കുന്നംകുളം: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂർ കറുപ്പത്താട്ടിൽ വീട്ടിൽ രാധാകൃഷ്ണൻ (29), ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശി കുട്ടൻകുളങ്ങര വീട്ടിൽ ഷാജൻ ( 54) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രധാന പ്രതിയെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ചൂണ്ടൽ ഗുരുവായൂർ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ പിറകിൽ ബൈക്കിലെത്തിയ പ്രതികൾ ലൈംഗികച്ചുവയിൽ സംസാരിക്കുകയും പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്ന് പറയുന്നു. സംഭവം കണ്ട് തടയാനെത്തിയ വഴി യാത്രികനെ പ്രതികൾ മർദ്ദിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ നാട്ടുകാർ ഓടിക്കൂടി പ്രതികളെ പിടികൂടി. തുടർന്ന് കുന്നംകുളം പൊലീസിന് കൈമാറി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |