ഇംഫാൽ: മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടത്തുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു. 19ന് നടന്ന വോട്ടെടുപ്പിൽ 69.18 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്കൂൾ, എസ്.ഇ ബോബി പ്രൈമറി സ്കൂൾ (ഈസ്റ്റ് വിംഗ്), ക്ഷേത്രിഗാവോ- നാല് ബൂത്ത്, തോങ്ജു- ഒരു ബൂത്ത്, ഉറിപോക്ക്- മൂന്ന് ബൂത്ത്, കൊന്തൗജം- ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്.
ആദ്യഘട്ട വോട്ടെടുപ്പിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. രണ്ടു ലോക്സഭ മണ്ഡലങ്ങൾ (ഔട്ടർ മണിപ്പൂർ, ഇന്നർ മണിപ്പൂർ) മാത്രമുള്ള മണിപ്പൂരിൽ ഇന്നറിലെ മുഴുവൻ മണ്ഡലങ്ങളിലും ഔട്ടറിലെ 15 നിയമസഭ മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഔട്ടറിലെ ബാക്കി 13 നിയമസഭ മണ്ഡലങ്ങളിലെ 26ന് രണ്ടാം ഘട്ടത്തിലാണ് വിധിയെഴുത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |