റൺസിന് ഇത്തിരി ടൈറ്റാണ് !
ഗുജറാത്ത് ടൈറ്റാൻസിനെ 8.5 ഓവറിൽ ആറുവിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപ്പിറ്റൽസ്
സീസണിലെ ഏറ്റവും കുറഞ്ഞ സ്കോർ
മുകേഷിന് മൂന്ന് വിക്കറ്റ്, ഇശാന്തിനും സ്റ്റബ്സിനും രണ്ട് വിക്കറ്റ് വീതം
അഹമ്മദാബാദ് : ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നടന്ന ഐ.പി.എൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് സീസണിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറിന് ആൾഒൗട്ടായ ഗുജറാത്ത് ടൈറ്റാൻസിനെ വെറും 8.5 ഓവറിൽ മറികടന്ന് ആറുവിക്കറ്റിന്റെ വിജയം നേടി ഡൽഹി ക്യാപ്പിറ്റൽസ് . ബൗളർമാരുടെ വിളയാട്ടം കണ്ട അഹമ്മദാബാദിലെ പിച്ചിൽ 17.3 ഓവറിൽ വെറും 89 റൺസിനാണ് ശുഭ്മാൻ ഗില്ലും സംഘവും കൂടാരം കയറിയത്. മറുപടിക്കിറങ്ങിയ ഡൽഹി 53പന്തുകൾക്കുള്ളിൽ ഈസിയായി വിജയം കാണുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം നേടിയ ഇശാന്ത് ശർമ്മയും ട്രിസ്റ്റൺ സ്റ്റബ്സും ഓരോ വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും ഖലീൽ അഹമ്മദും ചേർന്നാണ് മുൻ ചാമ്പ്യന്മാരെ ചുരുട്ടിയത്. 31 റൺസെടുത്ത വാലറ്റക്കാരൻ റാഷിദ് ഖാൻ മാത്രമാണ് ടൈറ്റാൻസ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. സായ് സുദർശൻ(12), രാഹുൽ തേവാത്തിയ (10) എന്നിവർ മാത്രമാണ് റാഷിദിനെക്കൂടാതെ രണ്ടക്കം കടന്നത്. ഡൽഹിക്ക് മക്ഗ്രുക്ക് (20),അഭിഷേക് പൊറേൽ (15), ഷായ് ഹോപ്പ് (19,) പൃഥ്വി ഷാ (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നായകൻ റിഷഭ് പന്ത് 16 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം ഓവറിൽതന്നെ ശുഭ്മാൻ ഗില്ലിനെ(8) പൃഥ്വി ഷായുടെ കയ്യിലെത്തിച്ച് ഇശാന്താണ് ആക്രമണം തുടങ്ങിയത്. നാലാം ഓവറിൽ മുകേഷ് വൃദ്ധിമാൻ സാഹയുടെ (2)കുറ്റിതെറുപ്പിച്ചു. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ സായ് സുദർശനെ തകർപ്പൻ ഫീൽഡിംഗിലൂടെ സുമിത് കുമാർ നോൺസ്ട്രൈക്കേഴ്സ് എൻഡിൽ റൺഒൗട്ടാക്കി. ഇതേ ഓവറിന്റെ അവസാനപന്തിൽ ഇശാന്ത് ഡേവിഡ് മില്ലറെ കീപ്പർ റിഷഭിന്റെ കയ്യിലെത്തിക്കുകകൂടി ചെയ്തതോടെ ടൈറ്റാൻസ് 30/4 എന്ന നിലയിലായി.
ഒൻപതാം ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സ് അടുത്തടുത്തപന്തുകളിൽ അഭിനവ് മനോഹറിനെയും (8), ഷാറൂഖ് ഖാനെയും (0) പുറത്താക്കിയതോടെ ടൈറ്റാൻസ് വീണ്ടും തകർന്നു. തേവാത്തിയയും റാഷിദും ചേർന്ന് നൂറ് കടത്തുമെന്ന് കരുതിയെങ്കിലും 12-ാം ഓവറിൽ അക്ഷർ പട്ടേൽ തേവാത്തിയയെ എൽ.ബിയിൽ കുരുക്കി മടക്കി അയച്ചതോടെ ടീം 66/7 എന്ന നിലയിലായി. തുടർന്ന് മോഹിത് ശർമ്മയെ (2) ഖലീൽ അഹമ്മദ് പുറത്താക്കി. 18-ാം ഓവറിലെ ആദ്യ പന്തിൽ റാഷിദിനെയും മൂന്നാം പന്തിൽ നൂർ അഹമ്മദിനെയും (1) പുറത്താക്കി മുകേഷാണ് ടൈറ്റാൻസിന്റെ ഇന്നിംഗ്സിന് കർട്ടനിട്ടത്.
പോയിന്റ് നില
( ടീം,കളി,ജയം,തോൽവി ,
പോയിന്റ് ക്രമത്തിൽ )
രാജസ്ഥാൻ 7-6-1-12
കൊൽക്കത്ത 6-4-1-8
ചെന്നൈ 6-2-2-8
ഹൈദരാബാദ് 5-3-2-6
ലക്നൗ 6-3-3-6
ഗുജറാത്ത് 6-3-3-6
പഞ്ചാബ് 6-2-4-4
മുംബയ് 6-2-4-4
ഡൽഹി 6-2-4-2
ബെംഗളുരു 7-1-6-2
( ഇന്നലത്തെ മത്സരത്തിന്റെ ഫലം വരുന്നതിന് മുമ്പുള്ള നില)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |