SignIn
Kerala Kaumudi Online
Sunday, 19 May 2024 4.24 PM IST

ത്രികോണം കഴിഞ്ഞാൽ പിന്നെ തീപാറുന്നത് വടകരയും കണ്ണൂരും ആലത്തൂരും: പാട്ടു പാടി ജയം എളുപ്പമാവില്ല

vadakara-

ത്രികോണം കഴിഞ്ഞാൽ പിന്നെ തീപാറുന്നത് വടകര,​ കണ്ണൂർ,​ ആലത്തൂർ,​ ആലപ്പുഴ മണ്ഡലങ്ങളിൽ. ഉത്തരേന്ത്യ വിട്ട് രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റാക്കിയ വയനാട്ടിലും,​ വി.കെ. ശ്രീകണ്ഠനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ ഇറക്കിയ പാലക്കാട്ടും മത്സരം അത്ര ചെറുതൊന്നുമല്ല.


അതുപോലെ,​ സാമുദായിക സമവാക്യങ്ങളും മത-ജാതി വോട്ടുകളും വിധി നിർണയിക്കാനിടയുള്ള കോഴിക്കോട്ടും സി.പി.എമ്മിന്റെ ബൗദ്ധിക പരിവേഷമായ തോമസ് ഐസക്,​ സിറ്റിംഗ് എം.പി. ആന്റോ ആൻണിക്കും എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിക്കുമെതിരെ മത്സരിക്കുന്ന പത്തനംതിട്ടയും നിർണായകം തന്നെ. എന്തായാലും മുമ്പെങ്ങുമില്ലാത്ത വീറും വാശിയും സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും പ്രകടമാണ്.


പതിവായി വികസനവും സർക്കാർ വിരുദ്ധതയുമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചയാകാറുള്ളതെങ്കിൽ ഇത്തവണ ആരോപണ,​ പ്രത്യാരോപണങ്ങളുടെ അങ്കത്തട്ടായിരുന്നു പ്രചാരണ രംഗം. വടകര മണ്ഡലത്തിൽ പൊട്ടിയ പാനൂരിലെ ബോംബ്, ഇടതു സ്ഥാനാർഥി കെ.കെ.ശൈലജ യു.ഡി.എഫ് സ്ഥാനാർഥി ഷാഫിക്കെതിരെ ഉയർത്തിയ അപകീർത്തി പരാമർശം, സംസ്ഥാനമാകെ മുഖ്യമന്ത്രി ഇറങ്ങിയപ്പോൾ നടത്തിയ രാഹുൽ വിരുദ്ധ പരാമർശങ്ങൾ, പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ പിതൃത്വം സംബന്ധിച്ച തർക്കങ്ങൾ, കേരളാ സ്റ്റോറിയിലെ ക്രിസ്ത്യൻ വോട്ടുകൾ, ബിഷപ്പുമാരുടെ അരമനയിലേക്ക് മോദി ഇറങ്ങിയത്,​ പരമ്പരാഗത ലീഗ് വോട്ടിന്റെ അടിത്തറയിളക്കി സമസ്തയിലെ ഒരു വിഭാഗത്തിന്റെ കടന്നാക്രമണം, ഒടുക്കം തൃശ്ശൂർപൂരം കലക്കലും മോദിയുടെ രാജസ്ഥാൻ പ്രസംഗവുമടക്കം ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികൾ നർണയിക്കും.

വടകര: ആകാംക്ഷയുടെ അങ്കത്തട്ട്

കേരളത്തിൽ എവിടെ പൊട്ടിയാലും വടകരയിൽ കാണാമെന്ന് ഊറ്റത്തോടെ പറഞ്ഞൊരു കാലമുണ്ടായിരുന്നു ഇടതുപക്ഷത്തിന്. അതാണ് കഴിഞ്ഞ 15 വർഷമായി കൈവിട്ടു പോയത്. കരുത്തരായ പി. സതീദേവി, പി. ജയരാജൻ, എ.എൻ.ഷംസീർ എന്നിവരെ ഇറക്കിയിട്ടും ഇളകാതെപോയ വടകര പിടിച്ചെടുക്കാൻ ഇത്തവണ പാർട്ടി നിയോഗിച്ചത് കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയെന്ന നിലയിൽ ആഗോള ശ്രദ്ധ നേടിയ കെ.കെ.ശൈലജയെ. ടീച്ചറുടെ ജനകീയത തിരിച്ചടിയാവുമോ എന്നു കരുതി,​ പാലക്കാടിന്റെ ഹൃദയം കവർന്ന ഷാഫി പറമ്പിലിനെ യു.ഡി.എഫും ഇറക്കി. അങ്ങനെ കടത്തനാട്ടെ അങ്കത്തട്ടിൽ പൂഴിക്കടകൻ പാറുകയാണ്.


അതിനിടെ അവഹേളനം, മോർഫിങ്, ബോംബ്, 51 വെട്ട് തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളും. കഴിഞ്ഞ തവണ കെ. മുരളീധരൻ നേടിയ 84,​663 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.കെ. ശൈലജയ്ക്ക് മറികടക്കാനുള്ളത്. അതേസമയം ടി.പി. ചന്ദ്രശേഖരൻ വികാരം ആഞ്ഞടിച്ച 2014-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം കേവലം 3306 വോട്ടായിരുന്നു എന്നതാണ് കെ.കെ. ശൈലജയുടെ വ്യക്തി പ്രഭാവത്തിനൊപ്പം എൽ.ഡി.എഫിന് ആശ്വാസം നൽകുന്ന ഘടകം. പ്രഫുൽ കൃഷ്ണയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി.


കണ്ണൂർ: എണ്ണം പറഞ്ഞ കളരിമുറകൾ

സിറ്റിംഗ് എം.പി. കെ. സുധാകരനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും തമ്മിലാണ് കണ്ണൂരിലെ പോര്. കഴിഞ്ഞ തവണ സുധകരനുവേണ്ടി വോട്ടു പിടിച്ച എം. രഘുനാഥ് എൻ.ഡി.എ പാളയത്തിലും! സുധാകരന്റെ പഴയകാല വ്യക്തിപ്രഭാവം വച്ചുനോക്കിയാൽ താരതമ്യേന ചെറുതാണ് എതിരാളി. പക്ഷെ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് കണ്ണൂരിൽ കോൺഗ്രസുകാർ പോലും പറയുന്നത്.


സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് ആയതിനുശേഷം കോൺഗ്രസിനുള്ളിൽ ഉരുണ്ടുകൂടിയ അസ്വാരസ്യങ്ങളും എം.പി ആയതിനു ശേഷം മണ്ഡലത്തിന് കിട്ടാക്കനിയായതും സടകുടഞ്ഞെഴുനേൽക്കാറുള്ള സുധാകരൻ പൊതുവെ ശാന്തശീലനായതുമെല്ലാം എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ആദ്യമുണ്ടായ പ്രതിസന്ധി ചിട്ടയായ പ്രചാരണത്തിലൂടെ സുധാകരൻ മാറ്റിയെടുത്തെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു. കഴിഞ്ഞ തവണ പി.കെ. ശ്രീമതിയെ 94,559 വോട്ടുകൾക്ക് തോൽപിച്ചാണ് സുധാകരൻ ഡൽഹിക്ക് വണ്ടികയറിയത്. ഈ 'എമണ്ടൻ" ഭൂരിപക്ഷമാണ് ഇത്തവണ ഇടതുപക്ഷത്തിനു മുന്നിലെ വെല്ലുവിളി.


ആലത്തൂർ: പാട്ടു പാടി ജയം എളുപ്പമാവില്ല!

യു.ഡി.എഫിലെ രമ്യാ ഹരിദാസിന് ഇത്തവണ ആലത്തൂരിൽ പാട്ടും പാടി ജയിക്കാനാവില്ല. സി.പി.എമ്മിലെ കരുത്തനും ജനകീയനും മന്ത്രിയുമായ കെ.രാധാകൃഷ്ണനാണ് ഇടുതു സ്ഥാനാർഥി. കേരളത്തിൽ എവിടെ തോറ്റാലും ആലത്തൂരിൽ ജയം ഉറപ്പെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. എം.പി എന്ന നിലയിൽ ആലത്തൂരിന്റെ പ്രശ്‌നങ്ങളിലും പൊതുവായ വിഷയങ്ങളിലും രമ്യ പിറകോട്ടായിരുന്നത് രാധാകൃഷ്ണന് മുതൽക്കൂട്ടായി കണക്കാക്കുമ്പോൾ ആലത്തൂരിലെ മൂന്നു മണ്ഡലങ്ങൾ തൃശ്ശൂർ ജില്ലയിലാണെന്നതിനാൽ ചെറിയ കരുവന്നൂർ പേടിയുണ്ട്,​ സി.പി.എമ്മിന്.


മാത്രമല്ല,​ കഴിഞ്ഞ തവണ രമ്യ നേടിയ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം മറികടക്കുക എന്നതും ബാലികേറാമല പോലെ മുന്നിലുണ്ട്. എങ്കിലും പൊതുവെ മേൽക്കൈ രാധാകൃഷ്ണനുണ്ടെന്നാണ് ഇടതു 'പക്ഷം.' എന്തായാലും കേരളം നെഞ്ചിടിപ്പോടെ നോക്കിക്കാണുന്ന മണ്ഡലങ്ങളിൽ ആലത്തൂരുണ്ട്. പ്രൊഫ.ടി.എൻ. സരസുവാണ് എൻ.ഡി.എ സ്ഥാനാർഥി.


ആലപ്പുഴ: ഓളവും തിരയും

ഇടക്കാലത്തായി കെ.സി.വേണുഗാപാൽ കുറച്ചെങ്കിലും ഒരിടത്ത് ഉറച്ചു നിന്നിട്ടുണ്ടെങ്കിൽ അത് ആലപ്പുഴയിലാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ആലപ്പുഴപ്പോര് ഒന്നൊന്നരയാണ്. 2019-ൽ കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞു വീശിയപ്പോൾ ഇടതിന്റെ മാനം രക്ഷിച്ച മണ്ഡലമാണ് ആലപ്പുഴ. സി.പി.എമ്മിന്റെ യുവ നേതാവ് എ.എം. ആരിഫ് അരക്കിട്ടുറപ്പിച്ച ആലപ്പുഴയുടെ കെട്ടുവെള്ളത്തിന്റെ കെട്ടഴിക്കലാണ് വേണുഗോപാലിന്റെ ദൗത്യം. ആ ദൗത്യം കെ.സിയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ചും നിർണായകമാണ്. അതുകൊണ്ട് ഇവിടെ കെ.സി.ക്ക് ജയിച്ചേ തീരൂ.


എന്നാൽ ആരിഫിന്റെ ജനകീയത മണ്ഡലത്തിൽ പരമപ്രധാനമാണ്. എൻ.ഡി.എ പക്ഷത്തും ചില്ലറക്കാരിയല്ല. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ തീപാറിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച ശോഭാ സുരേന്ദ്രൻ തലങ്ങും വിലങ്ങും കളം നിറയുമ്പോൾ മണ്ഡലത്തിന്റെ ഭാവി പ്രവചനാതീതം. ശോഭ പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. വോട്ടുകളിൽ ഭൂരിപക്ഷം ഈഴവ സമുദായത്തിന്റേതാണ്. ആലപ്പുഴയുടെ ഈഴവ മനസ്സ് അവിടുത്തെ ജയപരാജയം നിർണയിക്കുന്നതിൽ സുപ്രധാനം. ഇതിനൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ ലത്തീൻ വോട്ടുകളും പ്രധാനം. മുസ്ലീം ക്രിസ്ത്യൻ വോട്ടുകൾ സമാസമമാകുമ്പോൾ നായർ വോട്ടുകളും പ്രധാനം തന്നെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKSABAHA ELECTION, 2024, KERALA, VADAKARA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.