തിരുവനന്തപുരം: ജനകീയ സമരങ്ങളോടും വിദ്യാർത്ഥി പ്രക്ഷോഭങ്ങളോടും സംസ്ഥാന സർക്കാർ മൃദുസമീപനമാണ് കാണിക്കുന്നതെന്ന് മുൻ യുവജന നേതാവ് സിന്ധുജോയി. സെക്രട്ടറിയേറ്റിന്റെ മതിൽചാടി മുഖ്യമന്ത്രിയുടെ ഓഫീസിനുചുവട്ടിലെത്തി മുദ്രാവാക്യം വിളിച്ച പെണ്കുട്ടിയെയൊക്കെ ഇന്നലെ ചാനൽ ചർച്ചകളിൽ കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും സിന്ധുജോയി ഫേസ്ബുക്കിൽ കുറിച്ചു.
'ഞങ്ങളൊക്കെ സമരംചെയ്യുന്ന വേളയിൽ ഇതായിരുന്നില്ല അവസ്ഥ; ജലപീരങ്കിയും,ഇലക്ട്രിക് ലാത്തിയും മുതൽ ഗ്രനേഡ് വരെ പോലീസ് പരീക്ഷിച്ചത് ഞങ്ങളുടെമേൽ ആയിരുന്നു! ഒപ്പം ജയിൽവാസവും. ആദ്യതവണ 24 ദിവസമായിരുന്നു റിമാൻഡ് തടവുകാരിയായി എന്റെ ജയിൽവാസം. പിന്നീട് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ തുനിഞ്ഞപ്പോൾ ഏഴുദിവസം'-സിന്ധുജോയി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ജനകീയ സമരങ്ങളോടും വിദ്യാർത്ഥി പ്രക്ഷോഭങ്ങളോടും പിണറായി സർക്കാരിന്റേത് മൃദുസമീപനമാണെന്ന് പറയാതെ വയ്യ! സെക്രട്ടറിയേറ്റിന്റെ മതിൽചാടി മുഖ്യമന്ത്രിയുടെ ഓഫീസിനുചുവട്ടിലെത്തി മുദ്രാവാക്യം വിളിച്ച പെണ്കുട്ടിയെയൊക്കെ ഇന്നലെ ചാനൽ ചർച്ചകളിൽ കണ്ടപ്പോൾ അത്ഭുതം തോന്നി. ഞങ്ങളൊക്കെ സമരംചെയ്യുന്ന വേളയിൽ ഇതായിരുന്നില്ല അവസ്ഥ; ജലപീരങ്കിയും,ഇലക്ട്രിക് ലാത്തിയും മുതൽ ഗ്രനേഡ് വരെ പോലീസ് പരീക്ഷിച്ചത് ഞങ്ങളുടെമേൽ ആയിരുന്നു! ഒപ്പം ജയിൽവാസവും. ആദ്യതവണ 24 ദിവസമായിരുന്നു റിമാൻഡ് തടവുകാരിയായി എന്റെ ജയിൽവാസം. പിന്നീട് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ തുനിഞ്ഞപ്പോൾ ഏഴുദിവസം!
വിദ്യാർത്ഥിസമരം കഴിഞ്ഞു ഹോസ്റ്റലിൽ എത്തുന്ന വേളയിൽ ശരീരത്തിലെ മുറിവുകളും ചതവുകളും കാട്ടിത്തന്നിരുന്നത് ഹോസ്റ്റലിലെ കൂട്ടുകാരികൾ. പോലീസ് എറിഞ്ഞ ഗ്രനേഡ് വീണ് തകർന്ന ഇടതുകാൽ സൗഖ്യമാകാൻ ആശുപത്രിയിൽ കിടന്നത് എത്രയോ ദിവസങ്ങൾ! ഇപ്പോഴുമുണ്ട് ആ പാദത്തിന് ചില വൈകല്യങ്ങൾ.
ഇത് എന്റെ മാത്രം കഥയല്ല, അന്ന് എസ്എഫ്‌ഐയിൽ പ്രവർത്തിച്ച മിക്ക സഖാക്കളുടെയും അവസ്ഥ ഇതായിരുന്നു. കാലം മാറിയതോടെ സമരരീതികൾ മാറി; സമരത്തെ പോലീസ് കൈകാര്യം ചെയ്യുന്ന രീതിയിലും മാറ്റമുണ്ടായി. സംഭവാമി യുഗേ യുഗേ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |