയും,​ അംഗങ്ങളെ പുഷ്പം പോലെ രക്ഷിച്ചെടുക്കുകയും ചെയ്തിട്ടുമുണ്ട്.

ഇക്കുറി തിരഞ്ഞെടുപ്പു കാലമായതുകൊണ്ട് അത്തരം രാഷ്ട്രീയ ഇടപെടലുകളൊന്നും നടന്നില്ല. സംഗതി തല്ലുകൊള്ളിത്തരമായതുകൊണ്ട് ഇടപെട്ടാൽ പരസ്യമായി നാറുമെന്ന് യൂണിയുകൾക്ക് അറിയാം. കെ.എസ്.ആർ.ടി.സിയിൽ ആര് മേധാവിയായി വന്നാലും ഒരു ശുദ്ധികലശവും സാദ്ധ്യമാകാത്തത് ഈ ട്രേഡ് യൂണിയൻ കിങ്കരന്മാരുടെ ഇടപെടൽ കാരണമെന്നത് രഹസ്യമൊന്നുമല്ല. ഇപ്പോഴത്തെ ഈ കൂട്ടനടപടിയെങ്കിലും അവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. തൊഴിൽ ഏതായാലും,​ മദ്യപിച്ച് അതു നിർവഹിക്കാനെത്തുന്നത് തെറ്രു തന്നെയാണ്. എന്നാൽ,​ ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം സ്വന്തം കൈവശമിരിക്കുന്ന ബസ് ഡ്രൈവർമാരുടെ ഭാഗത്തുനിന്നാകുമ്പോൾ അത് ഗുരുതരമായ കുറ്റകൃത്യമായി മാറും. യാത്ര തീരുമ്പോഴും ജീവൻ ബാക്കി കാണുമെന്ന് ഉറപ്പു വേണ്ടവർ സ്വന്തം നിലയ്ക്ക് ബ്രെത്ത് അനലൈസറുമായി ബസിൽ കയറേണ്ടിവരുന്ന സാഹചര്യം നന്നല്ല. അതുകൊണ്ട് ഓപ്പറേഷൻ സർപ്രൈസ് തുടരട്ടെ. കുടിയന്മാരോട് കോർപറേഷൻ 'കടക്കു പുറത്ത്' പറയട്ടെ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.