SignIn
Kerala Kaumudi Online
Saturday, 17 August 2024 4.06 PM IST

അവിടെ നെട്ടോട്ടം, ഇവിടെ പൈപ്പ് പൊട്ടൽ

vellam

വിതുര: കത്തിക്കയറുന്ന വേനൽച്ചൂടിനിടയിൽ മലയോരമേഖലയിൽ കുടിവെള്ളക്ഷാമവും അതിരൂക്ഷം. തൊണ്ട നനയ്ക്കാൻ ഒരിറ്റ് വെള്ളത്തിനായി പരക്കംപായേണ്ട അവസ്ഥയാണ് നിലവിൽ. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിൽ നിന്നും ജലം അപ്രത്യക്ഷമായിട്ട് മാസങ്ങളാകുന്നു. താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലെയും ജലനിരപ്പ് ഗണ്യമായി താഴ്ന്നു. നദികളിലെ അവസ്ഥയും വിഭിന്നമല്ല. വാമനപുരം നദിയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. മിക്ക ഭാഗങ്ങളിലും നദി നിശ്ചലമാണ്. രൂക്ഷമായ മാലിന്യനിക്ഷേപം മൂലം ജലം മലിനപ്പെട്ടു കഴിഞ്ഞു. നദിയിലെ ജലനിരപ്പ് താഴ്ന്നത് കുടിവെള്ള വിതരണത്തേയും ബാധിച്ചിട്ടുണ്ട്. സാധാരണ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോൾ നാട്ടുകാർ വാമനപുരം നദിയേയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ നദി മലിനപ്പെട്ടതോടെ ജനം പ്രതിസന്ധിയിലായി. പേപ്പാറ ഡാമിന്റെ അവസ്ഥയും വിഭിന്നമല്ല. ഡാമിലേക്ക് ഒഴുകിയെത്തിയിരുന്ന ചെറുനദികളെല്ലാം ഇതിനകം വറ്റിയതോടെ ഡാമിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. മേയ് മാസത്തിൽ മഴ പെയ്തില്ലെങ്കിൽ തലസ്ഥാനത്തെ കുടിവെള്ള വിതരണത്തെ ബാധിക്കാനും സാദ്ധ്യതയുണ്ട്. വൈദ്യുതോത്പാദനവും മുടങ്ങും. ആവശ്യത്തിന് ജലം ലഭിക്കാതെ വന്നതോടെ ജനം കുടിനീരിനായി ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിൽ ചൂടിന്റെ കാഠിന്യവും ഗണ്യമായി വ‌ർദ്ധിച്ചതോടെ ജനജീവിതം കൂടുതൽ ദുസഹമായി. ടാങ്കർലോറികളിൽ കുടിവെള്ള വിതരണം കൃത്യമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൈപ്പ് പൊട്ടുന്നു, ജലം നഷ്ടപ്പെടുന്നു

പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാവുന്നത് ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. നദിയിൽ നിന്നും പമ്പ്ചെയ്യുന്ന ലിറ്റർക്കണക്കിന് ജലമാണ് നാട്ടുകാർക്ക് ഉപയോഗപ്പെടാതെ പാഴായി ഒഴുകുന്നത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ എട്ടിടങ്ങളിൽ പൈപ്പ്ലൈൻ പൊട്ടി ഒഴുകുന്നുണ്ട്. പൈപ്പ് പൊട്ടുന്ന മേഖലകളിൽ ഹൗസ് കണക്ഷൻ എടുത്തിട്ടുള്ളവർക്ക് കുടിവെള്ള വിതരണം തടസപ്പെടുന്നതായും പരാതിയുണ്ട്. മാത്രമല്ല പൈപ്പുകൾ പൊട്ടിയാൽ നിശ്ചിതസമയത്ത് നന്നാക്കാറില്ലെന്ന പരാതിയുമുണ്ട്. അതേസമയം ഒരുസ്ഥലത്ത് പൊട്ടിയ പൈപ്പ് നന്നാക്കുമ്പോൾ മാറുഭാഗത്ത് പൊട്ടുന്ന അവസ്ഥയാണ് നിലവിൽ. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച പൈപ്പ്ലൈനുകൾ ഇതിനകം ശോച്യാവസ്ഥയിലായിക്കഴിഞ്ഞു. ഇത്തരം പൈപ്പുകൾ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കടുത്തചൂടിനിടയിൽ ജലം കൂടി ലഭിക്കാതെ വരുന്നതോടെ നാട്ടുകാരേറെ ബുദ്ധിമുട്ടും. കുടിവെള്ളവിതരണം തടസപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.