തിരുവനന്തപുരം: അടുത്തവർഷം ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ സർക്കാർ ഓർഡിനൻസിറക്കും.ഇതിനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. 1200 വാർഡുകൾ പുതുതായി രൂപപ്പെടും. ഭരണം പിടിക്കാൻ അനുകൂലമാകുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താവും പുതിയ വാർഡുകൾ എന്നാണ് അനുമാനം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും നാല് മുതിർന്ന ഐ.എ.എസുകാരും അംഗങ്ങളായ സമിതിക്കാണ് ചുമതല. നടപടികൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കും. നിലവിൽ 1200തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങൾ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ചു വർഷം 67കോടിരൂപ അധികം വേണ്ടിവരും.
ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് കൂട്ടുന്ന തരത്തിൽ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തും. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം. ചെറിയ പഞ്ചായത്തുകളിൽ 13ഉം വലുതിൽ 23ഉം വാർഡാണ് നിലവിലുള്ളത്. ഭേദഗതിയോടെ 14ഉം 24മാവും.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ, വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.
സർക്കാർ ന്യായം
1. ജനസംഖ്യ പരിഗണിച്ചാവണം തദ്ദേശ ജനപ്രതിനിധികളുടെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് പഞ്ചായത്തീരാജ്, മുനിസിപ്പൽ ആക്ടുകളിൽ വ്യവസ്ഥയുണ്ട്.
2. കൂടുതൽ പേർക്ക് പ്രാദേശികഭരണത്തിൽ കടന്നുവരാൻ അവസരം. അതിലൂടെ വികസനത്തിൽ കൂടുതൽ ജനപ്രാതിനിദ്ധ്യം ഉറപ്പിക്കാം. ഭരണഘടനാപരമായ ആനുപാതിക പ്രാതിനിധ്യം ശക്തിപ്പെടുത്താം.
തദ്ദേശസ്ഥാപനങ്ങളും വാർഡുകളും
941പഞ്ചായത്ത്----------------15,962
87മുനിസിപ്പാലിറ്റി--------------3078
6കോർപ്പറേഷൻ----------------414
152ബ്ലോക്ക് പഞ്ചായത്ത്----2080
14ജില്ലാ പഞ്ചായത്ത്----------331
നേരിയ മാർജിനിൽ
കൈവിട്ടത് കിട്ടണം
1. നേരിയ മാർജിനിൽ ഭരണം നഷ്ടമായ തദ്ദേശസ്ഥാപനങ്ങളിൽ വിജയം ഉറപ്പാക്കുംവിധമാകും പ്രദേശങ്ങൾ കൂട്ടിച്ചേർക്കുക.
2. വാർഡുകൾ അന്തിമമായി പ്രഖ്യാപിച്ചാലേ വാർഡുതല വോട്ടർപട്ടികയുണ്ടാക്കാനും പുതുക്കാനുമാവൂ
3. നടപടികൾ സങ്കീർണവും സാമ്പത്തികബാദ്ധ്യതയുണ്ടാക്കുന്നതുമാണ്. പരാതികളിൽ തീർപ്പുണ്ടാവാൻ കാലതാമസമെടുക്കും
സെൻസസ് ഇല്ല,
ഓർഡിനൻസ് വേണം
സെൻസസിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവാർഡുകൾ നിശ്ചയിച്ചിരിക്കുന്നത്. 2021ൽ സെൻസസ് നടക്കാത്തതിനാൽ ജനസംഖ്യാവർദ്ധനവിന്റെ കണക്കില്ല. അതുകൊണ്ടാണ് നിയമഭേദഗതിയും ഓർഡിനൻസും വേണ്ടിവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |