SignIn
Kerala Kaumudi Online
Thursday, 18 July 2024 9.24 AM IST

പാലക്കാടൻ കോട്ട വീണ്ടും വഴിമാറുമോ?

s

ഇടത് കോട്ടയായി വാഴ്ത്തപ്പെടുന്ന പാലക്കാട് ലോക്സഭാ മണ്ഡലം തങ്ങൾക്കൊരു ബാലികേറാ മലയല്ലെന്ന് പലകുറി തെളിയിച്ചിട്ടുണ്ട് കോൺഗ്രസ്. യു.ഡി.എഫ് സിറ്റിംഗ് എം.പിക്കെതിരെ പോളിറ്റ് ബ്യൂറോ അംഗത്തെ ഇക്കുറി സി.പി.എം കളത്തിലിറക്കുമ്പോൾ നയം വ്യക്തം; കടുത്ത രാഷ്ട്രീയ മത്സരത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുക. 2019-ൽ കൈക്കലാക്കിയ പാലക്കാടൻ കോട്ട നിലനിറുത്താൻ കോൺഗ്രസിലെ വി.കെ. ശ്രീകണ്ഠനും പിടിച്ചെടുക്കാൻ സി.പി.എമ്മിലെ എ. വിജയരാഘവനും താമര വിരിയിക്കാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും ഇറങ്ങുമ്പോൾ പാലക്കാട്ടെ മത്സരച്ചൂട് 45 ഡിഗ്രി വേനൽച്ചൂടിനെയും മറികടക്കുമെന്ന് ഉറപ്പ്.

ത്രികോണ പോരാട്ടമെന്ന നിലയിലേക്ക് മാറിയ പാലക്കാട് മണ്ഡലത്തിൽ ആര് വിജയം നേടണമെന്ന് തീരുമാനിക്കുന്നതിൽ പല ഘടകങ്ങൾക്ക് പ്രാധാന്യമുണ്ട്. അതിൽ പ്രധാനം മണ്ഡലത്തിലെ മുസ്ലിം വോട്ടുകൾ തന്നെ. ഇത് പരമാവധി ഒപ്പം നിറുത്താനായിരിക്കും എൽ.ഡി.എഫും യു.ഡി.എഫും ശ്രമിക്കുക. മുൻ തിരഞ്ഞെടുപ്പിൽ 21.4 ശതമാനം വോട്ട് നേടിയ ബി.ജെ.പി സ്ഥാനാർത്ഥി ഇത്തവണ നേടുന്ന വോട്ടും ജയപരാജയത്തിൽ നിർണായകമാകും.

പൊതുവെ ഇടത് ചേർന്നുനിൽക്കുന്ന സ്വഭാവമാണ് മണ്ഡലത്തിനുള്ളത്. പാലക്കാട് പാർലമെന്റ് മണ്ഡലം നിലവിൽ വന്ന 1957ന് ശേഷം കോൺഗ്രസ് അഞ്ച് തവണയും ഇടതുമുന്നണി 11 തവണയും വിജയിച്ചു. 2019ൽ എം.ബി. രാജേഷിന് തിരിച്ചടിയായ ചില ഘടകങ്ങൾ മറികടക്കാൻ കഴിഞ്ഞാൽ മണ്ഡലം ഇടത്തെത്തിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠന്റെ വിജയത്തിൽ നിർണായകമായത് പട്ടാമ്പി, മണ്ണാർക്കാട് മണ്ഡലങ്ങളിൽ നേടിയ ലീഡാണ്. പട്ടാമ്പി മണ്ഡലത്തിൽ 17,179 വോട്ടിന്റെയും മണ്ണാർക്കാട്ട് 29,695 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചു. വലിയ തിരിച്ചടി നേരിട്ട ഈ മണ്ഡലങ്ങൾക്ക് പുറമെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ ഷൊർണൂരിലും കോങ്ങാടും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനും രാജേഷിന് കഴിഞ്ഞിരുന്നില്ല. ഇതാണ് വി.കെ.ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11,637 എന്ന നിലയിലേക്ക് ഉയർത്തിയത്. ഈ വീഴ്ചകൾ പരിഹരിച്ചുള്ള മുന്നേറ്റമാണ് സി.പി.എം നടത്തുന്നത്.

കളം നിറയ്ക്കാൻ

വി.കെ

കഴിഞ്ഞവിജയം ഒരു ‘ഓള’ത്തിന് സംഭവിച്ചതല്ലെന്ന രാഷ്ട്രീയ മറുപടി നൽകാനുറച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ കളത്തിലിറങ്ങുന്നത്. അഞ്ചുവർഷം ഈ എം.പി പാലക്കാട്ടുകാരുടെ കൺമുന്നിലുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.ബി. രാജേഷിനെ തറപറ്റിച്ച പോരാട്ടവീര്യത്തിന് ഇപ്പോഴും കുറഞ്ഞിട്ടില്ല. വൈകിയാണ് പ്രഖ്യാപനമെത്തിയതെങ്കിലും ശ്രീകണ്ഠൻ കളം നിറഞ്ഞുകഴിഞ്ഞു. കോൺഗ്രസിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി ശ്രീകണ്ഠന്റെ പ്രചാരണങ്ങളെയും ബാധിച്ചിട്ടുണ്ട്. വടകരയിലേക്ക് കോൺഗ്രസ് ഷാഫി പറമ്പിലിനെ നിയോഗിച്ചപ്പോൾ പാലക്കാട്ടുകാർ നൽകിയ വികാരപരമായ സ്വീകരണം കേരളം ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. ഷാഫിയുടെ അഭാവം പക്ഷേ ശ്രീകണ്ഠന് നഷ്ടമാക്കിയത് ഒരു പടനായകനെയാണ്. ജില്ലയിലെ

