വയനാട്: മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. വയനാട് തലപ്പുഴ കമ്പമലയിലാണ് സംഭവം. പുലർച്ചെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഒമ്പത് റൗണ്ട് വെടിവയ്‌പ്പുണ്ടായി. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകൾ സ്ഥലത്തെത്തി വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തണ്ടർബോൾട്ട് പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പായതിനാൽ തെരച്ചിൽ കാര്യക്ഷമമായി നടത്താൻ സാധിച്ചില്ല. ഇതിനിടെ, സമീപത്ത് ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പാക്കിയ തണ്ടർബോൾട്ട് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി പരിശോധന നടത്തിയത്. തുടർന്ന് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 6.10നായിരുന്നു സിപി മൊയ്‌തീന്റെ നേതൃത്വത്തിൽ നാലുപേർ സ്ഥലത്തെ പാടിയിൽ എത്തിയത്. ഇതിൽ രണ്ടുപേരുടെ കയ്യിലും ആയുധമുണ്ടായിരുന്നു. പേരിയയിലെ ഏറ്റുമുട്ടലിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നുമാണ് ഇവർ നാട്ടുകാരോട് ആവശ്യപ്പെട്ടത്. എന്നാൽ, നാട്ടുകാരുമായി വാക്ക് തർക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്‌തംബർ മാസത്തിൽ മാവോവാദി സംഘമെത്തി കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന പേരില്‍ ഓഫീസില്‍ നാശം വരുത്തി മടങ്ങിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |