ബംഗളൂരു: കർണാടകയിൽ എൻ ഡി എ സഖ്യത്തിന് കൂടുതൽ കുരുക്കായി ലൈംഗികപീഡന വിവാദം. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അദ്ധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയുടെ മകനും ചെറുമകനുമെതിരെ വീട്ടിൽ ജോലി ചെയ്‌തിരുന്ന വനിത ലൈംഗികപീഡന പരാതി നൽകുകയായിരുന്നു. ഹാസനിലെ ജെ.ഡി.എസ് സ്ഥാനാർത്ഥിയായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയും പിതാവായ എച്ച്.ഡി രേവണ്ണയ്‌ക്കുമെതിരെയാണ് 47കാരി പീഡന പരാതി നൽകിയത്.
പ്രജ്വലും രേവണ്ണയും വീട്ടിലെ വനിതാ ജീവനക്കാരെ നിരന്തരം പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. ദേവഗൗഡയുടെ മകനും ഹോലെനരസിപൂർ എംഎൽഎയുമാണ് എച്ച് ഡി രേവണ്ണ. വീട്ടിൽ ജോലിക്കെത്തി നാല് മാസത്തിനകംതന്നെ രേവണ്ണ തന്നെ വിളിപ്പിച്ചതായും തന്നെക്കൂടാതെ ആറ് വനിതാ ജീവനക്കാർ അവിടെയുണ്ടായിരുന്നതായും എല്ലാവരും പീഡിപ്പിക്കപ്പെട്ടതായുമാണ് പരാതിയിലുള്ളത്. പ്രജ്വൽ വരുമ്പോൾ എല്ലാവരും ഭയന്നിരുന്നതായും പരാതിയിലുണ്ട്.
പ്രജ്വലിന്റെ അശ്ളീല വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പീഡന പരാതിയും വാർത്തയായത്.അതേസമയം പ്രജ്വൽ രാജ്യം വിട്ടെന്നും ജർമ്മനിയിലാണെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. വീഡിയോകൾ മോർഫ് ചെയതാണെന്നാണ് ജെ.ഡി.എസിന്റെ വാദം. ഇതിനിടെ വീഡിയോ വ്യാജമാണെന്നും മോർഫ് ചെയ്തിട്ടുണ്ടെന്നും കാട്ടി പ്രജ്വൽ പരാതി നൽകി. തന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരുടെ മനസു മാറ്റാനുമാണ് വീഡിയോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |