SignIn
Kerala Kaumudi Online
Monday, 20 May 2024 5.59 AM IST

ജനോത്സവം...!

elect

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനാണ് കേരളം നാളെ സാക്ഷ്യം വഹിക്കുക. 96.8 കോടി വോട്ടർമാരുള്ള പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ ഇരുപത് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുകയാണ്. ഒരു ദിവസത്തേക്കെങ്കിലും പ്രജകൾക്ക് രാജാവിന്റെ വില കിട്ടുന്ന ദിവസമാണ്. അഞ്ചു വർഷത്തേക്ക് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പിൽ 2.77കോടി വോട്ടർമാരാണ് കേരളത്തിൽ വിധിയെഴുതുന്നത്. ഇതിൽ 5,34,394 കന്നിവോട്ടർമാരാണ്. സമ്മതിദായകരിൽ അധികവും സ്ത്രീകളാണ് 1.43കോടി. പുരുഷ വോട്ടർമാർ 1.34കോടിയുണ്ട്. ജനാധിപത്യത്തിന്റെ സുന്ദര കാഴ്ചയായ ഈ ജനോത്സവത്തെ ലോകം ഉറ്റുനോക്കുകയാണ്.

യുവശക്തിയായി വളരുന്ന ഇന്ത്യയിൽ യുവ വോട്ടർമാരാണ് തിരഞ്ഞെടുപ്പിൽ നിർണായകമാവുക. 18ഉം, 19ഉം വയസുള്ള 1.8 കോടി കന്നിവോട്ടർമാരാണ് വോട്ടർപട്ടികയിലുള്ളത്. ഇതിൽ 85.3 ലക്ഷവും പെൺവോട്ടർമാരാണ്. 20നും 29നും ഇടയിൽ പ്രായമുള്ള യുവവോട്ടർമാർ - 19.74 കോടി വരും. രാജ്യത്താകെ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. 25231 പോളിംഗ് ബൂത്തുകളാണ് കേരളത്തിലുള്ളത്. 7500 കേന്ദ്രസേനാംഗങ്ങളുടെയും 40,000ത്തോളം പൊലീസിന്റെയും കാവലിലാണ് വോട്ടെടുപ്പ്. വോട്ടർമാരിൽ മലപ്പുറമാണ് (33,93,884) മുന്നിൽ, കുറവ് വയനാട്ടിലും (6,35,930).

മുൻതിരഞ്ഞെടുപ്പുകളേക്കാൾ വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനാണ് കേരളത്തിൽ ഇന്നലെ കൊട്ടിക്കലാശമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ദേശീയ നേതാക്കളുടെ പട കേരളത്തിലേക്കെത്തി. ദേശീയ വിഷയങ്ങളും വിവാദ ചലച്ചിത്രവുമടക്കം പ്രചാരണ വിഷയങ്ങളായി. ഇതിനിടയിൽ വിദ്വേഷവും വർഗീയതയുമെല്ലാം ഇടയ്ക്കിടെ തലപൊക്കി. അവസാനഘട്ടമായപ്പോൾ വിവാദങ്ങളേറെ തലപൊക്കി. കള്ളപ്പണം, മദ്യം, സൗജന്യങ്ങൾ, ലഹരിമരുന്ന് എന്നിവ തടയാൻ വിപുലമായ നിരീക്ഷണ സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിരുന്നു.

തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് മുന്നണികളെല്ലാം. 2019ൽ ആലപ്പുഴ ഒഴികെയുള്ള സീറ്റുകൾ യു.ഡി.എഫിനായിരുന്നു. ഇരുപത് സീറ്റും നേടുമെന്ന് യു.ഡി.എഫും 2004 ലേതുപോലെ 18 സീറ്റ് നേടുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു. മോഡിയുടെ ഗ്യാരന്റി പ്രചാരണ വിഷയമാക്കിയതിനാൽ അഞ്ച് സീറ്റ് വരെ കിട്ടാമെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം. എന്നാൽ മണ്ഡലങ്ങളിലെല്ലാം അതിശക്തമായ പോരാട്ടമാണ്. തൃശ്ശൂരും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ശക്തമായ ത്രികോണ മത്സരവും വടകരയിലും കണ്ണൂരിലും ആലത്തൂരും ആലപ്പുഴയിലും പ്രവചനം പോലും അസാദ്ധ്യമാക്കുന്ന നേർക്കുനേർ പോരാട്ടവുമാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കേരളത്തിന് പുറത്ത് 'ഇന്ത്യ' മുന്നണിയുടെ ഭാഗമായ കോൺഗ്രസും ഇടതു കക്ഷികളും കേരളത്തിൽ പരസ്പരം മത്സരിക്കുന്നതിലെ പൊള്ളത്തരം തുറന്നുകാട്ടിയാണ് ബി.ജെ.പിയുടെ പ്രചാരണം. ദേശീയപാതാ വികസനം, വന്ദേഭാരത് ട്രെയിനുകൾ, റെയിൽവേ വികസനം അടക്കം ചൂണ്ടിക്കാട്ടി വികസനത്തിനാണ് ബി.ജെ.പി വോട്ടുതേടുന്നത്. നാലുവട്ടം കേരളത്തിലെത്തി പ്രധാനമന്ത്രി തന്നെ ബി.ജെ.പിയുടെ പ്രചാരണത്തിന്റെ നായകനായി. അതേസമയം, ബി.ജെ.പിയെ അതിശക്തമായി എതിർക്കുകയാണ് ഇടത്, വലത് മുന്നണികൾ. ഇത്തവണയും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് മുഖ്യമന്ത്രി പലവട്ടം ആവർത്തിച്ചു. സി.പി.എം - ബി.ജെ.പി അന്തർധാരയുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം.

രാഷ്ട്രീയത്തിനപ്പുറം ജാതി, മത, സമുദായ പരിഗണനകളും വ്യക്തിപ്രഭാവവുമെല്ലാം വിധി നിർണയിക്കാനിടയുള്ള തിരഞ്ഞെടുപ്പാണിത്. യുവവോട്ടർമാർ എങ്ങനെ ചിന്തിക്കുന്നു എന്നതിൽ മുന്നണികൾക്കെല്ലാം ആശങ്കയുണ്ട്. പരമാവധി വോട്ടർമാരെ വീടുകളിലെത്തി കണ്ട് വോട്ടുറപ്പിക്കാനാവും ഇനിയുള്ള ശ്രമം. സ്ഥലത്തില്ലാത്തവരെ എത്തിക്കാനും വോട്ടിടാൻ പോകാൻ സഹായം വേണ്ടവർക്ക് അതെത്തിക്കാനും സംവിധാനമൊരുക്കും. പണമിറക്കിയുള്ള വോട്ടുപിടിത്തം തടയാൻ കൃത്യമായ നിരീക്ഷണമുണ്ടാവും.

വിധിയെഴുതുന്ന

ചൂണ്ടുവിരൽ

ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അടയാളമാണ് മഷിപുരണ്ട ചൂണ്ടുവിരൽ. 63,100 കുപ്പി (വയൽ) മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകൾ തടയാൻ ഈ സംവിധാനത്തിനാകും. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാൻ.

സുരക്ഷാസന്നാഹം

അതിശക്തം

തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കാൻ കേരളത്തിലേക്ക് 62കമ്പനികളിലായി 7500 കേന്ദ്രസേനയെത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും കേന്ദ്രസേനയെ വിന്യസിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ സി.ആർ.പി.എഫ് സുരക്ഷയിലാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കും. 30,500 പൊലീസുദ്യോഗസ്ഥരെ സുരക്ഷയ്ക്ക് വിന്യസിക്കും. 20കമ്പനി തമിഴ്നാട്, കർണാടക പൊലീസുമെത്തും. സായുധസേനാ വിഭാഗത്തിൽ നിന്ന് 5000 പേർ, വിമുക്തഭടന്മാരും വിരമിച്ചവരുമടക്കം 10000 സ്‌പെഷ്യൽപൊലീസ് ഓഫീസർമാർ, രണ്ടായിരത്തിലധികം എക്സൈസ്, ഫോറസ്റ്റ്, ഹോംഗാർഡ് ഉദ്യോഗസ്ഥർ എന്നിവരേയും സുരക്ഷയ്ക്കായി നിയോഗിക്കും.

കേരളത്തിലെ വോട്ടർമാർ 2.77കോടി

കന്നിവോട്ടർ 5,34,394

സ്ത്രീ വോട്ടർമാർ 1.43കോടി

പുരുഷ വോട്ടർമാർ 1.34കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.