ക്രൗഡ് പുള്ളറാണ് ഷാഫി പറമ്പിൽ. പാലക്കാട് മണ്ഡലത്തിനപ്പുറം സ്വന്തം നാടായ പട്ടാമ്പിയിലും ഷൊർണൂരും സ്വാധീനമുള്ള നേതാവ്. ഷൊർണൂരിൽ നിന്നുള്ള ഡി.സി.സി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയാണ്. ഇവിടെങ്ങളിൽ അടിയൊഴുക്കുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.

ഇടതിന്റെ

ഗെയിം പ്ലാൻ

2019-ൽ കൈവിട്ട പാലക്കാട് വിജയിക്കാൻ പാർട്ടി സംവിധാനങ്ങളെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കുകയാണ് സി.പി.എം. കഴിഞ്ഞ തവണത്തെ തോൽവിക്ക് കാരണമായ ഉൾപ്പാർട്ടി പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിച്ചാണ് സി.പി.എം മുന്നോട്ടുപോകുന്നത്. എ. വിജയരാഘവൻ എന്ന നേതാവിനെ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളാണ് സി.പി.എം മുന്നോട്ടുവയ്ക്കുന്നത്. ബി.ജെ.പിക്ക് ബദൽ ഇടതു പക്ഷമാണെന്ന മുദ്രാവാക്യമാണ് എൽ.ഡി.എഫിന്റെ പ്രചാരണായുധം.തിരിച്ചടി നേരിട്ട മേഖലയിലെ തിരിച്ചുവരവാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. ഇതിൽ പ്രധാനം മണ്ണാർക്കാട് മേഖലയാണ്. അട്ടപ്പാടി പോലുള്ള പ്രദേശത്ത് സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ദുർബലപ്പെട്ടെന്ന ആക്ഷേപങ്ങളും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സി.പി.എം.

കേന്ദ്ര പദ്ധതികളുമായി

ബി.ജെ.പി

പ്രധാമന്ത്രി നരേന്ദ്രമോദിയെ പ്രചാരണത്തിനെത്തിച്ചാണ് ബി.ജെ.പി തിരഞ്ഞെടുപ്പിൽ കളം നിറയുന്നത്. കേന്ദ്രസർക്കാർ പാലക്കാടിന് നൽകിയ വികസന പദ്ധതികൾ ഓരോന്നായി എണ്ണിപ്പറഞ്ഞാണ് സി. കൃഷ്ണകുമാർ വോട്ട് ചോദിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, ഐ.ഐ.ടി, ദേശീയപാത വികസനം, ഫുഡ് പാർക്ക്, ഫിലിം പാർക്ക്, അട്ടപ്പാടിക്കുള്ള 2400 കോടിയുടെ പാക്കേജ്, അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ എന്നിവയും സജീവ ചർച്ചയാക്കുന്നുണ്ട് ബി.ജെ.പി.

എന്നാൽ, പാർട്ടിക്കുള്ളിൽ സി. കൃഷ്ണകുമാറിനോടുള്ള എതിർപ്പാണ് ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും തുടർച്ചയായി സ്ഥാനാർത്ഥിയാകുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയോട് പ്രാദേശിക നേതാക്കൾക്ക് എതിർപ്പുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മാറിമറിയുന്ന

വോട്ട്ബാങ്ക്

നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷത്തിനാണ് മേൽക്കൈ. ഏഴ് മണ്ഡലങ്ങളിൽ കോങ്ങാട്, മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണ്. മണ്ണാർക്കാട് മുസ്ലിം ലീഗും പാലക്കാട് കോൺഗ്രസിന്റെ ഷാഫി പറമ്പിലും പ്രതിനിധീകരിക്കുന്നു. ഇതിൽ പാലക്കാടും മലമ്പുഴയും ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. മലമ്പുഴ മണ്ഡലത്തിൽ വിജയിച്ച സി.പി.എം സ്ഥാനാർത്ഥി എ പ്രഭാകരൻ 46.7 ശതമാനം (75,934) വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി സ്ഥാനാർഥി സി കൃഷ്ണകുമാർ 30.9 ശതമാനം (50,200) വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി എസ്.കെ അനന്തകൃഷ്ണന് 21.8 ശതമാനം വോട്ടുകൾ (35,444) മാത്രമാണ് നേടാനായത്.

ഷാഫി പറമ്പിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ഇ. ശ്രീധരനും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി ജയിച്ചുകയറിയത്. ഇരു സ്ഥാനാർഥികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 2.7 ശതമാനം മാത്രമായിരുന്നു. ഷൊർണൂരും സ്ഥിതി മറിച്ചായിരുന്നില്ല. ഷൊർണൂർ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസും മൂന്നാം സ്ഥാനത്തുള്ള ബിജെപിയും തമ്മിലുള്ളത് 1.5 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമാണ്. കോങ്ങാട് 20.1 ശതമാനത്തിലധികവും ഒറ്റപ്പാലത്ത് 15.6 ശതമാനം വോട്ടുകൾ നേടാനും ബി.ജെ.പിക്ക് കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKAD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.