SignIn
Kerala Kaumudi Online
Wednesday, 22 May 2024 9.28 AM IST

നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂൾ ആക്രമണം ഒരു വർഷം പിന്നിട്ടിട്ടും; പ്രതികൾ കാണാമറയത്ത്

കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂൾ അക്രമികൾ തല്ലിത്തകർത്തിട്ട് ഒരു വർഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായില്ല.2023 ഏപ്രിൽ 17ന് രാത്രിയിലായിരുന്നു സ്കൂൾ അക്രമിസംഘം തല്ലിത്തകർത്തത്. സംഭവത്തെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്കൂൾ സന്ദർശിക്കുകയും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് പൊലീസിനോടാവശ്യപ്പെടുകയും ചെയ്തു.അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ വിവിധ സംഘടനകൾ സമരവും നടത്തി.എന്നാൽ, ഒരുവർഷം പിന്നിട്ടിട്ടും പൊലീസിന് ഈ കേസിൽ ഒരാളെപോലും പിടികൂടാനായില്ല.

ആക്രമണത്തെ തുടർന്ന് ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ച് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കിയാണ് ജൂണിൽ സ്കൂൾ തുറന്നത്.പി.ടി.എയുടെ നേതൃത്വത്തിൽ ഒരുലക്ഷം രൂപ ചെലവിട്ട് 2023 സെപ്തംബർ 20ന് ആധുനിക സംവിധാനങ്ങളോടുകൂടിയ ക്യാമറകൾ സ്കൂൾ വളപ്പിൽ സ്ഥാപിച്ചു. ഇതുകൊണ്ടും പ്രയോജനമുണ്ടായില്ലെന്ന് രണ്ടാമത്തെ ആക്രമണം തെളിയിച്ചു. ഫെബ്രുവരി 11ന് രാത്രിയിൽ നടന്ന രണ്ടാമത്തെ ആക്രമണത്തിൽ എൻ.എസ്.എസ് സന്നദ്ധപ്രവർത്തകരുടെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറി തല്ലിപ്പൊളിച്ചു. ഫയലുകൾ,മേശകൾ,കസേരകൾ,പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചു.വാതിലുകളും ജനാലകളും തല്ലിപ്പൊളിച്ചു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല.

ഓടി നടന്ന് നശിപ്പിച്ചു

നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ഉരുൾഘോഷയാത്ര നടന്ന രാത്രിയിലാണ് സ്കൂളിനു നേരേ ആദ്യത്തെ ആക്രമണമുണ്ടായത്.സി.സി ടി.വി ക്യാമറകൾ നശിപ്പിച്ചു.പ്രോജക്ടറുകൾ തകർത്ത് കിണറ്റിലെറിഞ്ഞു. ഫാനുകൾ നശിപ്പിച്ചു. ജലവിതരണസംവിധാനമാകെ നശിപ്പിച്ചു.ടോയ്‌ലെറ്റ് തല്ലിപ്പൊളിച്ചു. ക്ലാസ്‌ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ അതിനകത്തിട്ട് കത്തിച്ചു. സ്കൂളിലെ വൈദ്യുതിബന്ധം തകരാറിലാക്കുകയും ചെയ്തിരുന്നു. വിരലടയാളങ്ങളുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

രണ്ടാമതും ആക്രമണം

പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് 2024 ഫെബ്രുവരി 11ന് രാത്രിയിൽ സ്കൂൾ വീണ്ടും അക്രമികൾ തല്ലിത്തകർത്തു. ആദ്യത്തെ ആക്രമണത്തിൽ 10 ലക്ഷത്തിലധികം രൂപയുടെ നാശമാണുണ്ടായിരുന്നത്. രണ്ടാമത്തെ ആക്രമണത്തിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. എന്നാൽ ഇതുസംബന്ധിച്ച് കാര്യമായ ഒരന്വേഷണവും പിന്നീട് ഉണ്ടായില്ല.

ആശങ്കയിൽ

ഉത്സവത്തിന്‌ നാളെ കൊടിയേറുന്നതോടെ സ്കൂൾ ഇനിയും ആക്രമിക്കപ്പെടുമോ എന്ന ആശങ്കയും നാട്ടുകാർക്ക് ഇല്ലാതില്ല.മൂന്ന് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ വിദ്യാലയം അക്രമികൾ എന്തിന് നശിപ്പിക്കുന്നു.വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടും എന്തുകൊണ്ട് അക്രമികളെ പിടികൂടിയില്ല തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് നാട്ടുകാർ.സ്കൂളിന്‍ നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന് നാട്ടുകാർ സംശയിക്കുന്ന സാഹചര്യത്തിൽ സ്കൂളിന് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

എല്ലാ രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളിന്റെ പുരോഗതിയെ തടസപ്പെടുത്തുന്നതാണ് സ്കൂളിനു നേരെയുള്ള ആക്രമണങ്ങൾ. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.ഇനി ഒരാക്രമണം സ്കൂളിനു നേരെയുണ്ടാകാതിരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണം

നാസീം.എസ്,എസ്.എം.സി

വൈസ് ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.