SignIn
Kerala Kaumudi Online
Tuesday, 04 June 2024 7.29 AM IST

ഉറക്കം നടിച്ച് പൊലീസ്, ഉറക്കം കെടുത്തി ഗുണ്ടകൾ

തിരുവനന്തപുരം: എല്ലുകൾ ഓരോന്നായി അടിച്ചു നുറുക്കും. തലയോട്ടി പൊട്ടിച്ച് തലച്ചോറ് ചിതറിക്കും. മരണം ഉറപ്പാക്കാൻ നെഞ്ചിൽ കല്ലുകെട്ടി ആഞ്ഞടിക്കും. ഇത്തരത്തിൽ അതിക്രൂരമായാണ് തലസ്ഥാനത്ത് ഗുണ്ടകൾ മനുഷ്യരെ കൊന്നുതള്ളുന്നത്.

പിടിച്ചുപറി പോലെ കൊലപാതകം പതിവാക്കിയാണ് ഒരുസംഘം കുട്ടിക്രിമിനലുകൾ നഗരം താവളമാക്കി വിലസുന്നത്. എന്നാൽ ഇത്രയൊക്കെ ഗുണ്ടാആക്രമണങ്ങൾ നടന്നിട്ടും പൊലീസ് ഉറക്കം നടിച്ചിരിക്കുകയാണ്. നേരത്ത പൊലീസ് ഗുണ്ടകളെ ശക്തമായി അടിച്ചമർത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരത്തിലെ എസ്.എച്ച്.ഒമാരെ മാറ്റി പകരം കൊല്ലം റൂറൽ മേഖലയിലിരുന്നവരെ നിയമിച്ചതോടെ സ്ഥിതി മാറി. സ്ഥലപരിചയക്കുറവും താത്കാലിക ഇടത്താവളമായതിനാൽ ഇക്കൂട്ടർ കാര്യമായ ഇടപെടൽ നടത്താത്തതും ക്രമിനലുകൾ മുതലാക്കി. മാസങ്ങളായി നഗരത്തിൽ പട്രോളിംഗും കുറവാണ്.

ഗുണ്ടാ ആക്രമണത്തിൽ ജീവൻ നഷ്ടമായ ഒടുവിലത്തെ ഇരയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അഖിൽ (26). കൊലക്കേസ് പ്രതികളും സ്ഥിരം കുറ്റവാളികളുമായ സംഘമാണ് അഖിലിനെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. 2019ൽ അതിദാരുണമായി കൊല്ലപ്പെട്ട അനന്തു ഗിരീഷിന്റെ ഘാതകരെ വരുതിയിലാക്കാനും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. താത്കാലിക ചുമതലയുള്ള സ്റ്റേഷൻ പരിധിയിൽ കൂടുതൽ ഇടപെടൽ നടത്തേണ്ടതില്ലെന്ന ഉദ്യോഗസ്ഥരുടെ ധാരണയാണ് പ്രധാന പ്രശ്നം.

നഗരത്തിലുടനീളം താവളങ്ങൾ

അഖിലിന്റെ കൊലപാതകം നടന്ന കരമന പൊലീസ് സ്റ്റേഷൻ പരിധി ക്രമിനലുകളുടേയും ഗുണ്ടകളുടേയും താവളമാണ്. മദ്യവും എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിയുടെ ഉപയോഗവും കൈമാറ്റവും വ്യാപകം. കൈമനം ചിറയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്നയിടത്തെ പറമ്പാണ് ക്രിമിനലുകളുടെ വിഹര കേന്ദ്രം.

കൈമനം പോളിടെക്‌നിക്കിന് എതിർവശത്തുള്ള വഴിയിലൂടെ എത്തിച്ചേരുന്ന പൂന്തോപ്പ് ലക്ഷം വീട് കോളനിയാണ് നഗരത്തിലെ ഗുണ്ടകളുടെ ഇടത്താവളങ്ങളിലൊന്ന്. ഇതിന് സമീപത്തെ ഉയരം കൂടിയ ബണ്ടും ആളൊഞ്ഞ സ്ഥലവും ഇപ്പോൾ ഇവരുടെ കൈയിലാണ്. കൈമനം വിനായക ഓഡിറ്റോറിയത്തിന് എതിവശത്തുള്ള വഴിയിലൂടെ എത്തുന്ന 44-ാം കോളനിയും സമീപത്തുള്ള കല്ലുമലയും പതിവ് കേന്ദ്രങ്ങൾ. അഖിലിന്റ കൊലപാതകം നടന്നതിന് സമീപത്തെ സ്നേഹപുരിയിലെ ചതുപ്പു പ്രദേശമാണ് മറ്റൊരിടം. വാറ്റ് ചാരായവും ഇവിടങ്ങളിൽ സുലഭം. 2019ൽ അനന്തു കൊല്ലപ്പെട്ട നീറമൺകരയിലെ കാടുപിടിച്ച പ്രദേശവും പൊളിഞ്ഞ വീടും ക്രിമിനലുകളുകളുടെ കൂടാരമായി തുടരുന്നു.

കണ്ടാലും അറിയില്ല

ഗുണ്ടാ ലിസ്റ്റിലുള്ളവരെ വിളിച്ചുവരുത്തുകയോ അവരെക്കുറിച്ച് അന്വേഷിക്കുകയോ ഇല്ല

കൊടുംക്രിമിനലുകളെ കണ്ടാലും പൊലീസിന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി

മുൻകാലങ്ങളിൽ എസ്.എച്ച്.ഒമാർ ഗുണ്ടാ ലിസ്റ്റിലുള്ള അഞ്ചുപേരെ വീതം സ്റ്റേഷനിൽ വിളിപ്പിച്ച് മറ്റുപൊലീസുകാരെ മുന്നിൽ വച്ച് താക്കീത് നൽകിയിരുന്നു

രാത്രി പട്രോളിംഗ് സമയത്ത് ഇക്കൂട്ടരെ കണ്ടാൽ എല്ലാ പൊലീസുകാരും തിരിച്ചറിഞ്ഞിരുന്നു.

നാളെ

(ലഹരിക്ക് അടിമപ്പെട്ട് കുട്ടി ക്രമിനലുകൾ, വമ്പന്മാർ പുറത്ത്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.