തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത ! വെയിറ്റിംഗ് ലിസ്റ്റിൽ പുതിയ സംവിധാനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ എല്ലാ കോച്ച് സെഗ്മെന്റുകളിലും ആകെ ബെർത്തുകളുടെ 25 ശതമാനം വരെ മാത്രമേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് അനുവദിക്കുകയുള്ളൂ.
ടിക്കറ്റ് വെയ്റ്റിംഗിലായാലും ബെർത്ത് ഏറെക്കുറേ ഉറപ്പിക്കാനാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നേരത്തെ വ്യാപകമായി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ അനുവദിക്കുമായിരുന്നു. അങ്ങിനെ വരുമ്പോൾ പലർക്കും ബെർത്ത് കൺഫോമായി കിട്ടില്ല. മാത്രമല്ല കൺഫോംഡ് അല്ലാത്ത ടിക്കറ്റുമായി റിസർവ്ഡ് കോച്ചുകളിൽ കയറുന്നവർക്ക് നിൽക്കാനോ ഇരിക്കാനോ പോലും പലപ്പോഴും ഇടം ലഭിക്കുമായിരുന്നില്ല. പുതിയ സംവിധാനം വരുന്നതോടെ ഈ അവസ്ഥ ഏറെക്കുറേ മാറും. മാത്രമല്ല, വെയ്റ്റിംഗ് ലിസ്റ്റുകാർക്ക് കുറഞ്ഞപക്ഷം ഒരു ഷെയറിംഗ് ബെർത്തെങ്കിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ജൂലായ് ഒന്നുമുതൽ ആധാർ ലിങ്ക്ഡ് അല്ലാത്ത ഐ.ആർ.സി.ടി.സി. അക്കൗണ്ടുകളിൽ നിന്നും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ലെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ട്രാവൽ ഏജന്റുമാരുടെ ബൾക്ക് ബുക്കിംഗ് ഉൾപ്പെടെയുള്ള തിരിമറികൾ കുറയും. ഇത് യഥാർത്ഥ യാത്രക്കാർക്ക് ഗുണകരമായി മാറുക. മാത്രമല്ല, ടിക്കറ്റ് ഉറപ്പാകാത്ത സാഹചര്യത്തിൽ തത്കാൽ ആവശ്യമായവർക്ക് അവ യഥാക്രമം ലഭിക്കാനും സാഹചര്യമൊരുങ്ങും. അതേസമയം, നിയന്ത്രണങ്ങൾ വരുമ്പോൾ അതിനെ മറികടക്കാൻ ട്രാവൽ ഏജന്റുമാർ പുതിയ തട്ടിപ്പുകൾ കൊണ്ടുവരും. അവ ഓരോന്നായി കണ്ടെത്തി പഴുതടയ്ക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |