SignIn
Kerala Kaumudi Online
Friday, 24 May 2024 2.27 AM IST

പിന്നിൽ കർണാടക ലോബി, കേരളം ഇനിയും അനങ്ങിയില്ലെങ്കിൽ ഭാവിയിൽ വരാനിരിക്കുന്ന വികസനങ്ങൾ അസ്തമിക്കും

railway

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജിച്ച് കോയമ്പത്തൂർ, മംഗളൂരു ഡിവിഷനുകൾ രൂപീകരിക്കാൻ റെയിൽവെ നീക്കം ശക്തമാക്കിയതായ വാ‌ർത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുമ്പോഴും ഇതിനെതിരെ സംസ്ഥാന സ‌ർക്കാരിൽ നിന്ന് കാര്യമായ ചെറുത്തുനിൽപ്പോ പ്രതികരണമോ ഉണ്ടാകുന്നില്ലെന്ന പരാതി ഉയരുന്നു. കേരളത്തിൽ ഇപ്പോഴുള്ള തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് മറ്റു രണ്ട് ഡിവിഷനുകൾ രൂപീകരിച്ചാൽ പാലക്കാട് ഡിവിഷൻ ഇല്ലാതാകും. സംസ്ഥാനത്ത് തിരുവനന്തപുരം ഡിവിഷൻ മാത്രമായി ചുരുങ്ങും. മധുര ഡിവിഷന്റെ ഭാഗമാണ് കൊല്ലം- ചെങ്കോട്ട പാത. തമിഴ്നാട്, ക‌ർണാടക സർക്കാരുകളുടെ ഇതിനായുള്ള കരുനീക്കം ശക്തമാക്കിയതായാണ് റെയിൽവെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് റെയിൽവെ ഡിവിഷൻ അടച്ചുപൂട്ടാനുള്ള കേന്ദ്ര സ‌ർക്കാർ തീരുമാനം കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണെന്ന പ്രസ്താവനയുമായി മന്ത്രി എം.ബി രാജേഷ് രംഗത്തെത്തിയെങ്കിലും പ്രസ്താവനയ്ക്കപ്പുറം സർക്കാരിൽ നിന്ന് കാര്യമായ നീക്കമൊന്നും ഉണ്ടായിട്ടില്ല. പാലക്കാടിനെ വെട്ടി കോയമ്പത്തൂർ, മംഗളൂരു ഡിവിഷനുകൾ രൂപീകരിക്കുമ്പോൾ കേരളത്തിൽ റെയിൽവെയുടെ വരുമാനവും മറ്റു സൗകര്യങ്ങളും തിരുവനന്തപുരം ഡിവിഷനിൽ മാത്രമായി ചുരുങ്ങും. കേരളത്തിൽ ഭാവിയിൽ ഉണ്ടാകേണ്ട റെയിൽവെ വികസനത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

നിലവിൽ മംഗളൂരു പാലക്കാട് ഡിവിഷനു കീഴിലും കോയമ്പത്തൂർ സേലം ഡിവിഷനു കീഴിലുമാണ്. 2007 ൽ സേലം ഡിവിഷൻ രൂപീകരിച്ചത് പാലക്കാട് ഡിവിഷനു കീഴിലെ 588 കിലോമീറ്റ‌ർ കൂട്ടിച്ചേർത്തായിരുന്നു. പഴയ ഒലവക്കോട് റെയിൽവെ ഡിവിഷനാണ് പാലക്കാട് ഡിവിഷനായി മാറിയത്. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി (മാഹി) 588 കിലോമീറ്റർ റെയിൽപാതയാണ് പാലക്കാട് ഡിവിഷനു കീഴിലുള്ളത്. ഇതുകൂടി പുതിയ ഡിവിഷനിലേക്ക് മാറ്റാനാണ് നീക്കം. ദക്ഷിണ റെയിൽവേയിൽ ചെന്നൈ സെൻട്രലും (1216 കോടി) ചെന്നൈ എഗ്‌മൂറും (564 കോടി) കഴിഞ്ഞാൽ ടിക്കറ്റ് വരുമാനത്തിൽ മൂന്നാം സ്ഥാനം കോയമ്പത്തൂരിനാണ്. (325 കോടി) പാലക്കാട് ഡിവിഷന്റെ വരുമാനം 115 കോടിയാണ്.

കൊങ്കൺ കൂടി ഉൾപ്പെടുത്തുക ലക്ഷ്യം

പ്രത്യേക കോർപ്പറേഷനായ കൊങ്കൺ റെയിൽവെ കൂടി മംഗളൂരു റെയിൽവെ ഡിവിഷനു കീഴിൽ ഉൾപ്പെടുത്തി വിപുലീകരിക്കാനുള്ള കർണാടകയുടെ നീക്കം വളരെക്കാലമായി നടക്കുന്നതാണ്. കൊങ്കൺ പാതയുടെ നല്ലൊരു ഭാഗവും കടന്നു പോകുന്നത് ക‌ർണാടകയിലൂടെയാണ്. ബി.ജെ.പി ഭരണകാലത്ത് ഇതിനുള്ള നീക്കം ഊർജ്ജിതമായിരുന്നെങ്കിലും അവിടെ സർക്കാർ മാറിയതോടെ ഈ നീക്കം മന്ദീഭവിച്ച നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ മംഗളൂരു ഡിവിഷൻ രൂപീകരണം കോൺഗ്രസ് സർക്കാരും കോയമ്പത്തൂർ ഡിവിഷൻ രൂപീകരണം തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാരും ഊർജ്ജിതമാക്കിയതായാണ് സൂചന. കൊങ്കൺ പാത കൂടാതെ ബെല്ലാരി, സേലം, പാലക്കാട് ഡിവിഷനുകൾ കൂട്ടിച്ചേത്ത് പുതിയൊരു റെയിൽവെ സോൺ രൂപീകരിക്കുകയാണ് കർണാടക സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ചെന്നൈ സോണിൽ വരുന്ന ഡിവിഷനുകളാണ് പാലക്കാട്, സേലം, ചെന്നൈ, മധുര, ത്രിച്ചി, തിരുവനന്തപുരം എന്നിവ. കണ്ണൂരിൽ അവസാനിക്കുന്ന ചില ട്രെയിനുകൾ കോഴിക്കോടേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തടയിട്ടത് കർണാടകത്തിലെ മംഗളൂരു ലോബിയാണ്. കോഴിക്കോട്ടേക്ക് നീട്ടിയാൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലെ വരുമാനം വർദ്ധിക്കുകയും ഇത് മംഗളൂരുവിന് തിരിച്ചടിയാകുകയും ചെയ്യും.

കണ്ണൂരിൽ നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്കുള്ള എക്സ്പ്രസ് ഏറെ സമ്മർദ്ദത്തിനൊടുവിൽ കോഴിക്കോട് വരെ നീട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതേ ലോബി ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തിയിരുന്ന പരശുറാം, ഏറനാട് എക്സ്പ്രസുകൾ നാഗർകോവിലിലേക്ക് നീട്ടി തിരുവനന്തപുരത്തിന്റെ പ്രാധാന്യവും വരുമാനവും ഇല്ലാതാക്കി. ഏറ്റവുമൊടുവിൽ തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് മംഗളൂരുവിലേക്കും നീട്ടി. എറണാകുളം -ബംഗളൂരു റൂട്ടിൽ കേരളത്തിന് പുതുതായി അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് ആഴ്ചകൾക്ക് മുമ്പ് സർവീസ് തുടങ്ങാൻ നിശ്ചയിച്ചിരുന്നുവെങ്കിലും അത് അനിശ്ചിതമായി നീളുന്നതിനു പിന്നിലും കേരള വിരുദ്ധരായ ചിലലോബികളുടെ ഇടപെടലാണെന്ന ആരോപണം ഉയർന്നിരുന്നു. മൂന്നാം വന്ദേഭാരതിന്റെ റേക്കുകൾ എത്തിയെങ്കിലും എറണാകുളം സ്റ്റേഷനിൽ റേക്കുകളുടെ മെയിന്റനൻസിനുള്ള സൗകര്യം ഇതുവരെ ശരിയായില്ലെന്ന കാരണം പറഞ്ഞാണ് സർവീസ് ആരംഭിക്കാൻ വൈകുന്നതെന്നാണ് റെയിൽവെ അധികൃതരുടെ വിശദീകരണം.

രാഷ്ട്രീയ കൂട്ടായ്മ ഇല്ലാതെ കേരളം

സംസ്ഥാനത്തിന് ലഭിക്കേണ്ട റെയിൽവെ വികസനവും പുതിയ ട്രെയിനുകളും സംബന്ധിച്ച് കേരളത്തിലെ ഭരണാധികാരികൾക്കും രാഷ്ട്രീയപാർട്ടികൾക്കും ഒത്തൊരുമ ഇല്ലാത്തതാണ് പല വികസന പദ്ധതികളും കേരളത്തിന് നഷ്ടമാകുന്നതെന്ന പരാതി ശക്തമാണ്. എന്തിനും ഏതിനും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നതാണിപ്പോൾ കേരളത്തിലെ ഇടത് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള 20 എം.പിമാരും പ്രതിപക്ഷത്തായതിനാൽ കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുക മാത്രമാണ് ഇവരുടെയും പ്രധാന ജോലി. 19 എം.പി മാർ കേരളത്തിലും പ്രതിപക്ഷത്തായതിനാൽ സംസ്ഥാന സർക്കാരുമായി ചേർന്നുള്ള വിലപേശലിനും അവർ തയ്യാറല്ല. അതേസമയം തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രവുമായി വിരുദ്ധ ചേരിയിലാണെങ്കിലും സംസ്ഥാനത്തെ വികസന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിലകൊണ്ട് അർഹമായത് നേടിയെടുക്കുന്നതാണ് അവരുടെ രീതി. പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജിച്ച് ഇല്ലാതാക്കാനുള്ള നീക്കവും ഇത്തരത്തിലുള്ളതാണ്. കേരളത്തിലെ റെയിൽവെ വികസനവുമായി ബന്ധപ്പെട്ട് ഇവിടത്തെ എം.പി മാരുടെ മിനിമം ആവശ്യം തങ്ങളുടെ മണ്ഡലത്തിലെ റെയിൽവെ സ്റ്റേഷനിൽ ഏതെങ്കിലും എക്സ്പ്രസ് ട്രെയിന് സ്റ്റോപ്പനുവദിക്കുന്നതിൽ മാത്രമായി ഒതുങ്ങുന്നതാണ് കണ്ടു വരുന്നത്.

കോൺഗ്രസ് എം.പിമാരെ കുറ്റപ്പെടുത്തി മന്ത്രി

പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ തലത്തിൽ പ്രതിരോധിക്കാനും പ്രതിഷേധിക്കാനും കഴിയാത്ത കേരളസർക്കാരും പ്രതിപക്ഷ എം.പിമാരെ കുറ്റംപറഞ്ഞ് കൈകഴുകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാൻ നടക്കുന്ന രഹസ്യനീക്കം കാണാനും ചെറുക്കാനും കഴിയാത്തത് യു.ഡി.എഫ് എം.പിമാരുടെ പരാജയമെന്നാണ് മന്ത്രി കുറ്റപ്പെടുത്തിയത്. ഈ നീക്കത്തെ ശക്തമായി എതിർക്കാൻ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർക്ക് കഴിയേണ്ടതായിരുന്നു. പുതുതായി തിരഞ്ഞെടുക്കുന്ന എം.പിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഈ വിഷയത്തിൽ സമരം നടത്തണം. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള ശ്രമം യു.പി.എ ഭരണകാലത്ത് തന്നെ തുടങ്ങിയെന്നാണ് എം.ബി രാജേഷ് പറയുന്നത്. അന്ന് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചാണ് സേലം ഡിവിഷനുണ്ടാക്കിയത്. അതിനുശേഷവും പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നു. താൻ പാലക്കാട് എം.പി ആയിരുന്നപ്പോഴും പാലക്കാടിനെ മംഗളൂരുവിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നു. അന്ന് അതിനെ ശക്തമായി ചെറുത്തു തോൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വികസനകാര്യത്തിലും കേന്ദ്രവുമായി കലഹം തുടർന്നാൽ പാലക്കാട് റെയിൽവെ ഡിവിഷൻ കേരളത്തിന് നഷ്ടമായാലും അത്ഭുതത്തിന് വകയുണ്ടാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN RAILWAY, PALAKKAD DIVISION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.