ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്‌മയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് വെട്ടേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹ ആലോചനയിൽ നിന്നും പിന്മാറി. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
രാത്രി 10 ന് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. സജ്നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന സജിന ഇന്നലെയാണ് നാട്ടിലെത്തിയത്. തുടർന്നായിരുന്നു ആക്രമണം.
ഇതിന് മുമ്പും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് പ്രിവിയ എന്ന യുവതിയെ മുൻ സുഹൃത്ത് സന്തോഷ് തീകൊളുത്തി കൊന്നത്. വിഷുദിനത്തിൽ പ്രതിശ്രുത വരനെ കാണാൻ പോകുമ്പോഴായിരുന്നു പ്രിവിയയെ ഇയാൾ കൊലപ്പെടുത്തിയത്.
യുവതിയെ ഏറെനേരം നോക്കിനിന്നിട്ടും കാണാതെവന്നപ്പോൾ പ്രതിശ്രുത വരൻ അന്വേഷിച്ചിറങ്ങിയിരുന്നു. ഈ സമയം സന്തോഷ് ധൃതിയിൽ വാഹനമോടിച്ച് പോകുന്നത് കണ്ടു. ഈ വിവരം പ്രതിശ്രുത വരൻ പൊലീസിൽ മൊഴി നൽകി. കൃത്യം നടത്തിയ ശേഷം സന്തോഷ് ജീവനൊടുക്കി. വിവാഹ മോചിതയാണ് പ്രിവിയ. ബന്ധം വേർപെടുത്തിയ ശേഷം സന്തോഷുമായി അടുപ്പത്തിലായതായി സൂചനകൾ ഉണ്ട്.
വിവാഹം കഴിക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രിവിയ പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി. ഈ മാസം 29നായിരുന്നു പ്രിവിയയുടെ നിശ്ചയിച്ച വിവാഹം നടക്കേണ്ടിയിരുന്നത്. ഈ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |