SignIn
Kerala Kaumudi Online
Sunday, 26 May 2024 8.32 PM IST

നിയന്ത്രിക്കേണ്ട ജല്പനങ്ങൾ

doctor

തിരുവനന്തപുരത്തെ ചില സർക്കാർ ഡോക്ടർമാർക്കും കെ.ജി.എം.ഒ.എ എന്ന സംഘടനയിലെ ചിലർക്കും പ്രതിഷേധം. താരത്യമ്യേന അത്യാപത്കരമല്ലാത്ത ഒരു അസുഖത്തിന് ഡ്യൂട്ടി സമയത്ത് സർക്കാർ ഡോക്ടറെ ജില്ലാ കളക്ടർ ക്യാംപ്
ഓഫീസിൽ വിളിച്ചുവരുത്തിയത് എന്തോ മഹാപരാധമാണെന്ന മട്ടിൽ ആരോഗ്യവകുപ്പിന് പരാതി നൽകിയത്രെ. ഐ.എ.എസ് ഉദ്യോഗസ്ഥനായ കളക്ടർ മഹാപരാധിയാണെന്ന മട്ടിൽ റവന്യൂ വകുപ്പിലെ മറ്റൊരു ഗസറ്റഡ് ഓഫീസർ (ഒരു തഹസീൽദാർ) ടെലിവിഷനിൽ വന്ന് ഗർജ്ജിക്കുന്നതും കേട്ടു. ചെയ്തത് അപരാധമാണോ എന്ന് ഇന്ത്യൻ പാർലമെന്റ് അഖിലേന്ത്യാ സർവീസ് ആക്ട് 1951 ന്റെ 3 (1) വകുപ്പു പ്രകാരം പുറപ്പെടുവിച്ച ഓൾ ഇന്ത്യ സർവീസ് മെഡിക്കൽ അറ്റൻഡൻസ് ചട്ടം (1954) പരിശോധിച്ചു. അതിൽ അംഗീകൃത മെഡിക്കൽ അറ്റൻഡന്റ് ആരെന്ന് നിർവചിച്ചിട്ടുള്ളത് ഇങ്ങനെ:

'Authorized medical attendant" means the principal medical officer appointed by the Government to attend to its officers in the station or district (where the member of the Service falls ill) and include a medical officer who, in rank, is equal or immediately junior to such principal medical officer and who is attached to any hospital or dispensary in the station where such principal medical officer is posted."

അതായത്,​ തിരുവനന്തപുരത്തെ ഡി.എം.ഒ യും ടിയാന്റെ കീഴിലുള്ള അസിസ്റ്റന്റ് സിവിൽ സർജന്മാരും അഖിലേന്ത്യാ സിവിൽ സർവീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും (ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ഉൾപ്പടെ) ചികിത്സ നൽകാൻ ബാദ്ധ്യസ്ഥരാണ്. ചട്ടം 3(1) പറയുന്നത് ഇപ്രകാരമാണ്: A member of the Service shall be entitled to free of charge to medical attendance by the authorized medical attendant.

ഉദ്യോഗസ്ഥൻ താമസിക്കുന്ന സ്ഥലത്ത് ചികിത്സ ലഭ്യമാക്കാനുതകുന്ന ചട്ടം 8 (1), 8(2) എന്നിവ പ്രകാരം ഉദ്യോഗസ്ഥന്റെ രോഗവിവരം ലഭിക്കുന്ന സർക്കാർ ഡോക്ടർ,​ രോഗത്തിന്റെ സ്വഭാവമനുസരിച്ച് ടിയാളുടെ ഗൃഹത്തിൽ ചികിത്സ നൽകണം. ഇപ്രകാരം നൽകുന്ന ചികിത്സയുടെ ചെലവ് സർക്കാർ അംഗീകരിച്ച നിരക്കിൽ ഉദ്യോഗസ്ഥന് ലഭ്യമാക്കേണ്ടതാണ്. ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ചികിത്സ വീട്ടിൽച്ചെന്ന് ചെയ്യാനുള്ള തീരുമാനം ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടറുടേതാണ്. അതിന്റെ ഗൗരവസ്വഭാവം, ചികിത്സ ഭവനത്തിലാകാം എന്നു നിശ്ചയിച്ചതിന്റെ ഉത്തരവാദിത്വം എന്നിവ,​ ലഭ്യമായ വിവരമനുസരിച്ച് അപ്രകാരം നിശ്ചയിച്ച ഡോക്ടറുടേതാണ്. രോഗതീവ്രതയല്ല,​ ‘Severity’ ആണ് അടിസ്ഥാനമാക്കേണ്ടത്.


ഒരു സാഹചര്യത്തിലും താൻ ഭവനത്തിൽ ചികിത്സിക്കില്ലെന്ന് ഒരു ഡോക്ടർക്കും മൂൻകൂർ തീരുമാനിക്കാനാകില്ല. രോഗിക്ക് ഉടനടി ആശുപത്രിയിലെത്തി ചികിത്സ സ്വീകരിക്കാൻ കഴിയാത്ത എല്ലാ ഘട്ടത്തിലും സുരക്ഷാസേനാ ഉദ്യോഗസ്ഥരുടെ കാര്യത്തിലും പ്രസിഡന്റ്, ഗവർണർമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എം.എൽ.എ മാർ വരെയുള്ളവർക്കും വാസസ്ഥലത്ത്, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിലും ഈ 'ചെന്നു ചികിത്സിക്കൽ" നടപ്പിലുണ്ട്. ഇത് എല്ലാ സംസ്ഥാനത്തെയും കേന്ദ്ര സർക്കാരിലെയും ഡോക്ടർമാർ ചെയ്യുന്നുമുണ്ട്. ഇതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല. പദവി ദുരുപയോഗം തീരെയില്ല.

ഇരുപത്തിനാലു മണിക്കൂറും തിരഞ്ഞെടുപ്പു മെഷിനറിയെ നയിക്കേണ്ട സാഹചര്യത്തിൽ നടപ്പ് ദുഷ്‌കരമാക്കുന്ന രോഗത്തിന് ജില്ലാ കളക്ടറെ ക്യാംപിൽ ചികിത്സിച്ചത് സത്യത്തിൽ പ്രക്രിയയിലെ ഒട്ടേറെ കാലവിളംബം ഒഴിവാക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ കളക്ടർ ആശുപത്രിയിൽ പോകുന്നത് ഉചിതമല്ല എന്നാണ് കാണേണ്ടത്. ഇവിടെ ഒ.പി സമയം കഴിഞ്ഞ് ചികിത്സ നൽകിയാൽ മതിയെങ്കിൽ,​ അതു തീരുമാനിക്കേണ്ടിയിരുന്നത് രോഗഗൗരവം മനസിലാക്കിയ,​ ചാർജ്ജുള്ള മെഡിക്കൽ ഓഫീസറാണ്. ഒ.പിയെ ബാധിക്കാതെ ചികിത്സ നൽകേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. അതിന് ജില്ലാ കളക്ടറെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.

കളക്ടർക്കു മാത്രമല്ല,​ കുടുംബാംഗങ്ങൾക്കും പാർലമെന്റ് നൽകിയ അവകാശമാണ് ഇവിടെ ഡോക്ടർമാരുടെ സംഘടനയിലെ ചിലർ ചോദ്യം ചെയ്തത്. അവർ അങ്ങനെ ചെയ്തപ്പോൾ അവിടെ ചികിത്സിച്ച ഫിസിഷ്യൻ മെഡിക്കൽ എത്തിക്സിന് നൂറു ശതമാനം വിരോധമുള്ള ഒരു നെറികേടു കൂടി കാട്ടി. ജില്ലാ കളക്ടറുടെ രോഗവിവരം താൻ അംഗമായ സർവീസ് സംഘടനകൾക്ക് ചോർത്തി നൽകി. അവർ പത്രക്കുറിപ്പ് മുഖേന മാദ്ധ്യമങ്ങളിലുടെ അത് പരസ്യപ്പെടുത്തുകയും ചെയ്തു. ഒരു കാരണവശാലും ഒരു ഭിഷഗ്വരൻ ചെയ്യാൻ പാടില്ലാത്തതാണ് ചികിത്സിച്ച മെഡിക്കൽ ഓഫീസറും സംഘടനാ ജില്ലാ നേതാവും ചെയ്തത്. രോഗികളുടെ വിവരങ്ങൾ സർക്കാർ ഡോക്ടർമാരുടെ കൈവശം ഭദ്രമല്ലെന്നും,​ സംഘടനക്കാർ വഴി ഡോക്ടർ അത് പ്രചരിപ്പിക്കുമെന്നും സംശയം ജനിപ്പിക്കാനുള്ള സാഹചര്യം അവർ സൃഷ്ടിച്ചു.

സർക്കാർ ഡോക്ടർമാർ,​ തങ്ങൾ ചികിത്സിക്കുന്ന രോഗാവസ്ഥകൾ പരസ്യപ്പെടുത്തി രോഗിയെ പിന്നീട് ഭീഷണിപ്പെടുത്താനും ഇകഴ്ത്താനും,​ രോഗി എന്ന നിലയിലെ സ്വകാര്യതാ അവകാശം ലംഘിക്കാനും അവരിൽ ചിലർക്ക് പ്രേരണയുണ്ടെന്നും വ്യക്തമായി. മെഡിക്കൽ പ്രൊഫഷന്റെ അന്തസാണ് ഈ കുബുദ്ധികൾ തകർത്തത്. ഏറ്റവും രസകരം,​ ഈ തർക്കം മുതലെടുത്ത് റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ ബി. ജയചന്ദ്രൻ, കളക്ടർക്കെതിരെ ഗുരുതമായ ആക്ഷേപങ്ങൾ ചട്ടങ്ങളും വസ്തുതക്കളും മനസ്സിലാക്കാതെ ഒരു ടിവി ചാനലിൽ പ്രസ്താവിച്ചു എന്നതാണ്.

ടിയാന്റെ വാക്കുകൾ ഇങ്ങനെ: 'കളക്ടർ ഇത്തരം ദുഷ്പ്രഭുത്വവും മാടമ്പിത്തരവും കാണിക്കാൻ പാടില്ല, ഒരു ഉദ്യോഗസ്ഥനെയും കളക്ടർ വിളിച്ചുവരുത്താൻ പാടില്ല. കളക്ടറെക്കുറിച്ച് നിരവധി പരാതികൾ (തഹസീൽദാരായ) എനിക്ക് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ലീവും മറ്റും നൽകുന്നില്ല. ഹാർട്ട് അറ്റാക്ക് ആണെങ്കിൽ സാരമില്ല; യജമാന മനോഭാവമാണ്. ജില്ലാ കളക്ടർക്കെതിരെ നടപടിയെടുക്കണം. ഡെപ്യൂട്ടി കളക്ടർമാർക്ക് അവധി നൽകുന്നില്ല. തിരഞ്ഞെടുപ്പിനിടയ്ക്ക് ഇത് സാധാരണയാണ്. എന്നാലും നൽകുന്നില്ല. കീഴ്ജീവനക്കാരോട് അടിമ- ഉടമ മനോഭാവമാണ്. കളക്ടർ നമ്മുടെ സുഹ്യത്താണെങ്കിലും (!) സഹതാപമാണ് തോന്നുന്നത്. അയാൾക്ക് ചികിത്സ വേണ്ടത് മറ്റേതോ സ്ഥലത്താണ് എന്നാണ് തോന്നുന്നത്."

ഭംഗ്യന്തരേണ,​ ജില്ലാ കളക്ടർ മാനസിക പ്രശ്നമുള്ളയാളെന്നാണ് കളക്ടറുടെ കീഴുദ്യോഗസ്ഥന്റെ പ്രസ്താവന! ഈ തെറ്റായ കാര്യങ്ങൾ മറയാക്കി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ അവധിയും ചുമതലയും നൽകുന്നതിനെ നിന്ദ്യമായ ഭാഷയിൽ വിമർശിക്കാനുള്ളതല്ല ബി. ജയചന്ദ്രൻ എന്ന ഉദ്യോഗസ്ഥന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം. നാളെ
പ്രസിഡന്റിന്റെയും ഗവർണർമാരുടെയും മന്ത്രിമാരുടെയും അസുഖവിവരങ്ങൾ തോന്നുംപടി ഡോക്ടർമാരിൽ ചിലർ പ്രസിദ്ധം ചെയ്യാതിരിക്കാൻ ചുമതല മറന്ന ഡോക്ടർമാരെയും,​ നാവിനു നിയന്ത്രണമില്ലാതെ അവസരം മുതലെടുത്ത് മേലധികാരിയെ പുലഭ്യം പറഞ്ഞ ഉദ്യോഗസ്ഥനെയും കാര്യങ്ങൾ ബോദ്ധ്യപ്പെടുമാറ് മനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്.

(അഭിപ്രായം വ്യക്തിപരം)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTOR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.