SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.03 AM IST

അട്ടപ്പാടി കാട്ടിമലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി; അനധികൃതമായി കാട്ടിൽ പ്രവേശിച്ചതിൽ അറസ്റ്റ്

READ ENGLISH VERSION
salman

പാലക്കാട്: അനധികൃതമായി കാട്ടിൽക്കയറി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ രക്ഷപ്പെടുത്തി. പാലക്കാട് അട്ടപ്പാടി കാട്ടി മലയിലാണ് യുവാക്കൾ കുടുങ്ങിയത്. മലപ്പുറം മേലാറ്റൂർ സ്വദേശികളായ യുവാക്കളാണ് കഴിഞ്ഞദിവസം മലയിലെത്തിയത്. കാടുകാണാൻ എത്തിയ സംഘം വഴിതെറ്റി കാട്ടിമലയിൽ അകപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്.

വൈകുന്നേരമായതോടെ മഴ കനത്തതും ഇരുട്ട് മൂടിയതുമാണ് യുവാക്കൾ കാട്ടിലകപ്പെടാൻ കാരണമായത്. യുവാക്കൾ വനത്തിൽ കുടുങ്ങിയ വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. മേലാറ്റൂർ സ്വദേശികളായ അഷ്‌‌കർ,​ സൽമാൻ,​ സെഹാനുദ്ദീൻ,​ മഹേഷ് എന്നിവരെയാണ് മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

അഗളി സിഐയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. നാല് യുവാക്കളും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം,​ അനധികൃതമായി വനത്തിൽ കടന്നതിന് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇന്ന് അട്ടപ്പാടി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ പാലക്കാട് കാൽ വഴുതി ക്വാറിയിലെ വെള്ളത്തിലേയ്ക്ക് വീണ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് ചെഞ്ചുരുളിയിൽ പുലാപ്പറ്റയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെ‌ഞ്ചുരുളിയിൽ മണികണ്ഠന്റെ മകൻ മേഘജ് (18), രവീന്ദ്രന്റെ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. അൻപതടിയോളം താഴ്‌ചയുള്ള വെള്ളത്തിലേക്കാണ് ഇരുവരും വീണത്.

മേഘജും അഭയും വീടിന് സമീപത്തെ ക്വാറിക്ക് അരികിലൂടെ സംസാരിച്ച് നടക്കവേയാണ് അപകടമുണ്ടായത്. മേഘജ് കാൽ വഴുതി ക്വാറിയിലേയ്ക്ക് വീഴുന്നതിനിടെ രക്ഷിക്കാൻ ശ്രമിച്ച അഭയും വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദൃക്‌സാക്ഷി അറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോൾ മേഘജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് അഭയുടെ മൃതദേഹം കണ്ടെടുത്തത്. പുലാപ്പറ്റ എംഎൻകെഎം സ്‌കൂളിൽ നിന്ന് പ്ളസ് ടു കഴിഞ്ഞിരിക്കുകയായിരുന്നു മേഘജ്. നെഹ്‌റു കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു അഭയ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ATTAPADI, KATTIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY