SignIn
Kerala Kaumudi Online
Thursday, 23 May 2024 11.27 AM IST

@ വേനലിൽ വെന്തുരുകി നാട് തീപിടിത്തം വ്യാപകം

fire
കോഴിക്കോട് വെള്ളയിൽ ഗാന്ധി റോഡിലെ കാർ സർവീസ് സെന്ററിലുണ്ടായ തീപിടിത്തം

കോഴിക്കോട്: വേനൽ ചൂടിന് തീവ്രത കൂടിയതോടെ ജില്ലയിൽ തീപിടിത്തം വ്യാപകം. നൂറുകണക്കിന് ഫോൺകോളുകളാണ് ദിവസവും ജില്ലയിലെ ഫയർ സ്റ്റേഷനുകളിൽ എത്തുന്നത്. ഈ വർഷം ജനുവരി മുതൽ ഇന്നലെ വരെ ചെറുതും വലുതുമായ 515 തീപിടിത്തങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ദിവസവും ശരാശരി അഞ്ചും ആറും തീപിടിത്തങ്ങളാണ് ഓരോ ഫയർ സ്റ്റേഷനുകളിലും റിപ്പോർട്ട് ചെയ്യുന്നത്. വേനൽച്ചൂടിനൊപ്പം ചപ്പുചവറുകൾക്കു തീയിടുന്നതും അലക്ഷ്യമായി സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതും മറ്റുമാണ് തീപടരാൻ കാരണമാകുന്നത്.

@ കാർ വർക്ക് ഷോപ്പിന് തീപിടിച്ചു ,

ഒഴിവായത് വൻ ദുരന്തം

ഇന്നലെ രാവിലെ പത്തരയോടെയാണ് വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് സമീപത്തെ കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടർന്നു. ഉടൻ നാട്ടുകാരും ജീവനക്കാരും ചേർന്ന് കാറുകൾ തള്ളി പുറത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഥലത്തെ അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും യൂണിറ്റ് എത്താൻ വൈകിയത് വിഷയം സങ്കീർണ്ണമാക്കി. ഒരു മണിക്കൂറിനു ശേഷം

മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയർ സ്റ്റേഷനുകളിലെ യൂണിറ്റുകളെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാറിന് പെയിന്റടിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ചൂടായതാണ് തീപിടിത്തത്തിന്റെ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച വർക്ക് ഷോപ്പിന് സമീപമായി രണ്ട് കയർ ഫാക്ടറിയും ഒരു അങ്കണവാടിയുമുണ്ടായിരുന്നു.

@ ഓടിയെത്താനാവാതെ

ബീച്ച് അഗ്നിശമന സേന

കെട്ടിടവും വാഹനവും മതിയായ ജീവനക്കാരുമില്ലാത്തതിനാൽ തീപിടിത്തമുണ്ടാകുമ്പോൾ എല്ലായിടത്തും ഓടിയെത്താൻ‍ പ്രയാസപ്പെടുകയാണ് ബീച്ചിലെ അഗ്നിശമന സേന. ഇന്നലെ വെള്ളയിൽ ഗാന്ധി റോഡിൽ കാർ വർക്ക് ഷോപ്പിന് തീപിടിച്ചപ്പോൾ വൈകിയെത്തിയതിന് കേൾക്കാത്ത പഴികളില്ല. രാവിലെ ഹോമിയോ ആശുപത്രി കോമ്പൗണ്ടിന് സമീപം തീപിടിത്തമുണ്ടായതിനാൽ ആകെയുള്ള ഒരു യൂണിറ്റ് അവിടെയായിരുന്നു. യൂണിറ്റുകളുടെ കുറവ് വേനൽക്കാലത്ത് പ്രതിസന്ധി ഉണ്ടാക്കുന്നതായി സ്റ്റേഷൻ ഓഫീസർ അരുൺ പറഞ്ഞു.

ബീച്ച് ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും നടപടി ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. നഗരപരിധിയിൽ സ്​റ്റേഷന് അനിയോജ്യമായ സ്ഥലങ്ങൾ റീജിയണൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ നിന്നു തത്ക്കാലം മാറാൻ ഇടം കിട്ടാതായതോടെ നഗരത്തിലെ ഫയർ സ്റ്റേഷൻ വിവിധയിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ബീച്ച് ഫയർ സ്​റ്റേഷനിലുള്ള ഫാമിലി ക്വാർട്ടേഴ്സില്ലാണ് ഒരു വാഹനവും 8 ജീവനക്കാരുമുള്ള ഒരു യൂണി​റ്റുള്ളത്. സ്​റ്റേഷൻ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ജീവനക്കാരെ മീഞ്ചന്ത, വെള്ളിമാടുകുന്ന്, മുക്കം എന്നിവിടങ്ങളിലേക്ക് മാ​റ്റിയിരിക്കുകയാണ്. കെട്ടിടം പണിയാൻ കാലതാമസം വരുന്നതിനാൽ നഗരത്തിൽ തീപിടിത്തമടക്കമുളള അപകടങ്ങളുണ്ടായാൽ രക്ഷപ്രവർത്തനത്തിന് കാലതാമസമുണ്ടാകും.

@ നഗരത്തിൽ ഉയർന്ന താപനില 38.1
ചൂടിന് ശമനമില്ലാതെ ചുട്ടുപൊള്ളി നഗരം. ഏപ്രിൽ ആരംഭിച്ചതോടെ ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 38.1 ഡിഗ്രിയാണ്. ദിനംപ്രതി ചൂട് ഉയർന്നുവരുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോരത്ത് ഇടവിട്ട ദിവസങ്ങളിൽ വേനൽ മഴ ഉണ്ടായെങ്കിലും ചൂടിന് ആശ്വാസമില്ല. ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസാണ്. സാധാരണയേക്കാൾ 23 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ അനുഭവപ്പെട്ടത്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ പകൽ സമയം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.