റിയാദ്: സൗദി അറേബ്യയിൽ മൂന്ന് പേർക്ക് മെർസ് കൊറോണ വൈറസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ മരിച്ചു. മൂവരും 56നും 60നും ഇടയിൽ പ്രായമുള്ള റിയാദ് സ്വദേശികളായ പുരുഷൻമാരാണ്. ഏപ്രിൽ 10നും 17നും ഇടയിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവർക്ക് നേരത്തെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. രോഗവ്യാപനത്തിന് റിയാദിലെ ഒരു ആരോഗ്യ കേന്ദ്രവുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ശരിയായ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഈ വർഷം ആദ്യം മെർസ് ബാധിച്ച് ഒരാൾ സൗദിയിൽ മരിച്ചിരുന്നു.
2012ലാണ് മെർസ് കൊറോണ വൈറസ് രോഗബാധ സൗദി അറേബ്യയിൽ ആദ്യമായി കണ്ടെത്തിയത്. പിന്നീട് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, എഷ്യ എന്നിവിടങ്ങളിൽ കണ്ടെത്തി. 2014ൽ യു.എസിലും 2015ൽ ദക്ഷിണ കൊറിയയിലും രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ ആകെ 27 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കൊവിഡ് 19ന് കാരണമായ സാർസ് കോവ് - 2 വൈറസുമായി സാമ്യമുള്ള വൈറസാണിത്. വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സമ്പർക്കം മൂലം മനുഷ്യർക്കിടയിൽ വ്യാപിക്കുന്നു. ഇതുവരെ മെർസ് ബാധിച്ച 2,613 പേരിൽ 941 പേർ മരിച്ചു പനി, ചുമ, ശ്വാസതടസം, ന്യുമോണിയ, ജലദോഷം, തലവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയാണ് രോഗലക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |