ന്യൂയോർക്ക്: ഇറ്റാലിയൻ വിഭവമായ പിസ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. ഇഷ്ട വിഭവമാണെങ്കിലും പിസ ദിവസവും കഴിക്കുന്ന ശീലം പലർക്കുമില്ല. എന്നാൽ പിസയില്ലാതെ തന്റെ ഒരു ദിവസം പോലും കടന്നുപോകില്ലെന്ന് വെളിപ്പെടുത്തി ഞെട്ടിച്ചിരിക്കുകയാണ് യു.എസിലെ കണക്റ്റിക്കട്ട് സ്വദേശിയായ കെന്നി വൈൽഡ്സ്.
ദിവസവും ഒരു സ്ലൈസ് പിസയെങ്കിലും ഇദ്ദേഹം അകത്താക്കും. കഴിഞ്ഞ ആറ് വർഷമായി ഈ ശീലമുണ്ട്. ഇതുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. താൻ ഫിറ്റും ആരോഗ്യവാനുമാണെന്ന് കെന്നി ആത്മവിശ്വാസത്തോടെ പറയുന്നു. തനിക്ക് ലോകത്ത് ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്ന ചോദ്യത്തിന് കെന്നിയുടെ ഉത്തരം പിസയെന്നാണ്.
കെന്നിയുടെ അച്ഛൻ പണ്ട് ഒരു പിസാ ഷോപ്പ് നടത്തിയിരുന്നു. കെന്നിയുടെ മൂന്നാം വയസിൽ അത് പൂട്ടി. അതിനാൽ ചെറുപ്പത്തിൽ തന്നെ പിസ കെന്നിക്ക് സുപരിചിതമാണ്. പിസ കഴിക്കുന്നത് തുടരുമെന്നും അതിൽ നിന്ന് ഒരു കരിയർ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നെന്നും കെന്നി പറയുന്നു.
ഒരു ഹീറ്റിംഗ് ആൻഡ് കൂളിംഗ് സിസ്റ്റംസ് കമ്പനിയിലായിരുന്നു കെന്നിക്ക് ജോലി. ദിവസവും പുറത്തായിരിക്കും ജോലി. സഹപ്രവർത്തകനൊപ്പം മിക്കപ്പോഴും പിസ വാങ്ങിക്കഴിച്ചിരുന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ സഹപ്രവർത്തകൻ ഒരു പന്തയം വച്ചു. ഒരാഴ്ച തുടർച്ചയായി കെന്നി പിസ കഴിക്കണമെന്നായിരുന്നു അത്.
കെന്നി അത് നിഷ്പ്രയാസം സാദ്ധ്യമാക്കി. ഒരാഴ്ച എന്നത് ഒരു മാസത്തോളം തുടർന്നു. പിന്നീട് നിറുത്താതെ തുടരുകയായിരുന്നു. തന്റെ വിവാഹത്തിന് അതിഥികൾക്കായി ചീസ് പിസയാണ് കെന്നി ഒരുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ വൈറലായ കെന്നിക്ക് ഒരു പിസ കമ്പനി സെയിൽസ് പേഴ്സണായി ജോലിയും നൽകി. ഇപ്പോൾ ജോലിയുടെ ഭാഗമായി യു.എസിലുടനീളം സഞ്ചരിക്കുന്നു. വ്യത്യസ്ത ഫ്ലേവറുകൾ പരീക്ഷിക്കാനും അവസരമുണ്ട്.
തന്റെ പിസ ഇഷ്ടത്തോട് ഭാര്യയും മകളും പിന്തുണയുണ്ടെന്നും കെന്നി പറയുന്നു. അതേ സമയം, ദിവസവും പിസ കഴിക്കുന്നത് രോഗങ്ങൾക്ക് കാരണമാകാമെന്നാണ് പലരും ആശങ്ക പ്രകടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |